ബെഹ്‌റയുടെ പോലീസ് മേജര്‍ രവിയ്‌ക്കെതിരേ കേസെടുക്കാത്തതെന്ത്?

#

(09-11-17) : സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന മേജര്‍ രവി എന്ന സിനിമാ സംവിധായകന്റെ ഓഡിയോ ക്ലിപ്, കേരളീയസമൂഹത്തില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷത്തിനും മതസൗഹാര്‍ദ്ദത്തിനും കടുത്ത ഭീഷണിയാണ്. "നമ്മള്‍" വിശ്വസിക്കുന്ന ക്ഷേത്രങ്ങളില്‍ "അവര്‍" കടന്നുകയറിക്കഴിഞ്ഞെന്നും ഇപ്പോള്‍ "നമ്മള്‍" ഉണര്‍ന്നില്ലെങ്കില്‍ "അവര്‍" നമ്മുടെ വീടുകളിലും കയറുമെന്നും രവി ഈ ഓഡിയോക്ലിപ്പില്‍ പറയുന്നു. സംഘപരിവാര്‍ അനുകൂലികളുടെ ഒരു വാട്‌സ്ആപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഓഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.

"നമ്മള്‍" എന്നതുകൊണ്ട് മേജര്‍ രവി ഉദ്ദേശിക്കുന്നത് ഹിന്ദുക്കളെയാണെന്ന് വ്യക്തം. "അവര്‍" എന്ന് ഉദ്ദേശിക്കുന്നത് ഏതോ സാങ്കല്പിക ശത്രുക്കളെയാണ്. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോഡ് ഏറ്റെടുത്ത പശ്ചാത്തലത്തിലാണ് ഈ ഓഡിയോ ക്ലിപ് പുറത്തു വന്നിരിക്കുന്നതെന്നതിനാല്‍, ഇപ്പോള്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷത്തെയാണ് അവർ എന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് ഊഹിക്കാം. കുമ്മനം "രാജേട്ടനുമായി" സംസാരിച്ചതിനുശേഷമാണ് താന്‍ ഓഡിയോ പോസ്റ്റ് ചെയ്യുന്നതെന്ന് രവി പറയുന്നുണ്ട്.

നിരന്തരം ന്യൂനപക്ഷ വിരോധം പ്രചരിപ്പിക്കുന്ന മേജര്‍ രവി, ഈ ഓഡിയോയിലൂടെ കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് വ്യക്തം. "നമ്മള്‍" അടങ്ങിയിരിക്കാന്‍ പാടില്ലെന്നാണ് രവി പറയുന്നത്. അക്രമത്തിനുള്ള ത്വരയും കടുത്ത വിദ്വേഷവും രവിയുടെ വാക്കുകളിലുണ്ട്. സാമുഹിക സ്പര്‍ദ്ധ വളര്‍ത്തുകയും സാമൂഹ്യാന്തരീക്ഷം കലുഷമാക്കുകയും ചെയ്യുന്ന തരത്തിലുളള മേജര്‍ രവിയുടെ ശബ്ദരേഖ വ്യാപകമായി പ്രചരിച്ചിട്ടും ഇക്കാര്യത്തില്‍ അന്വേഷണം നടത്താനോ ഏതെങ്കിലും തരത്തിലുളള നടപടി സ്വീകരിക്കാനോ പോലീസ് തയ്യാറാവാത്തത് അത്ഭുതകരമായിരിക്കുന്നു.

മാവോയിസ്റ്റ് ലഘുലേഖ വായിച്ചു എന്ന പേരില്‍ ആളുകളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് നമ്മുടെ പോലീസ്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റര്‍ പതിച്ചു എന്നാരോപിച്ച് മുണ്ടൂര്‍ രാവുണ്ണിയുടെ പേരില്‍ യു.എ.പി.എ ചുമത്തിയ പോലീസാണ് ഇവിടെയുളളത്. പ്രകടമായും സാമൂഹ്യാന്തരീക്ഷത്തെ വിഷമയമാക്കാന്‍ ശ്രമിക്കുന്ന മേജര്‍ രവിക്കും അതുപോലെയുളളവര്‍ക്കുമെതിരേ നടപടി സ്വീകരിക്കാന്‍ കേരളാ പോലീസ് മടിക്കുന്നതിന് പിന്നില്‍ പുറമേ കാണാനാകാത്ത കാരണങ്ങളുണ്ടാകുമോ? ഹരേന്‍ പാണ്ഡ്യ വധക്കേസില്‍ മോദിയെയും ബി.ജെ.പി നേതൃത്വത്തെയും സഹായിച്ച ലോക്‌നാഥ് ബെഹ്‌റയാണ് കേരളത്തില്‍ പോലീസ് മേധാവി എന്നോർക്കുമ്പോൾ ഈ സംശയത്തിന് കൂടുതൽ സാംഗത്യമുണ്ടാകുന്നു.

മുമ്പൊരു കാലത്തും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ പോലീസ് മേധാവി സ്ഥാനവും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനവും വഹിക്കുന്ന ബെഹ്‌റയ്ക്ക് കേരള പോലീസില്‍ ലഭിച്ചിരിക്കുന്ന ഇരട്ടപ്പദവിയുടെ പൊരുള്‍ ആര്‍ക്കും മനസ്സിലാക്കാൻ കഴിയുന്നതല്ല. ബെഹ്‌റ പോലീസ് മേധാവിയായിതിനുശേഷം ആര്‍.എസ്.എസ്സുകാരും ബി.ജെ.പിക്കാരും പ്രതികളാകുന്ന കേസുകളില്‍ പോലീസ് തികഞ്ഞ മൃദുസമീപനമാണ് സ്വീകരിക്കുന്നത്. ദളിതരുള്‍പ്പെടെ ദുര്‍ബ്ബലവിഭാഗങ്ങളില്‍ പെട്ടവര്‍ പോലീസ് സ്റ്റേഷനുകളില്‍ കൊടിയ പീഡനം നേരിടേണ്ടി വരികയും ചെയ്യുന്നു. മേജര്‍ രവിയെപ്പോലെയുള്ള മതഭ്രാന്തര്‍ക്ക് സമൂഹത്തില്‍ യഥേഷ്ടം സ്വതന്ത്രരായി വിഹരിക്കാന്‍ അവസരം ലഭിക്കുക കൂടി ചെയ്യുമ്പോള്‍ കേരള പോലീസിന്റെ സംഘപരിവാര്‍ അനുകൂല സമീപനത്തെക്കുറിച്ചുള്ള സംശയങ്ങള്‍ വര്‍ദ്ധിക്കുന്നു.