ഹാദിയ സുരക്ഷിതയെന്ന് ദേശീയ വനിതാ കമ്മീഷൻ അംഗം രേഖ ശർമ്മ

#

വൈക്കം (06-11-17) : ഹാദിയ വീട്ടുതടങ്കലിൽ ആണെന്നും ഗാർഹിക പീഡനം നേരിടുന്നുവെന്നുമുള്ള വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ദേശീയ വനിതാ കമ്മീഷൻ അംഗം രേഖ ശർമ്മ. ഹാദിയ വീട്ടിൽ സുരക്ഷിതയാണെന്നും ദേശീയ വനിതാ കമ്മീഷൻ അംഗം പറഞ്ഞു. വൈക്കത്തെ വീട്ടിൽ എത്തി ഹാദിയയെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അവർ. ഹാദിയക്കൊപ്പമുള്ള ചിത്രങ്ങളും രേഖ ശർമ്മ മാധ്യമ പ്രവർത്തകരെ കാണിച്ചു. ചിരിച്ചു സന്തോഷവതിയായി ഇരിക്കുന്ന ഹാദിയ ഈ മാസം 27 നു സുപ്രീംകോടതിയിൽ ഹാജരാകുന്നതിനായി കാത്തിരിക്കുകയാണെന്നും രേഖ ശർമ്മ പറഞ്ഞു.

ഹാദിയയുടെ ആരോഗ്യ സ്ഥിതി വീട്ടിലെ അന്തരീക്ഷം തുടങ്ങിയവ നേരിട്ട് മനസിലാക്കുന്നതിനാണ് ഹാദിയയെ സന്ദർശിച്ചതെന്ന് രേഖ ശർമ്മ പറഞ്ഞു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. രക്ഷിതാക്കളിൽ നിന്ന് ഒരുതരത്തിലുള്ള പീഡനവും ഉണ്ടാകുന്നില്ല. ഹാദിയയുടെ കാര്യത്തിൽ നടന്നത് ലവ്ജിഹാദല്ല മറിച്ച് നിർബന്ധിത മതപരിവർത്തനം ആണെന്നും കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ച ശേഷം വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകുമെന്നും രേഖ ശർമ്മ പറഞ്ഞു. പക്ഷേ, ഹാദിയ എന്ത് പറഞ്ഞുവെന്ന് വെളിപ്പെടുത്താൻ അവർ തയ്യാറായില്ല. കോടതി എല്ലാം വ്യക്തമാക്കുമെന്നായിരുന്നു അതേക്കുറിച്ച് ചോദിച്ചപ്പോൾ ദേശീയ വനിതാക്കമ്മീഷൻ അംഗത്തിന്റെ മറുപടി.