വികസനത്തിന്റെ പേരില്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ വന്‍ അഴിമതി : രാഹുല്‍

#

അഹമ്മദാബാദ് (03-11-17) : വികസനത്തിനെന്ന പേരില്‍ കര്‍ഷകരില്‍ നിന്ന് ഭൂമി ഏറ്റെടുക്കുന്നത്  സര്‍ക്കാരിന്റെ ഏറ്റവും വലിയ അഴിമതിയുടെ ഉറവിടമായി മാറിയെന്ന് രാഹുല്‍ഗാന്ധി. ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍, ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ സമഗ്രമായ മാറ്റം വരുത്തുമെന്ന് രാഹുല്‍ പറഞ്ഞു. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മൂന്നാമത്തെ ദിവസം ദക്ഷിണ ഗുജറാത്തിലെ കര്‍ഷകരുമായുളള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍.

ഭൂമി നഷ്ടപ്പെട്ടവരും ഭൂമി ഏറ്റെടുക്കാന്‍ നോട്ടീസ് ലഭിച്ചവരുമായ കര്‍ഷകര്‍ രാഹുല്‍ഗാന്ധിയെ കണ്ട് പരാതികള്‍ പറഞ്ഞു. ഡല്‍ഹി-മുംബൈ വ്യവസായ ഇടനാഴിയ്ക്കു വേണ്ടിയും വാപി-വദോദ്ര എക്‌സ്പ്രസ് വേയ്ക്ക് വേണ്ടിയും, വരാനിരിക്കുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കുവേണ്ടിയും തങ്ങളുടെ ഭൂമി അനുവാദം ചോദിക്കാതെ ഏറ്റെടുക്കുകയായിരുന്നുവെന്ന് കര്‍ഷകര്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ നിയമത്തെ ബിസിനസുകാര്‍ക്ക് വേണ്ടി അട്ടിമറിക്കാന്‍ നരേന്ദ്രമോദി ശ്രമിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. കര്‍ഷകരുടെ അനുമതിയില്ലാതെ ഭൂമി ഏറ്റെടുക്കാന്‍ പാടില്ലെന്നും ഏറ്റെടുക്കുന്ന ഭൂമിക്ക് വിലയുടെ 4 മടങ്ങ് നഷ്ടപരിഹാരം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ഷകര്‍ക്കനുകൂലമായ നയങ്ങളാകും നടപ്പാക്കുക എന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി.