രാഹുലിന് ലഭിക്കുന്നത് വന്‍ സ്വീകാര്യത : പവാര്‍

#

മുംബൈ (10-11-17) : അടുത്തമാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ബി.ജെ.പിക്ക് എതിരാണ് ജനവികാരമെന്ന് എന്‍.സി.പി നേതാവ് ശരദ്പവാര്‍. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന റാലികളില്‍ വന്‍ജനക്കൂട്ടം തടിച്ചു കൂടുകയാണെന്നും ജനങ്ങള്‍ രാഹുലിനെ നേതാവായി അംഗീകരിച്ചു കഴിഞ്ഞു എന്നാണ് മനസ്സിലാക്കേണ്ടതെന്നും പവാര്‍ പറഞ്ഞു. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ നിന്നകന്ന് ബി.ജെ.പിയോട് അടുക്കുകയാണ് എൻ.സി.പി എന്ന് അഭ്യൂഹം ശക്തമായിരിക്കെ പവാറില്‍ നിന്നുണ്ടായ ഈ പ്രതികരണത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

ഗുജറാത്തില്‍ പൊതുസ്ഥിതി ബി.ജെ.പിക്ക് എതിരാണെങ്കിലും തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഒരു പ്രവചനം നടത്താന്‍ പവാര്‍ തയ്യാറായില്ല. കേന്ദ്രത്തിലെ ഭരണവും സാമ്പത്തികശക്തിയും ഉപയോഗിച്ച് എന്തും ചെയ്യാന്‍ ബി.ജെ.പിക്ക് കഴിയുമെന്നും അതുകൊണ്ട് തെരഞ്ഞെടുപ്പ്  ഫലം എന്താണെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ എതിര്‍ക്കുന്നവരോടൊപ്പമായിരിക്കും  എന്‍.സി.പി നിലകൊള്ളുക എന്ന് പവാര്‍ വ്യക്തമാക്കി. ഗുജറാത്തില്‍ വളരെക്കുറച്ച് സീറ്റുകളിലാകും എന്‍.സി.പി മത്സരിക്കുക എന്നും കോണ്‍ഗ്രസുമായി സീറ്റു ചര്‍ച്ചകള്‍ നടക്കുകയാണെന്നും പവാര്‍ അറിയിച്ചു.