ഇന്ത്യന്‍ ജുഡീഷ്യറി അഴിമതിയുടെ കരിനിഴലില്‍

#

ന്യൂഡല്‍ഹി (09-11-17) : ഒറീസ്സയില്‍ ഒരു സ്വകാര്യ ട്രസ്റ്റ് നടത്തുന്ന മെഡിക്കല്‍ കോളേജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നിഷേധിച്ചതിനെത്തുടര്‍ന്ന് അംഗീകാരം നേടുന്നതിനുവേണ്ടി ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാര്‍ക്ക് ഇടനിലക്കാരന്‍ വഴി കൈക്കൂലി നല്‍കി എന്ന കേസ് നവംബര്‍ 13 ന് സുപ്രീംകോടതി പരിഗണിക്കും.

മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം റദ്ദാക്കിയതിനെത്തുടര്‍ന്ന് ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ മെഡിക്കല്‍ കോളേജ് നടത്തുന്ന ട്രസ്റ്റിലെ അംഗം കൂടിയായ ഒറീസ്സ ഹൈക്കോടതിയിലെ ഒരു മുന്‍ ജഡ്ജിയും മറ്റു ട്രസ്റ്റ് അംഗങ്ങളും നടത്തിയ ശ്രമങ്ങള്‍ സംബന്ധിച്ച ആരോപണത്തെക്കുറിച്ച് ഈ സെപ്റ്റംബറില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഗൂഢാലോചന നടത്തിയവരെ അറസ്റ്റ് ചെയ്യുകയും അവരില്‍ നിന്ന് 2 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പ്രതികള്‍ ജാമ്യത്തിലിറങ്ങിയതിനുശേഷം കേസില്‍ തുടര്‍നടപടികളൊന്നുമുണ്ടായില്ല.

കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനെത്തുടന്ന് ഒരു മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്യാമ്പയിന്‍ ഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്‍ഡ് റിഫോംസ് എന്ന സംഘടന സമര്‍പ്പിച്ച റിട്ട് ഹര്‍ജി ജസ്റ്റിസ് ചെലമേശ്വറിന്റെ രണ്ടാം നമ്പര്‍ കോടതി പരിഗണിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ മെന്‍ഷന്‍ ചെയ്തതിനെത്തുടര്‍ന്നാണ് കേസ് അടിയന്തിരമായി പരിഗണിച്ചത്.

നവംബര്‍ 13 ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘനാ ബഞ്ച് കേസ് പരിഗണിക്കും. മെഡിക്കല്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിച്ചിട്ടുള്ളത് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയായതിനാല്‍ ഈ കേസ് പരിഗണിക്കുന്ന ബഞ്ചില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടരുതെന്ന് ദുഷ്യന്ത് ദവെ വാദിച്ചു. ആത്മഹത്യ ചെയ്ത അരുണാചല്‍പ്രദേശ് മുന്‍മുഖ്യമന്ത്രി ഖാലികോ പുല്‍ എഴുതിയ കത്തിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് നേരത്തേ ആവശ്യപ്പെട്ട അഭിഭാഷകനാണ് ദുഷ്യന്ത് ദവെ. ചീഫ് ജസ്റ്റിസ് ദീപക്മിശ്രയ്‌ക്കെതിരേ ഗുരുതരമായ ആരോപണങ്ങളായിരുന്നു മുന്‍ അരുണാചല്‍ മുഖ്യമന്ത്രി ഉന്നയിച്ചിരുന്നത്. കോടതിയില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് ശേഷം ദുഷ്യന്ത് ദവെ ആവശ്യം പിന്‍വലിക്കുകയായിരുന്നു.

ഇന്ത്യന്‍ ജുഡീഷ്യറിയെയും ചീഫ് ജസ്റ്റിസ് ദീപക്മിശ്രയെയും സംബന്ധിച്ചിടത്തോളം നിര്‍ണ്ണായക പ്രാധാന്യമുള്ളതാണ് ഈ കേസ്.