ആരോപണങ്ങളിൽ ഒരു ശതമാനം ശരിയുണ്ടെങ്കിൽ പൊതുജീവിതം നിർത്തും : ഉമ്മൻ ചാണ്ടി

#

തിരുവനന്തപുരം (09-11-17) : സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി നടത്തുന്നത് രാഷ്ട്രീയ പ്രതികാരമെന്ന് ഉമ്മൻ ചാണ്ടി. റിപ്പോർട്ട് വന്നശേഷമുള്ള സർക്കാരിന്റെ എല്ലാ നടപടികളും ദുരൂഹമാണ്. ബന്ധപ്പെട്ട വകുപ്പുകളെപ്പോലും അറിയിക്കാതെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ചത് ഇതേ ലക്‌ഷ്യം വച്ചുകൊണ്ടാണെന്നും ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

നാലു വോള്യങ്ങളായി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ഒരു വോള്യം മുഴുവനും കമ്മീഷൻ ഒപ്പിടാതെയാണ് നൽകിയിരിക്കുന്നത്. ഇത് സംശയം ഉളവാക്കുന്നതാണ്. എന്തായിരുന്നു ഇതിനു പിന്നിൽ എന്നത് പിന്നീട് തെളിയിക്കപ്പെടേണ്ടതാണ്. ഇന്നേ വരെ ഒരു കമ്മീഷനിലും ഉണ്ടാകാത്ത നടപടിയാണ് സോളാർ കമ്മീഷനിൽ ഉണ്ടായിരിക്കുന്നത്. സരിത എഴുതിയ കത്ത് മാത്രമാണ് കമ്മീഷൻ റിപ്പോർട്ടിന് അടിസ്ഥാനം. രണ്ടു വോള്യങ്ങളിൽ സരിതയുടെ കത്ത് മാത്രം കൊടുത്തിരിക്കുന്നു. ഇത് സോളാർ കമ്മീഷൻ റിപ്പോർട്ട് ആണോ അതോ സരിത റിപ്പോർട്ട് ആണോയെന്ന് സംശയമുണ്ടെന്ന് ഉമ്മൻചാണ്ടി പരിഹസിച്ചു. സോളാർ റിപ്പോർട്ടിന്റെ വിശ്വാസ്യതയിലും സംശയം ഉണ്ട്.

സരിതയുടെ കത്തിന്റെ വിശ്വാസ്യത പോലും സംശയത്തിലാണ്. സരിത ജയിലിൽ നിന്ന് എഴുതിയെന്ന് പറയുന്ന കത്ത് 21 പേജുകൾ ഉള്ളതാണെന്ന് ജയിൽ സൂപ്രണ്ട് നൽകിയ രസീതിൽ വ്യക്തമാണ്. ഇത് സംബന്ധിച്ച് ജയിൽ സൂപ്രണ്ട് സോളാർ കമ്മീഷന് മുന്നിൽ മൊഴിയും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ സരിതയുടേതെന്ന പേരിൽ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന കത്ത് 25 പേജുകൾ ഉള്ളതാണ്. ഈ കത്ത് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയതാണ്. സരിത എഴുതിയെന്ന് പറയപ്പെടുന്ന കത്ത് ഇപ്പോഴുള്ള സർക്കാർ വന്ന ശേഷം മാറിയതാണെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.

സരിതയുടെ ആരോപണത്തിന് പിന്നിൽ സോളാർ തട്ടിപ്പിൽ കേസ് എടുത്തതിന്റെ വിരോധമാണെന്ന് ഉമ്മൻ ചാണ്ടി ആരോപിച്ചു. മുൻപും സമാനമായ രീതിയിൽ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുള്ള സരിതക്കെതിരെ 14 ൽ അധികം കേസുകൾ ഉണ്ടായിരുന്നു. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഒന്നിൽ പോലും അന്വേഷണം നടത്തുകയോ കേസ് എടുക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ സോളാർ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണം ഉയർന്നപ്പോൾ കേസ് എടുക്കുകയും ജയിലിൽ അടക്കുകയും ചെയ്തു. ഇതിന്റെ വിരോധം തീർക്കുന്നതിനാണ് താൻ ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.

സോളാർ റിപ്പോർട്ടിന്റെ പേരിൽ മുഖ്യമന്ത്രി ഉന്നയിക്കുന്നതുപോലെയുള്ള ആരോപണങ്ങൾകൊണ്ട് അവസാനിക്കുന്ന ഒന്നല്ല തന്റെ പൊതുജീവിതം. ലൈംഗികമായ ബലഹീനതയോ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നു ഉള്ള ആരോപണങ്ങളോ ഉണ്ടാകാൻ ഇത്രയും നാളത്തെ പൊതു ജീവിതത്തിനിടയിൽ ഇടവരുത്തിയിട്ടില്ല. ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഒരു ശതമാനമെങ്കിലും സത്യമുണ്ടെന്ന് തെളിഞ്ഞാൽ പൊതു ജീവിതം അവസാനിപ്പിക്കാൻ തയ്യാറാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

തീർത്തും വിശ്വാസ്യത ഇല്ലാതെ ഒരു സ്ത്രീ പറഞ്ഞ ആരോപണത്തിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്ന സി.പി.എം.നിലപാട് ശരിയല്ല. യു.ഡി.എഫ് സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് സി.പി.എം തനിക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തതായി സരിത പറഞ്ഞിരുന്നു. ആ ആരോപണത്തിന്റെ പിന്നാലെ പോകാൻ തന്റെ രാഷ്ട്രീയ മര്യാദ അനുവദിച്ചില്ല. എന്നാൽ ഇപ്പോൾ സി.പി.എം നടത്തുന്നത് തരം താണ സമീപനമാണ്.

സോളാർ റിപ്പോർട്ട് ലഭിച്ചയുടനെ താൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ പിന്നീട് ഇത് അന്വേഷണം നടത്തിയ ശേഷം കേസ് എടുത്താൽ മതിയെന്ന് തീരുമാനിച്ചു. ഓരോ ഘട്ടത്തിലും സർക്കാർ പിന്നാക്കം പോയത് സോളാർ റിപ്പോർട്ടിൽ സർക്കാർ എന്തോ മറയ്ക്കുന്നതായാണ് വ്യക്തമാക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.