സച്ചിദാനന്ദന് എഴുത്തച്ഛൻ പുരസ്കാരം

#

തിരുവനന്തപുരം (01.11.2017) : പ്രശസ്ത കവി കെ.സച്ചിദാനന്ദൻ ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് അർഹനായി. മലയാള ഭാഷയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ളതാണ് 5 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരം. തിരുവനന്തപുരത്ത് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലനാണ് അവാർഡ് പ്രഖ്യാപിച്ചത്. കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ ചെയർമാനും  എം.കെ.സാനു, എം. ലീലാവതി, സി.രാധാകൃഷ്ണൻ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് സച്ചിദാനന്ദനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ഒന്നര ലക്ഷം രൂപയായിരുന്ന അവാർഡ് തുക ഈ വര്ഷം മുതലാണ് 5 ലക്ഷമായി ഉയർത്തിയത്.

ചിന്തകൻ, നിരൂപകൻ എന്നീ നിലകളിലും പ്രശസ്‌തനതായ സച്ചിദാനന്ദൻ നൂറു കണക്കിന് അന്യഭാഷാകവിതകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. നാടകകൃത്ത് എന്ന നിലയിലും മൗലികമായ സംഭാവനകൾ നൽകി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് ചർച്ച് കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. കേന്ദ്ര സാഹിത്യ അക്കാഡമി സെക്രട്ടറിയായും അക്കാഡമി പ്രസിദ്ധീകരണമായ ഇന്ത്യൻ ലിറ്ററേച്ചറിന്റെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.