സൂറത്തിൽ ബിജെപിയെ ഞെട്ടിച്ച് രാഹുലിന്റെ റാലി

#

സൂറത്ത് (06-11-17) : സ്വന്തം തട്ടകത്തിൽ കാലിടറുന്നതിന്റെ അങ്കലാപ്പിലാണ് ബിജെപി. സമൂഹ മാധ്യമങ്ങളിലൂടെയും പൊതുവേദികളിലും കോൺഗ്രസിനെയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെയും ആവും വിധം അപമാനിച്ചിട്ടും രാഹുലിന്റെ ജനപിന്തുണ നാൾക്കുനാൾ ഏറിവരുന്നതാണ് ബിജെപിയുടെ ഉറക്കം കെടുത്തുന്നത്. പ്രധാനമന്ത്രി മോദിയെയും ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായെയും ഇറക്കി പ്രചാരണം നടത്തിയിട്ടും ജനങ്ങൾ ഒഴുകിയെത്തുന്നത് രാഹുൽ ഗാന്ധിയുടെ റാലിയിൽ. സൂറത്തിലെ വാരച്ചയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കു ലഭിച്ച സ്വീകരണം ബി.ജെ.പിയെ ഞെട്ടിച്ചിരിക്കുകയാണ്. രണ്ടുപതിറ്റാണ്ടായി കൈവശം വച്ചിരിക്കുന്ന മണ്ഡലം കൈവിട്ടുപോകാതിരിക്കുന്നതിനായി തലപുകയ്ക്കുകയാണ് ബിജെപി നേതൃത്വം.

പട്ടേൽ സമുദായത്തിന് മുൻതൂക്കമുള്ള വാരച്ചയില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി രാഹുല്‍ഗാന്ധി പങ്കെടുത്ത പൊതുയോഗത്തില്‍ വന്‍ജനപങ്കാളിത്തമാണ് ഉണ്ടായത്. വാരച്ചയില്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ കോണ്‍ഗ്രസിന്റെ ഒരു പൊതുയോഗത്തില്‍ ഇത്രയധികം ആളുകള്‍ എത്തുന്നത് ആദ്യമായാണെന്ന് എതിരാളികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഗുജറാത്തില്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ സൂറത്തില്‍ ജി.എസ്.ടി അടക്കമുള്ള വിഷയങ്ങളില്‍ വ്യാപാരികൾ ഉൾപ്പെടെയുള്ള സമൂഹത്തിന് ബി.ജെ.പിയോടുള്ള അതൃപ്തിയാണ് രാഹുൽ ഗാന്ധിയുടെ റാലിയിലേക്ക് ജനങ്ങളെ എത്തിച്ചതിന്റെ അടിസ്ഥാനം. ജി.എസ്.ടി ഉണ്ടാക്കിയ പ്രതിസന്ധി മൂലം ദീപാവലി നാളുകളിൽ പോലും സൂറത്തിൽ മിക്ക കച്ചവട സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയായിരുന്നു. വജ്രവ്യാപാരത്തിന് പേരുകേട്ട ഇവിടെ തുറന്നു പ്രവർത്തിച്ചവയിൽ കച്ചവടവും വളരെ കുറവായിരുന്നു. നോട്ട് നിരോധനം, ജി.എസ്.ടി എന്നിങ്ങനെയുള്ള നയങ്ങൾ മൂലം ബിജെപിയോടുള്ള അകലം ഇവരെ കോൺഗ്രസിനോട് അടുപ്പിക്കുന്നതായാണ് ഓരോ റാലിയും തെളിയിക്കുന്നത്.

അടുത്തിടെ സൂറത്തില്‍ ബി.ജെ.പി നടത്തിയ പല റാലികളിലും ജനപങ്കാളിത്തത്തില്‍ വലിയ കുറവാണുണ്ടായത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത യോഗം ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ട അവസ്ഥയും വന്നിരുന്നു. തെരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കമിട്ട് അമിത് ഷാ സെപ്റ്റംബർ 8 നു വിളിച്ചുചേര്‍ത്ത യോഗമാണ് പട്ടേല്‍ സമുദായത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് അലങ്കോലമായത്.

കോൺഗ്രസിന്റെ റാലിയിലെ ജനപങ്കാളിത്തം ബിജെപി നേതൃത്വത്തെ ഒട്ടൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. റാലിയിലെ ജനപങ്കാളിത്തത്തെ വ്യാജ വീഡിയോകൾ ഉപയോഗിച്ച് പ്രതിരോധിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. റാലിയിൽ പങ്കെടുക്കുന്നവർ ബിജെപി അനുകൂല മുദ്രാവാക്യം വിളിക്കുന്നതായുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണിപ്പോൾ.