വെളിയം ഭൂമിതട്ടിപ്പ് : വിജിലൻസ് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

#

തിരുവനന്തപുരം (09.11.2017) : കൊല്ലം ജില്ലയിലെ കൊട്ടാരക്കര വെളിയം വില്ലേജിലെ മാലയിൽ മലപ്പത്തൂരിൽ 150 ഏക്കറോളം സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾ തട്ടിയെടുത്തതിനെക്കുറിച്ച് വിജിലൻസ് നടത്തിയ ത്വരിതാന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. റബ്ബർ കൃഷി നടത്താൻ സർക്കാർ അനുവദിച്ചു നൽകിയ ഭൂമി വ്യാജപ്രമാണം ചമച്ചു പ്ലോട്ടുകളായി തിരിച്ച് കച്ചവടം നടത്തിയതിന് റവന്യൂ വകുപ്പിലെ നിരവധി ഉദ്യോഗസ്ഥർ കൂട്ടുനിന്നതിന്റെ തെളിവുകൾ ത്വരിതേന്വേഷണത്തിൽ കണ്ടെത്തി. ത്വരിതാന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ വിജിലൻസ് എഫ്.ഐ.ആർ തയ്യാറാക്കി കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതിയുടെയും പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിയുടെയും പ്രതിനിധികൾ നൽകിയ പരാതിയിലാണ് ത്വരിതാന്വേഷണം നടത്തിയത്.

1960 ലെ സ്‌പെഷ്യൽ റൂൾസ് പ്രകാരം റബ്ബർ കൃഷി നടത്താൻ സർക്കാർ നൽകിയ ഭൂമി നന്ദാവനം എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണെന്ന് വ്യാജപ്രമാണവും വ്യാജ വിലയാധാരവും ഉണ്ടാക്കി. 1960 ൽ സ്‌പെഷ്യൽ റൂൾസ് നിലവിൽവന്നതിനുശേഷം റബ്ബർ കൃഷി നടത്താൻ ലൈസൻസ് ലഭിച്ച ഭൂമി 1958 ൽ വിലയ്ക്ക് വാങ്ങിയതായാണ് വ്യാജ പ്രമാണം ചമച്ചത്. വിവിധ കാലങ്ങളിൽ വില്ലേജ് ഓഫീസർമാർ മുതൽ ഡപ്യൂട്ടി കളക്ടർ വരെയുള്ള ഉദ്യോഗസ്ഥർ തട്ടിപ്പുകൾക്ക് കൂട്ടു നിന്നതായി ത്വരിത പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

സർക്കാർ ഖജനാവിന് 100 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതാണ് പ്രാഥമികമായ വിലയിരുത്തൽ. ഭൂമിയിൽ നിന്ന് വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചുമാറ്റിയതുമൂലമുള്ള നഷ്ടം തിട്ടപ്പെടുത്തേണ്ടതുണ്ട്. വനം/ കൃഷി വകുപ്പ് ജീവനക്കാരാണ് അത് തിട്ടപ്പെടുത്തേണ്ടത്. ഭൂമിയിൽ നിന്ന് ഖനനം ചെയ്ത പല തരത്തിലുള്ള ധാതുക്കളുടെ വില മൈനിംഗ് ആൻഡ് ജിയോളജി വകുപ്പുകൾ തിട്ടപ്പെടുത്തണമെന്ന് വിജിലൻസ് ശുപാർശയിലുണ്ട്. പാട്ടക്കുടിശ്ശിക ഇനത്തിൽ ലഭിക്കാനുള്ള തുക എത്രയാണെന്ന് റവന്യൂ വകുപ്പ് നിർണ്ണയിക്കണം. ഭൂസംരക്ഷണ നിയമവും ഭൂസംരക്ഷണ ചട്ടവും ലംഘിച്ചതിനുള്ള പെനാൽറ്റി റവന്യൂ വകുപ്പ് ഈടാക്കേണ്ടതുണ്ട്.

വിവിധ കാലഘട്ടങ്ങളിൽ വെളിയം വില്ലേജ് ഓഫീസർ, പൂയപ്പള്ളി സബ് രജിസ്ട്രാർ, കൊട്ടാരക്കര അഡീഷണൽ തഹസീൽദാർ, ഡെപ്യൂട്ടി കളക്ടർ തസ്തികകളിൽ ഇരുന്നവർ നടത്തിയ ഗുരുതരമായ കൃത്യ വിലോപങ്ങളെയും ക്രമക്കേടുകളെയും കുറിച്ച് ത്വരിത പരിശോധന റിപ്പോർട്ട് വിശദമായി പ്രതിപാദിക്കുന്നുണ്ട്.  നിലവിലെ വെളിയം വില്ലേജ് ഓഫീസർ, കൊട്ടാരക്കര തഹസീൽദാർ, കൊട്ടാരക്കര അഡീഷണൽ തഹസീൽദാർ (എൽ.ആർ), കൊല്ലം ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) എന്നിവരെയും ലാൻഡ് റെക്കോഡ് വിഭാഗത്തിലെ മുഴുവൻ ജീവനക്കാരെയും ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റണമെന്ന് വിജിലൻസ് ശുപാർശ ചെയ്യുന്നു. ഈ ഭൂമിയുടെ പേരിൽ വായ്‌പകളോ ഏതെങ്കിലും തരത്തിലുള്ള ധനസഹായങ്ങളോ നൽകാൻ പാടില്ലെന്ന് ധനകാര്യ ഏജൻസികൾക്ക് വിജിലൻസ് നിർദേശം നൽകുന്നു. ഈ ഭൂമിയിൽ ഏതെങ്കിലും തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളോ ഖനനമോ നടത്താൻ പാടില്ലെന്നും റിപ്പോർട്ടിലുണ്ട്.

സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറുന്നതിന്റെ ലക്ഷണമൊത്ത ഉദാഹരണമായാണ് വിജിലൻസ് വെളിയം മാലയിൽ മലപ്പത്തൂർ ഭൂമി കുംഭകോണത്തെ കാണുന്നത്. ഇക്കാര്യത്തിൽ പാലിക്കേണ്ട മുൻകരുതലുകളെയും നടപടികളെയും കുറിച്ച് റിപ്പോർട്ടിൽ വിശദമായി പറയുന്നുണ്ട്.

കൊല്ലം ജില്ലാ പരിസ്ഥിതി സംരകഷണ ഏകോപന സമിതി കഴിഞ്ഞ 5 വർഷത്തോളമായി നടത്തുന്ന തുടർച്ചയായ സമരങ്ങളുടെയും നിയമപരമായ പോരാട്ടങ്ങളുടെയും ഫലമായാണ് വിജിലൻസ് ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടതും ഇപ്പോൾ എഫ്.ഐ.ആർ തയ്യാറാക്കി കേസ് രജിസ്റ്റർ ചെയ്തതും. മാലയിൽ മലപ്പത്തൂർ ഭൂമി സംരക്ഷണത്തിന് വേണ്ടിയുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുന്ന  കൊല്ലം ജില്ലാ പരിസ്ഥിതി സംരകഷണ ഏകോപന സമിതി കൺവീനർ അഡ്വ.വി.കെ.സന്തോഷ് കുമാറിന് നേരെയുണ്ടായ വധശ്രമക്കേസ് ഇപ്പോഴും കോടതിയിൽ നടക്കുകയാണ്.