വെളിയം ഭൂമി തട്ടിപ്പ് : വിജിലന്‍സ് ഡയറക്ടറേറ്റ് മാർച്ച് സുധീരന്‍ ഉത്ഘാടനം ചെയ്യും

#

കൊല്ലം (01.11.2017) :  രാഷ്ട്രീയ നേതാക്കളുടേയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ,150 കോടി രൂപ വിലവരുന്ന 60 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി വ്യാജപ്രമാണം ചമച്ച് സ്വകാര്യ വ്യക്തികള്‍ കൈയടക്കിവെച്ചിരിക്കുന്ന വെളിയം മാലയിൽ മലപ്പത്തൂർ ഭൂമി തട്ടിപ്പ് കേസിൽ ഉടൻ  എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ തിരുവനതപുരത്ത് സംസ്ഥാന വിജിലൻസ് ഡയറക്ടർ ഓഫീസിലേക്ക് മാർച്ച് നടത്തും. നവംബർ 8 ന് നടക്കുന്ന മാർച്ച് രാവിലെ 11 ന് വി. എം. സുധീരന്‍ ഉത്ഘാടനം ചെയ്യും. പശ്ചിമഘട്ട സംരക്ഷണസമിതിയുടെയും കൊല്ലംജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപനസമിതിയുടെയും മാലയില്‍ മലപ്പത്തൂര്‍ പരിസ്ഥിതി സംരക്ഷണസമിതിയുടേയും നേതൃത്വത്തിലാണ് മാർച്ച്.

ത്വരിത പരിശോധനയിൽ 150 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ഭൂമിതട്ടിപ്പെന്നാണ് ത്വരിത പരിശോധന നടത്തിയ വിജിലന്‍സ് സംഘം കേസിനെ വിശേഷിപ്പിച്ചത്. സംഭവത്തില്‍ എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണം വൈകിപ്പിക്കുന്നതില്‍ ദുരൂഹത നിലനില്‍ക്കുന്നതായി പരിസ്ഥിതി സംഘടനാ നേതാക്കൾ കൊല്ലത്ത് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

കുറ്റമുണ്ടായിട്ടുണ്ടെന്ന് ത്വരിത പരിശോധനയിൽ തെളിഞ്ഞാൽ കേസ് രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച സുപ്രീം കോടതി നിർദ്ദേശങ്ങൾ ലംഘിച്ചിരിക്കുകയാണ്. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമാണ്  നവമ്പര്‍ 8 ന് തിരുവനന്തപുരത്ത് വിജിലന്‍സ് ഡയറക്ടര്‍ ഓഫീസിലേക്ക് മാര്‍ച്ച്.

ത്വരിത പരിശോധന നടത്തിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒരു സ്‌പെഷ്യല്‍ ടീമിനെകൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ അവശ്യപ്പെട്ടു. 1958ല്‍ ഭൂമി അനുവദിച്ചതിന്റെ രേഖകള്‍ കൊട്ടാരക്കര സബ് രജിസ്ട്രാര്‍ ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ചുവെന്ന വിവരാവകാശ രേഖകളുടെ മറവിലാണ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ സ്വകാര്യവ്യക്തികള്‍ കൈവശപ്പെടുത്തിയത്. 1960 ല്‍ നിലവില്‍ വന്ന സ്‌പെഷ്യല്‍ റൂളിന്റ പേരില്‍ 1958 ല്‍ ഭൂമി അനുവദിച്ചതായ രേഖകള്‍ ഉണ്ടാക്കിയിട്ടുപോലും വസ്തു നിയമപരമായി തിരിച്ചുപിടിക്കാത്ത ജില്ലാഭരണകൂടം ഈ വന്‍തട്ടിപ്പിലെ മുഖ്യപ്രതികളെന്ന് പരിസ്ഥിതി സംഘടനാ പ്രതിനിധികൾ പറഞ്ഞു. എസ് ബാബുജി, റ്റി കെ വിനോദന്‍, അഡ്വ വി കെ സന്തോഷ്‌കുമാര്‍, കെ ഹരിചന്ദ്രന്‍ എന്നിവർ വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു.