ഉമ്മൻചാണ്ടിയും കൂട്ടരും സാമ്പത്തിക-ലൈംഗിക ചൂഷണങ്ങൾ നടത്തിയെന്ന് കമ്മീഷൻ

#

തിരുവനന്തപുരം (09-11-17) : സോളാർ തട്ടിപ്പിനായി മുഖ്യമന്ത്രിയുടെ ഓഫീസ് സരിതയെ വഴിവിട്ട് സഹായിച്ചു, സഹായങ്ങൾക്ക് പ്രതിഫലമായി പണം കൈപ്പറ്റി, കൂടാതെ സരിതയെ ശാരീരികമായി ഉപയോഗിച്ച് ലൈംഗിക സംതൃപ്തി നേടുകയും ചെയ്തു തുടങ്ങി യു.ഡി.എഫിനും കോൺഗ്രസിനും ഒന്നടങ്കം കനത്ത പ്രഹരം നൽകുന്ന പരാമർശങ്ങൾ തന്നെയാണ് സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ കാതൽ. മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ വച്ച സോളാർ കമ്മീഷൻ റിപ്പോർട്ടിൽ ഉമ്മൻചാണ്ടിയെയും കോൺഗ്രസ് എം.എൽ.എ മാരെയും പ്രതിക്കൂട്ടിൽ നിർത്തുന്ന നിരവധി കണ്ടെത്തലുകളാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ അക്കമിട്ട് നിർത്തിയിരിക്കുന്നത്. സരിതയുമായി ഉമ്മൻ ചാണ്ടിക്ക് മുൻ പരിചയം ഉണ്ടായിരുന്നു അവരുടെ ക്രിമിനൽ പശ്ചാത്തലം അറിയാമായിരുന്നു എന്നീ കണ്ടെത്തലുകളും റിപ്പോർട്ടിലുണ്ട്.

ലൈംഗിക പീഡനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സരിതയുടെ കത്ത് റിപ്പോർട്ടിൽ അതേപടി ചേർത്തിരിക്കുകയാണ്. കമ്മീഷന്റെ കണ്ടെത്തലുകൾ എന്ന നിലക്കല്ല മറിച്ച് സരിത ഉന്നയിച്ച പരാതി എന്ന നിലയിലാണ് സരിതയുടെ 16 പേജുള്ള കത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്. സരിത ഉന്നയിക്കുന്ന ലൈംഗിക ആരോപണങ്ങളിൽ വാസ്തവം ഉണ്ടെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കണമെന്നും സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി.

ആര്യാടൻ മുഹമ്മദ് ടീം സോളാറിനെ പരമാവധി സഹായിച്ചു. ടീം സോളാർ സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്തവരും അഴിമതിക്ക് കൂട്ടുനിന്നെന്നും കമ്മീഷന്‍ കണ്ടെത്തി. ഫോൺരേഖകളിൽ ആഴത്തിലുള്ള അന്വേഷണം നടത്തിയില്ല.

ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ തമ്പാനൂർ രവിയും ബെന്നി ബെഹനാനും ശ്രമിച്ചു . കത്തിൽ പേരുള്ളവർക്ക് സരിതയുമായും അഭിഭാഷകനുമായും ബന്ധമുണ്ട. ഇത് ഫോൺരേഖകളിൽ നിന്ന് വ്യക്തമാണെന്നും കമ്മീഷൻ പറയുന്നു. ആരോപണ വിധേയർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സരിതയ്ക്കെതിരെയും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. 21 പേജുള്ള കത്തില്‍ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് സരിത ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. ഇത് പ്രയോജനപ്പെടുത്തി പരാതിക്കാര്‍ക്ക് പണം നല്‍കി കേസുകള്‍ ഒത്തുതീർത്തെന്ന കുറ്റപ്പെടുത്തലുമുണ്ട്.

അന്വേഷണ സംഘത്തെയും റിപ്പോര്‍ട്ട് രൂക്ഷമായി വിമര്‍ശിക്കുന്നു. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം ശ്രമിച്ചു. സരിതയുമായി സംസാരിച്ചത് പഴ്സണല്‍ സ്റ്റാഫ് മാത്രമെന്ന് വരുത്താനും ശ്രമമുണ്ടായി. അന്നത്തെ ആഭ്യന്തര, വിജിലൻസ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പൊലീസ് ഉദ്യോഗസ്ഥർ മുഖേന ഉമ്മൻ ചാണ്ടിയെ ക്രിമിനൽ ബാധ്യതയിൽനിന്ന് ഒഴിവാക്കുന്നത് ഉറപ്പുവരുത്തി. എന്നാൽ തിരുവഞ്ചൂരിന് എതിരായി നടത്തിയിട്ടുള്ള മറ്റ് ആരോപണങ്ങളിൽ യാതൊരു തെളിവുമില്ല.