ഹിന്ദി എഴുത്തുകാരി കൃഷ്ണ സോംബ്തിക്ക് ജ്ഞാനപീഠം

#

ന്യൂഡല്‍ഹി (03-11-17) : പ്രമുഖ ഹിന്ദി നോവലിസ്റ്റും കഥാകൃത്തും എഴുത്തുകാരിയുമായ കൃഷ്ണ സോംബ്തി ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരത്തിന് അര്‍ഹയായി. ഇന്ത്യന്‍ സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് 11 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം.

ഇപ്പോള്‍ പാകിസ്ഥാനിന്റെ ഭാഗമായ പഞ്ചാബിലെ ഗുജറാത്തില്‍ 1925 ല്‍ ജനിച്ച കൃഷ്ണ വിഭജനത്തിന് ശേഷം ഇന്ത്യയില്‍ താമസമാക്കി. പ്രശസ്ത ഡോഗ്രി എഴുത്തുകാരന്‍ ശിവനാഥാണ് ഭര്‍ത്താവ്. 70-ാമത്തെ വയസ്സിലായിരുന്നു കൃഷ്ണ ശിവനാഥിനെ വിവാഹം കഴിച്ചത്. ജീവിതത്തിലും സാഹിത്യത്തിലും ഒരു പോലെ ധീരത പുലര്‍ത്തിയ എഴുത്തുകാരിയാണ് കൃഷ്ണ സോംബ്തി. വിവാഹിതയായ ഒരു സ്ത്രീയുടെ ലൈംഗിക ജീവിതത്തെ ധീരമായി ആവിഷ്‌കരിച്ച മിത്രൊ മാരജനി എന്ന നോവലിലൂടെയാണ് കൃഷ്ണ സോംബ്തി ഹിന്ദി സാഹിത്യത്തില്‍ ലബ്ധ പ്രതിഷ്ഠ നേടിയത്.