ആരോഗ്യ വിദഗ്ദ്ധരുടെ ഉറക്കം കെടുത്തി സൂപ്പർ ബഗ്ഗുകൾ

#

(07-11-17) : ആന്റിബയോട്ടിക് മരുന്നുകളുടെ പ്രതിരോധം തകർത്ത് അതിവേഗം മനുഷ്യനെ മാരകരോഗങ്ങൾക്ക് അടിമയാക്കുന്ന സൂപ്പർ ബഗ്ഗ് ബാക്ടീരിയകൾ പെരുകുന്നത് ആരോഗ്യരംഗത്തെ വിദഗ്ദ്ധരെ ആശങ്കയിലാഴ്ത്തുന്നു. നിർമ്മാർജ്ജനം ചെയ്തു എന്ന് കരുതപ്പെട്ട പല പകർച്ചവ്യാധികളും തിരിച്ചു വരികയോ, പുതിയ പകർച്ചവ്യാധികൾ രൂപപ്പെടുകയോ ചെയ്യാനുള്ള അത്യധികം അപകടകരമായ സാധ്യത നിലനിൽക്കുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ആന്റീബയോട്ടിക്കുകളുടെ ഉപയോഗം

ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷിയെ കീഴ്‌പ്പെടുത്തി രോഗോണുക്കൾ (ബാക്ടീരിയ, വൈറസ്,ഫംഗസ്) പെരുകുകയും ഒരാൾ രോഗത്തിനടിപ്പെടുകയും ചെയ്യുമ്പോൾ, രോഗനിവാരണത്തിനായി ഉപയോഗിക്കപ്പെടുന്ന മരുന്നുകളെയാണ് ആന്റീബയോട്ടിക്കുകൾ എന്ന് വിളിക്കുന്നത്. ബാക്ടീരിയയുടെ കോശഭിത്തി തകർത്ത് അവയെ കൊല്ലുകയോ കോശവിഭജനം തടഞ്ഞ് വർധന തടയുകയോ ആണ് മിക്ക ആന്റീബയോട്ടിക്കുകളുടെയും  പ്രവർത്തന രീതി. എന്നാൽ സൂപ്പർ ബഗ്ഗ് വിഭാഗത്തിൽ പെടുന്ന ബാക്ടീരിയകൾ സ്വയം ആർജ്ജിച്ചെടുത്ത ജനിതക വ്യതിയാനത്തിലൂടെ (GENE MUTATION) ആന്റീബയോട്ടിക്കുകളുടെ ആന്റീ ബാക്ടീരിയൽ ശേഷിയെ മറികടക്കുന്നു. (നിശ്ചിതമായ കോശഭിത്തി ഇല്ലാത്തതിനാൽ വൈറസുകൾക്കെതിരേ ആന്റിബയോട്ടിക്കുകൾ ഫലപ്രദമല്ല.)

നിരുപദ്രവകാരികളായ ബാക്ടീരിയകളും താരതമ്യേന ലഘുവായ അസുഖങ്ങൾ വരുത്തുന്ന ബാക്ടീരിയകളും ജനിതകമാറ്റത്തിലൂടെ ഗുരുതരമായ രോഗകാരികളായി മാറുന്നു. സ്പർശനത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ഇവയ്ക്ക് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനാകും. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കുന്ന കാർബോപെനം വിഭാഗത്തിൽ പെടുന്ന ശക്തിയേറിയ മൂന്നാംതലമുറ ആന്റീബയോട്ടിക്കുകളുടെ പ്രതിരോധത്തെ പോലും സൂപ്പർ ബഗ്ഗുകൾ മറികടക്കുന്നത് ചികിത്സ സങ്കീർണ്ണമാക്കുന്നു.

ആശുപത്രി കിടക്കകൾ, ഒപ്പറേഷൻ തിയേറ്റർ, ഒപ്പറേഷനുവേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ലേബർ റൂം എന്നിവയിൽ നിന്നും സൂപ്പർ ബഗ്ഗ് ഇൻഫെക്ഷന് വിധേയരായവർ നിരവധിയാണ്. രോഗപ്രതിരോധശേഷി പൊതുവേ കുറഞ്ഞിരിക്കുന്ന അവസ്ഥയിൽ ഉണ്ടാകുന്ന സൂപ്പർബഗ്ഗ് ആക്രമണം മിക്കപ്പോഴും മരണകാരണമാകുന്നു. രക്തത്തിലെ അണുബാധ (സെപ്റ്റീസീമിയ), ഹൃദയത്തെ ബാധിക്കുന്ന എൻഡോകാർഡൈറ്റിസ്, മൂത്രാശയ രോഗങ്ങൾ, രോഗപ്രതിരോധമാർജ്ജിച്ച ക്ഷയരോഗം എന്നിവയ്ക്ക് സൂപ്പർ ബഗ്ഗുകൾ കാരണമാകുന്നു.

സ്വയം മരുന്നുപയോഗിക്കുന്ന രീതി ഉപേക്ഷിക്കുകയും, ആന്റീബയോട്ടിക്കുകളുടെ ഉപയോഗത്തിന് കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരികയും ഗുണനിലവാരമുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്തില്ലെങ്കിൽ ആന്റീബയോട്ടിക് മരുന്നുകൾ കണ്ടുപിടിക്കുന്നതിന് മുമ്പുള്ള യുഗത്തിലേക്കായിരിക്കും ആരോഗ്യരംഗം എത്തിച്ചേരുക.