പശ്ചിമബംഗാളില്‍ നിന്നുള്ള പാഠങ്ങള്‍ പിണറായി പഠിക്കുമോ?

#

(02-11-17) : പശ്ചിമബംഗാളില്‍ 2006-2011 ലെ ഇടതുമുന്നണി ഭരണം ഇടതു പാര്‍ട്ടികള്‍ക്ക് പ്രത്യേകിച്ച് സി.പി.എമ്മിന് ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. സി.പി.എമ്മിന് ഉറച്ച വേരോട്ടമുണ്ടായിരുന്ന സംസ്ഥാനത്ത് നിന്ന് പാര്‍ട്ടി ഏതാണ്ട് തുടച്ചു നീക്കപ്പെട്ട സ്ഥിതിയിലെത്താന്‍ ആ ഭരണം നല്‍കിയ സംഭാവന ചെറുതല്ല. 34 വര്‍ഷം തുടര്‍ച്ചയായി പശ്ചിമബംഗാള്‍ ഭരിച്ച പാര്‍ട്ടി അവസാനത്തെ ടേമിലാണ് ജനങ്ങളില്‍ നിന്നും തീര്‍ത്തും ഒറ്റപ്പെട്ടു പോയത്. നവ ലിബറല്‍ സാമ്പത്തിക നയങ്ങളെ എതിര്‍ക്കുക എന്നത് മുഖ്യ ഉത്തരവാദിത്വമായി ഏറ്റെടുത്ത പാര്‍ട്ടി, അതേ നയങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി പാവപ്പെട്ട ജനങ്ങള്‍ക്കെതിരേ ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണങ്ങളെ ഉപയോഗിക്കുകയായിരുന്നു പശ്ചിമബംഗാളില്‍ അവര്‍ക്കു ലഭിച്ച അവസാന അവസരത്തില്‍.

ഇന്‍ഡോനേഷ്യയിലെ സലിം ഗ്രൂപ്പിന് കെമിക്കല്‍ ഹബ് തുടങ്ങാന്‍ 10000 ഏക്കര്‍ കൃഷിഭൂമിയും സിംഗൂരില്‍ ടാറ്റായ്ക്ക് നാനോകാര്‍ ഫാക്ടറി തുടങ്ങാന്‍ ആയിരത്തോളം ഏക്കര്‍ കൃഷിഭൂമിയും ഏറ്റെടുക്കാന്‍ നടത്തിയ ശ്രമങ്ങളാണ് പശ്ചിമബംഗാളില്‍ സി.പി.എമ്മിന്റെ തകര്‍ച്ചയ്ക്ക് വഴിവെച്ചത്. കിടപ്പാടവും കൃഷിഭൂമിയും നഷ്ടപ്പെടുമെന്ന് ഉറപ്പായ പാവങ്ങള്‍ പാര്‍ട്ടിയെ തങ്ങളുടെ ശത്രുക്കളായി കണ്ടു. മമതാ ബാനര്‍ജി മുതല്‍ മാവോയിസ്റ്റുകല്‍ വരെയുള്ളവര്‍ പാവപ്പെട്ടവരോടൊപ്പം നിന്നു. സി.പി.എമ്മിന്റെ കൊടി പിടിച്ചവരും ആ പാര്‍ട്ടിക്ക് വോട്ടു ചെയ്തവരുമായ പാവപ്പെട്ടവരെ പാര്‍ട്ടി നിഷ്‌കരുണം ശത്രുക്കളുടെ ചേരിയിലേക്ക് തള്ളിവിട്ടു.

നന്ദിഗ്രാമില്‍ പ്രത്യേക സാമ്പത്തിക മേഖലയ്ക്കു വേണ്ടി ഭൂമി നഷ്ടപ്പെട്ടവരും സിംഗൂരിൽ ടാറ്റയ്ക്ക് ഭൂമി നല്‍കിയവരും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായിരുന്നു. കേറിക്കിടക്കാന്‍ ഒരു ചെറിയ കൂരയും കൃഷി ചെയ്യാന്‍ ഇത്തിരി ഭൂമിയും മാത്രമുണ്ടായിരുന്നവര്‍. ഉടുതുണിക്ക് മറുതുണിയില്ലാതിരുന്നവര്‍. അക്ഷരാഭ്യാസമില്ലാത്തവര്‍. പാര്‍ട്ടിക്കു വേണ്ടി അടി കൊള്ളുകയും കൊടി പിടിക്കുകയും വോട്ടു ചെയ്യുകയും മാത്രം ചെയ്തവര്‍. ഒരിക്കലും നേതാക്കളുടെ കസേരയില്‍ ഇരുന്നിട്ടില്ലാത്തവര്‍. പാര്‍ട്ടിക്ക്  അവരെ വേണ്ടാതായി എന്ന് ആ പാവങ്ങള്‍ അറിഞ്ഞത്, അവര്‍ക്കാകെ ഉള്ളതെല്ലാം കവര്‍ന്നെടുത്ത് വന്‍ കുത്തകകള്‍ക്ക് കാഴ്ച വെയ്ക്കാന്‍ പാര്‍ട്ടി നേതാക്കള്‍ ദല്ലാളുകളായി നില്‍ക്കുന്ന കാഴ്ച കണ്ടപ്പോഴാണ്. ചവിട്ടി നിന്ന ഭൂമിയില്‍ നിന്ന് പിടിച്ചിറക്കിയപ്പോള്‍ അവര്‍ തിരിഞ്ഞു നിന്നു പോരാടി. തോക്കു കൊണ്ടും ലാത്തി കൊണ്ടുമാണ് സ്വന്തം പാര്‍ട്ടി അവരെ നേരിട്ടത്.

സിംഗൂരിലും നന്ദിഗ്രാമിലുമുണ്ടായ അടിച്ചമര്‍ത്തലുകള്‍ക്കെതിരായ പ്രതിഷേധം അവിടെ മാത്രം ഒതുങ്ങിനിന്നില്ല. പശ്ചിമബംഗാളിലാകെ പ്രതിഷേധത്തിന്റെ തീ പടര്‍ന്നു. 2011 ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ സി.പി.എം നേതൃത്വത്തിലുള്ള മുന്നണിക്ക് എതിരേ വാശിയോടെ തിരിഞ്ഞു കുത്തി. തെരഞ്ഞെടുപ്പില്‍ തോറ്റു ഭരണം നഷ്ടമായി എന്നു മാത്രമല്ല, പാര്‍ട്ടിയാകെ ജനരോഷത്തിന് ഇരയായി. പല സ്ഥലങ്ങളിലും സി.പി.എം ഓഫീസുകള്‍ ജനങ്ങള്‍ കയ്യേറി. പാര്‍ട്ടി നേതാക്കളെ തെരുവില്‍ തല്ലിച്ചതച്ചു. സി.പി.എംകാരന്‍ എന്നു പറഞ്ഞ് പരസ്യമായി റോഡിലിറങ്ങാന്‍ ഒരാള്‍ക്ക് കഴിയാത്ത സ്ഥിതി പശ്ചിമബംഗാളില്‍ പല സ്ഥലങ്ങളിലുമുണ്ടായി. രക്ഷകര്‍ എന്നു കരുതിയവര്‍ തങ്ങളെ ചതിക്കുകയും ശത്രുവിന് ഒറ്റുകൊടുക്കുകയും ചെയ്തു എന്ന ധാരണയില്‍ നിന്നുണ്ടായ  ജനരോഷത്തിന്റെ ആളിക്കത്തലായിരുന്നു അത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ എല്ലാ തെരഞ്ഞെടുപ്പുകളിലും കൂടുതല്‍ വലിയ തോല്‍വികളാണ് സി.പി.എമ്മിനെ കാത്തിരുന്നത്.

പശ്ചിബംഗാളിലെ തകര്‍ച്ചയുടെ കാരണങ്ങള്‍ മനസ്സിലാക്കാനും പാഠങ്ങള്‍ പഠിക്കാനും കേരളത്തിലെ സി.പി.എമ്മും മന്ത്രിസഭയ്ക്ക് നേതൃത്വം നല്‍കുന്ന പിണറായി വിജയനും തയ്യാറാകുമോ എന്നതാണ് നമ്മളെ സംബന്ധിച്ചിടത്തോളം പ്രസക്തമായ ചോദ്യം. പശ്ചിമബംഗാളിലെ സ്ഥിതി അതേപോലെ കേരളത്തില്‍ നിലനില്‍ക്കുന്നു എന്ന് പറയാനാവില്ല. സിംഗൂരും നന്ദിഗ്രാമുമല്ല കീഴാറ്റൂരും മുക്കവും പുതുവൈപ്പും. സ്വകാര്യ കുത്തകകള്‍ക്കു വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളല്ല അവിടെയുള്ളത്. വിഴിഞ്ഞത്തിന്റെ കരാര്‍ ഒപ്പിട്ടത് ഇടതുമുന്നണി മന്ത്രിസഭയല്ല. അതൊക്കെയാണെങ്കിലും അടിസ്ഥാനപരമായ സമീപനത്തില്‍ പശ്ചിമബംഗാളിലെ ഇടതുസര്‍ക്കാരില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്താന്‍ പിണറായി സര്‍ക്കാരിന് കഴിയുമോ എന്നതാണ് പ്രശ്‌നം.

എന്താണ് വികസനം എന്ന അടിസ്ഥാനപരമായ ചോദ്യത്തിന് ഉത്തരം പറയാന്‍ ഇടതു മുന്നണിക്ക് ബാധ്യതയുണ്ട്. "വികസനത്തിന്റെ" ഇരകളാകുന്ന മനുഷ്യരോട് പൊതുതാല്‍പ്പര്യത്തിനുവേണ്ടി ത്യാഗം സഹിക്കണമെന്ന മന്ത്രമുരുക്കഴിക്കുന്നവര്‍, ത്യജിക്കാനൊന്നുമില്ലാത്തവരോടാണ് ഇത് പറയുന്നതെന്ന് മനസ്സിലാക്കണം. തങ്ങളുടെ തലയ്ക്കു മുകളിലും വീട്ടുമുറ്റത്തും "നിങ്ങള്‍" വരുത്തുന്ന "വികസനത്തെ"ക്കുറിച്ച് ആശങ്കയുണ്ടെന്ന് പറയുന്നവരെ ബലപ്രയോഗം കൊണ്ട് നിശബ്ദരാക്കാമെന്ന് കരുതരുത്. "വിഴിഞ്ഞത്തിനുവേണ്ടി ഒപ്പ് വെച്ച കരാറില്‍ മുഴുവന്‍ അഴിമതിയാണ്, പക്ഷേ, പദ്ധതി നടപ്പാക്കുക തന്നെ ചെയ്യും" എന്ന് പറയുന്നതിലെ യുക്തിയും ധാര്‍മ്മികതയും ചോദ്യം ചെയ്യുന്നവരെ തീവ്രവാദികള്‍ എന്ന് മുദ്രകുത്തി ഭയപ്പെടുത്താമെന്ന് കരുതരുത്. കേരളത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലെ പാറമടകള്‍ മുഴുവന്‍ ഇടിച്ചുനിരത്തി സംസ്ഥാനത്തിന്റെ നിലനില്‍പ്പുതന്നെ പാറമാഫിയ ഇല്ലാതാക്കുമ്പോള്‍, പാറഖനനം പൊതുമേഖലയിലാക്കും എന്ന ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ ക്കുറിച്ച് ഓര്‍മിപ്പിക്കുന്നവരെ പോലീസിനെ കാണിച്ച് ഭീഷണിപ്പെടുത്തി പ്രശ്‌നം പരിഹരിക്കാനാവില്ല. സംസ്ഥാനത്തിനുളളില്‍ 4 വിമാനത്താവളങ്ങളും സംസ്ഥാനത്തോട് തൊട്ടുചേര്‍ന്ന് 2 വിമാനത്താവളങ്ങളുമുള്ളപ്പോള്‍, ശബരിമലയില്‍ ആരും ആവശ്യപ്പെടാതെ, പുതിയൊരു വിമാനത്താവളം കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുന്നവരോട് ഭീഷണിയുടെ സ്വരം മതിയാവില്ല.

സ്വന്തം കിടപ്പാടം നഷ്ടപ്പെടും എന്ന ആശങ്കയില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവരെ പോലീസിനെ ഉപയോഗിച്ച് നേരിടുകയും കായലും സര്‍ക്കാര്‍ ഭൂമിയും കയ്യേറിയ തോമസ് ചാണ്ടിയെ മന്ത്രിക്കസേരയില്‍ സംരക്ഷിക്കുകയും ചെയ്യുമ്പോള്‍ പശ്ചിമബംഗാളിന്റെ പ്രേതം കേരളത്തെയും ബാധിക്കുമോ എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ? അധികാരത്തിന്റെ മത്ത് തലയ്ക്കു പിടിക്കുകയും അതിന്റെ ലഹരിയില്‍ സാധാരണക്കാരെ പുഴുക്കളായി കാണുകയും ചെയ്ത ധിക്കാരമാണ് പശ്ചിമബംഗാളില്‍ സി.പി.എം ഭരണത്തിന് അന്ത്യം കുറച്ചത്. ജനങ്ങളെ സേവിക്കാന്‍ അവര്‍ നല്‍കുന്ന ഉപാധിയാണ് അധികാരം എന്ന തിരിച്ചറിവോടെ പ്രശ്‌നങ്ങളെ സമീപിക്കാന്‍ പിണറായി വിജയനും ഇടതുമുന്നണിക്കും കഴിഞ്ഞില്ലെങ്കില്‍ അപകടത്തിലേക്കായിരിക്കും പോക്ക്. ചുരുക്കിപ്പറഞ്ഞാല്‍ തോമസ് ചാണ്ടിയല്ല, സാധാരണ  ജനങ്ങളാണ് തങ്ങളുടെ സ്വാഭാവിക ബന്ധുക്കളെന്ന തിരിച്ചറിവ് ഈ വൈകിയ വേളയിലെങ്കിലും പിണറായി വിജയനും ഇടതുമുന്നണി നേതൃത്വത്തിനുമുണ്ടാകണം.