ജിഷ്ണു കേസ് സി.ബി.ഐ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി

#

ന്യൂഡൽഹി (03-11-17) : ജിഷ്ണുപ്രണോയ് കേസിൽ ഈ മാസം ഏഴിനകം സി.ബി.ഐ നിലപാട് അറിയിക്കണമെന്ന സുപ്രീംകോടതി അല്ലാത്ത പക്ഷം സ്വന്തം നിലക്ക് ഉത്തരവിറക്കുമെന്നും കോടതി പറഞ്ഞു. സംസ്ഥാന പോലീസ് അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിനാൽ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ സമർപ്പിച്ച ഹർജിയിലാണ് കോടതി സി.ബി.ഐയോട് മറുപടി ആവശ്യപ്പെട്ടത്.

എന്നാൽ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിൽ നിന്നുള്ള അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും കേസ് ഏറ്റെടുക്കുന്നത്തിൽ തീരുമാനം ആയില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. കേസ് ഏറ്റെടുക്കണമെന്ന സർക്കാർ വിജ്ഞാപനം അഞ്ച് മാസം മുമ്പ് ഇറക്കിയിരുന്നു. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ലെന്നാണ്  ഇപ്പോൾ സി.ബി.ഐയിൽ കോടതിയിൽ നൽകിയ മറുപടിയിൽ നിന്ന് വ്യക്തമാകുന്നത്.

കേസിന്റെ തുടക്കത്തിൽ തെളിവുകൾ ശേഖരിക്കുന്നതിൽ ഉൾപ്പെടെ വരുത്തിയ വീഴ്ച മൂലം സംസ്ഥാന പോലീസ് 10 മാസമായി അന്വേഷിച്ചിട്ടും കാര്യമായി ഒന്നും കണ്ടെത്തിയില്ല. ഉന്നതരായ പ്രതികൾ അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യത ഉണ്ടെന്നും അതിനാൽ കേസ് സി.ബി.യ്ക്ക് വിടണമെന്നുമാണ് മഹിജ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.