സംസ്ഥാന സ്കൂൾ കലോത്സവ മാനുവലിൽ വീണ്ടും മാറ്റം

#

>തിരുവനന്തപുരം (02-11-17) :  സംസ്ഥാന സ്കൂൾ കലോത്സവ മാനുവലില്‍ വീണ്ടും മാറ്റം. മിമിക്രി, നാടോടിനൃത്തം, കഥകളി, ഓട്ടൻതുള്ളൽ എന്നീ ഇനങ്ങൾ ആ‌ൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ച് നടത്താനുള്ള തീരുമാനം മാറ്റി.പരിഷ്കാരത്തിനെതിരെ വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിലാണ് മാറ്റം.

മിമിക്രി, നാടോടിനൃത്തം, കഥകളി, ഓട്ടൻതുള്ളൽ എന്നീവ ആൺ-പെൺ വ്യത്യാസമില്ലാതെ ഒരുമിച്ച് നടത്തിയാൽ ഒരുപാട് വിദ്യാർത്ഥികൾക്ക്  അവസരങ്ങൾ ഇല്ലാതാകുമെന്നായിരുന്നു പരാതി.  മിമിക്രി കലാകാരന്മാരും നൃത്തഅധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ മാനുവൽ പരിഷ്ക്കാരത്തിനെതിരെ സർക്കാരിന് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ്  വിദ്യാഭ്യാസവകുപ്പ് പരിഷ്കരണം ഉപേക്ഷിച്ചത്.

മോണോ ആക്ട്, കേരളനടനം എന്നിവ ഒരുമിച്ച് നടത്തുക, ഗ്രേസ് മാർക്ക് ഒഴിവാക്കുക, മേള ക്രിസ്മസ് അവധിക്കു നടത്തുക എന്നീ നിർദ്ദേശങ്ങൾ സർക്കാർ നേരത്തെ ഉപേക്ഷിച്ചിരുന്നു.അതേ സമയം ഘോഷയാത്ര ഒഴിവാക്കാനുള്ള നിർദ്ദേശം അതെ പാടി തുടരും.  ഏഴ് ദിവസമായിരുന്ന മേള അഞ്ചുദിവസമാക്കി ചുരുക്കിയിട്ടുമുണ്ട്. ജനുവരി ആറുമുതൽ പത്ത് വരെ തൃശൂരിലാണ് മേള.