ചാണ്ടിക്കെതിരായ കോടതി പരാമര്‍ശം സി.പി.ഐ നേതാവിന്റെ ഹര്‍ജിയില്‍

#

തൃശൂര്‍ (08-11-17) : ഭൂമിയില്ലാത്തവര്‍ 5 സെന്റ് വയല്‍ നികത്തിയാല്‍ ബുള്‍ഡോസര്‍ ഉപയോഗിക്കുന്നവര്‍ തോമസ് ചാണ്ടിയുടെ നിയമലംഘനത്തില്‍ നടപടി എടുക്കാത്തതെന്താണ് എന്ന സര്‍ക്കാരിനെ പിടിച്ചു കുലുക്കുന്ന ഹൈക്കോടതിയുടെ ചോദ്യം ഉയര്‍ന്നത് ഇടതുമുന്നണിയിലെ ഘടകക്ഷിയായ സി.പി.ഐയുടെ പ്രാദേശിക നേതാവിന്റെ ഹര്‍ജിയില്‍. നിയമനിഷേധങ്ങള്‍ക്കെതിരായ സമരങ്ങളില്‍ സജീവമായ പങ്കാളിത്തം വഹിക്കുന്ന ടി.എന്‍.മുകുന്ദന്‍ എന്ന സി.പി.ഐ പ്രവര്‍ത്തകനാണ് തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ സമീപനത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയ തൃശൂർ ജില്ലാ കളക്ടർ എ.കൗശികന് എതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് മുകുന്ദന്റെ ഹര്‍ജിയിലായിരുന്നു.

വയലും കായലും നികത്തുക വഴി തണ്ണീര്‍ത്തട സംരക്ഷണ നിയമവും സര്‍ക്കാര്‍ ഭൂമി കയ്യേറുക വഴി ഭൂവിനിയോഗ നിയമവും തോമസ് ചാണ്ടി ലംഘിച്ചു എന്ന് വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ടാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ റവന്യൂമന്ത്രിക്ക് സമര്‍പ്പിച്ചതെന്നും ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടിക്കെതിരേ നടപടി സ്വീകരിക്കാതിരിക്കുക വഴി നിയമലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും മുകുന്ദന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

29 വര്‍ഷമായി സി.പി.ഐ അംഗമായി പ്രവര്‍ത്തിക്കുന്ന മുകുന്ദന്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇപ്പോള്‍ പാര്‍ട്ടി വരന്തരപ്പള്ളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും അഖിലേന്ത്യാ കിസാന്‍സഭ തൃശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗവുമാണ്. തണ്ണീര്‍ത്തട സംരക്ഷണ നിയമം നടപ്പിലാക്കുന്നതിന് നേതൃത്വം നല്‍കിയ പാര്‍ട്ടിയാണ് സി.പി.ഐ എന്നും നിയമലംഘനങ്ങള്‍ക്ക് എതിരായ സമരത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും മുകുന്ദന്‍ ലെഫ്റ്റ് ക്ലിക് ന്യൂസിനോട് പറഞ്ഞു.

തോമസ് ചാണ്ടിക്കെതിരേ വിജിലന്‍സ് ത്വരിത പരിശോധന നടത്താന്‍ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടത് ഭരണകക്ഷിയായ ജനതാദള്‍ (സെക്യുലര്‍) ആലപ്പുഴജില്ലാ സെക്രട്ടറിയുടെ പരാതിയിലാണ്. ഇപ്പോള്‍ ഹൈക്കോടതി സര്‍ക്കാരിനെതിരേ ശക്തമായ വിമര്‍ശനം ഉന്നയിച്ചത് സി.പി.ഐ നേതാവിന്റെ ഹര്‍ജിയില്‍. സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കാന്‍ ഭരണമുന്നണി ഘടകകക്ഷികളുടെ പ്രവര്‍ത്തകര്‍ക്കു പോലും കോടതിയെ ആശ്രയിക്കേണ്ടി വരുന്നു എന്നത് ഇടതുമുന്നണിയുടെ പ്രതിച്ഛായയ്ക്ക് സൃഷ്ടിക്കുന്ന ഇടിവ് ചെറുതല്ല.