ഐസക്കിന്റെ കേരളം : അല്പം ചില വിവരങ്ങൾ കൂടി

#

(03-11-17) ; വാഷിംഗ്‌ടൺ പോസ്റ്റുകാര് ക്യൂബയിൽ കാണാത്ത കമ്മൂണിസം കണ്ടു പിടിച്ച കേരളത്തിലെ, അവർ പറയാത്ത, ഒരു ചെറിയ സാമ്പത്തിക വിവരം കൂടി.

കേരളത്തിന്റെ മൊത്തം സമ്പദ് വ്യവസ്ഥയുടെ 62 ശതമാനം തൃതീയ മേഖല(tertiary sector)യിലാണ്. 26 ശതമാനം ദ്വിതീയ മേഖല(secondary sector)യിൽ.ബാക്കി വരുന്ന 12 ശതമാനം മാത്രമാണ് പ്രാഥമിക മേഖല (primary sector).

എന്താണ് കേരളത്തിന്റെ തൃതീയ മേഖല(tertiary sector) ? - റിയൽ എസ്റ്റേറ്റ്, കച്ചവടം തുടങ്ങിയവ.

ദ്വിതീയ മേഖല(secondary sector)? - കെട്ടിട നിർമാണം, നിർമ്മാണം (manufacturing) (രണ്ടാമത് പറഞ്ഞത് പേരിനു അവിടെയും ഇവിടെയും കണ്ടാലായി)

പ്രാഥമിക മേഖല (primary sector).? - കൃഷി, ഖനനം തുടങ്ങിയവ.

ഇതിൽ വളർച്ചയുള്ളതു ഒന്നിലും (8.6%) രണ്ടിലും (8%) മാത്രം. കാരണം ഗൾഫ് മലയാളികൾ വർഷം ഒന്നര ലക്ഷം കോടി രൂപ ഇങ്ങോട്ടയയ്ക്കുമ്പോൾ, അതിന്റെ സിംഹ ഭാഗവും പോകുന്നത് റിയൽ എസ്റ്റേറ്റിലും കെട്ടിടം പണിയിലും.  ഇതിന്റെ ദല്ലാൾ പണിയും ആധാരം പണിയും പിന്നെ സ്വന്തം വസ്തുക്കൾ ഉപയോഗിച്ച് വിൽക്കലും വാങ്ങലും ചേരുന്ന മറ്റൊരു ഇക്കോ സിസ്റ്റം ഇതോടുചേർന്ന് തഴച്ചു വളരുന്നു.

കൃഷിയിലോ? വളർച്ച നെഗറ്റീവ്.   -1.3 ശതമാനം.

അതായത് റിയൽ എസ്റ്റേറ്റും, കെട്ടിട നിർമാണവും ഇല്ലെങ്കിൽ ഈ കമ്മൂണിസം, ഇവർ പറയുന്ന മോഡൽ തീർന്നു.  വേണ്ടത്ര ആഭ്യന്തര ഉത്പാദനമോ കൃഷിയോ ഇല്ലാതെ ഇത് രണ്ടും ഇങ്ങനെ നില നിർത്താൻ വേണ്ട പണം എവിടുന്നു വരുന്നു? ഈ പണമാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് നമ്മളെ വ്യത്യസ്തരാക്കുന്നത്. അല്ലാതെ "കമ്മ്യൂണിസ്റ്റ്" ഭരണമല്ല. ഉമ്മൻ ചാണ്ടി ഭരിക്കുമ്പോഴും ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ. 60 വർഷത്തിനിടയിൽ കേരളത്തിൽ കഷ്ടിച്ച് 20 വർഷമാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ള സി.പി.എം മുഖ്യമന്ത്രിമാർ ഭരിച്ചിട്ടുള്ളത്. കോൺഗ്രസ്, സി.പി.ഐ മുഖ്യമന്ത്രിമാരാണ് ബാക്കിയുള്ള കാലം ഭരിച്ചത്. അവിഭക്ത സി.പി.ഐയുടെ 28 മാസവും പട്ടം താണുപിള്ളയുടെ (പി.എസ്.പി ) രണ്ടു വർഷവും സി.എച്ച്.മുഹമ്മദ് കോയയുടെ രണ്ടു മാസവും രണ്ടു വർഷത്തെ പ്രസിഡന്റ് ഭരണവും വേറെ.

നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയിലുണ്ടായ മാറ്റങ്ങൾ? അത് തുടങ്ങിയത് മുപ്പതുകളിലോ അൻപതുകളിലോ അല്ല. തീർച്ചയായും തൊഴിലാളി- കർഷക പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടിയും കേരളത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. പക്ഷേ , ഇന്ന് മാർക്സിസ്റ്റ് പാർട്ടി അഥവാ സി.പി.എം എന്നറിയപ്പെടുന്ന കൂട്ടർ ചെയ്യുന്ന കലാപരിപാടികളായിരുന്നില്ല ആദ്യകാല കമ്മ്യൂണിസ്റ്റുകാർ ചെയ്തത്. രണ്ടും തമ്മിൽ താരതമ്യങ്ങളില്ല.

കമ്മ്യൂണിസ്റ്റ് പാർട്ടിയും തൊഴിലാളി പ്രസ്ഥാനവും പ്രവർത്തനം ആരംഭിക്കുന്നത് ശ്രീനാരായണഗുരുവും അയ്യങ്കാളിയും ഉൾപ്പെടെയുമുള്ളവരുടെ നേതൃത്വത്തിൽ നടന്ന സാമൂഹ്യ മുന്നേറ്റങ്ങൾ വലിയ മാറ്റങ്ങൾ സൃഷ്ട്ടിച്ച ഭൂമിയിലാണ്. അതിനു മുമ്പ് കൃസ്ത്യൻ മിഷനറിമാരുടെ വരവ്, പുറംരാജ്യങ്ങളുമായി നമുക്കുണ്ടായിരുന്ന കച്ചവട ബന്ധങ്ങൾ, ലോകത്തെവിടെയും പോയി കഠിനാധ്വാനം ചെയ്യാൻ വളരെ മുമ്പ് മുതലേ മലയാളികൾ കാട്ടിയ സന്നദ്ധത , അങ്ങനെ ചരിത്രപരമായ നിരവധി കാരണങ്ങളുണ്ട് ഇന്നത്തെ കേരളം രൂപപ്പെടുന്നതിന്. അതൊന്നും കാണാതെ തോമസ് ഐസക് മന്ത്രികവിദ്യയിലൂടെ സൃഷ്ടിച്ചെടുത്ത അത്ഭുതമാണ് കേരളം എന്ന് അച്ചടിച്ച് വച്ചോളൂ. കേരളത്തിൽ അത് ചെലവാകുമെന്ന് കരുതരുത്.