പശ്ചിമഘട്ട രക്ഷായാത്ര : മരിക്കാതിരിക്കാൻ പൊരുതുന്ന കേരളത്തിന്റെ പ്രകൃതിയോടൊപ്പം

#

(10-11-17) : (സംസ്ഥാനത്തെ പരിസ്ഥിതി പ്രവർത്തകർ പശ്ചിമ ഘട്ട സംരക്ഷണ ഏകോപനസമിതിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ നടത്തിയ രണ്ടു മാസം നീണ്ടുനിന്ന യാത്ര കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സുപ്രധാനമായ ഒരു സംരംഭമായിരുന്നു. പരിസ്ഥിതി വിനാശം നേരിടുന്ന എല്ലാ സ്ഥലങ്ങളിലും യാത്ര എത്തി. പരിസ്ഥിതി വിനാശത്തിനെതിരെ ജനങ്ങൾ നടത്തുന്ന ചെറുത്തുനില്പുകൾക്ക് അതത് സ്ഥലങ്ങളിലെത്തി യാത്ര ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യാത്രയുടെ പ്രധാന സംഘാടകനും പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ജനറൽ കൺവീനറുമായ എസ്.ബാബുജി യാത്രാനുഭവങ്ങൾ പങ്കു വയ്ക്കുന്നു.)

പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി നേതൃത്വം നൽകി സി.പി.ഐ (എംഎൽ), എൻ.എ പി.എം, ജനാധിപത്യവേദി, പി യു സി എൽ, എ.എ .പി ,വെൽഫയർ പാർട്ടി തുടങ്ങി ഇരുപതിന് മേൽ പരിസ്ഥിതി സമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൂട്ടുചേർന്ന് ആഗസ്റ്റ് 16 ന് കാസർഗോഡ് ജില്ലയിൽ നിന്നു പശ്ചിമ ഘട്ട രക്ഷായാത്ര പ്രയാണമാരംഭിച്ചു. ക്വാറികളും ക്രഷറുകളും തുടച്ചു മാറ്റിയ, കേരളത്തിന്റെ വടക്ക് കിഴക്ക് അറ്റത്തെ വെള്ളരിക്കുണ്ട് മല നിരകളിലെ സാധാരണ ജനത ഒന്നുചേർന്നാണ് രക്ഷായാത്രക്ക് തുടക്കമാകാനുള്ള പ്രവർത്തനങ്ങൾ സംഘാടക സമിതി രൂപീകരിച്ച് ആരംഭിക്കുന്നത്. തൊട്ടു ചേർന്നു കിടക്കുന്ന കൊന്നേക്കാട്, പെരിയ തുടങ്ങി പശ്ചിമഘട്ട മലകളിൽ നിരനിരയായി പടരുന്ന ക്വാറികൾക്കെതിരെ സുദീഘ സമരത്തിന് നേതൃത്വം നൽകുന്ന സണ്ണി പൈകടയും കാസർകോട് പരിസ്ഥിതി സംരക്ഷ സമിതിയും എല്ലാ പ്രവർത്തനങ്ങൾക്കും സഹായം നൽകി. ഒറീസയിലെ നിയാം ഗിരി ക്കുന്നുകളുടെ കാവൽക്കാരനായ, ഗോൾഡ് മേൻ പുരസ്കാരത്തിന്ന് അർഹനായ പ്രഫുല്ല സാമന്തറയാണ് യാത്ര ഉദ്ഘാടനത്തിന് എത്തിയത്. വൈസ് ക്യാപ്റ്റൻ സമരജ്വാല തെളിച്ചു നൽകിയാണ് അദ്ദേഹം യാത്രക്ക് തുടക്കമിട്ടത്.രണ്ടു ദിവസം യാത്രയുടെ ഒപ്പം സഞ്ചരിക്കുകയും പയ്യന്നൂരിൽ ആരം ഭിച്ച ഐ.ഒ സി പ്ലാന്റിനെതിരെയുള്ള സമര കേന്ദ്രം സന്ദർശിക്കുകയും ചെയ്ത ആ പോരാളിക്കു കാസർകോട് - കുറ്റിക്കോൽ സ്വീകരണ കേന്ദ്രത്തിൽ വച്ച് വൻപിച്ച ജനാവലിയും ഏകോപന സമിതിയും സ്വീകരിച്ച് സമുചിതമായ ആദരവു നൽകുകയും ചെയ്തു.

വെള്ളരിക്കുണ്ടിനും ഒരു കഥ പറയാനുണ്ട്. അത് പുതിയ തിരിച്ചറിവിന്റെ കഥയാണ്. മാധവ ഗാഡ്ഗിൽ റിപ്പോർട്ട് നാടറിഞ്ഞു തുടങ്ങിയ കാലം. റിപ്പോർട്ട് മലയോര മേഖലകളിലെ ഏറ്റവും ചെറിയ കുടിയേറ്റ കർഷകർക്ക് എതിരാണെന്നും, അവരുടെ ഉപജീവനം ഇല്ലാതാക്കി അവിടെ നിന്ന് ഇറക്കിവിടാനാണെന്നും അവരെ പറഞ്ഞു വിശ്വസിപ്പിച്ച് റിപ്പോർട്ടിനെതിരെ അവരെ അണിനിരത്തിയിരുന്നു ,ചില തൽപരകക്ഷികൾ. ക്വാറി-കയ്യേറ്റ മാഫിയകൾക്ക് യഥേഷ്ടം ഭൂമി കവരാനുള്ള ദുഷ്ടലാക്കായിരുന്നു അതെന്നു്, ഇന്ന് ഭൂമിയും കൃഷിയും കുടിവെള്ളവും നഷ്ടപ്പെട്ട വലിയ വിഭാഗം ജനതയും തിരിച്ചറിയുന്നു. അവരാണ് യാത്രയുടെ ഉദ്ഘാടന സമ്മേളനത്തെയും മഴയെപ്പോലും അവഗണിച്ച് നടന്ന പ്രകടനത്തേയും ആവേശഭരിതമാക്കിയത്.

ഭക്ഷ്യ സുരക്ഷയ്ക്കും ,ജലസുരക്ഷയ്ക്കും, കാലാവസ്ഥാ സുരക്ഷയ്ക്കും വേണ്ടിയുള്ള പോരാട്ടത്തിൽ അണിചേരാനുള്ള സന്ദേശത്തിന്റെ ജ്വാല തെളിച്ചാണ് യാത്ര കേരളത്തിന്റെ ഹൃദയവീഥിയിലൂടെ സഞ്ചരിച്ചത്.

കേരളത്തിലെ 14 ജില്ലകളിലായി  53 ദിവസം സഞ്ചരിച്ചു 162 കേന്ദ്രങ്ങളിൽ എത്തി, നൂറിലധികം വ്യത്യസ്ത സമരകേന്ദ്രങ്ങൾ സന്ദർശിച്ച് 2 ലക്ഷത്തിലധികം സമര പ്രവർത്തകരുമായി വർത്തമാനം പറഞ്ഞ് ഒക്ടോബർ 17 തിരുവനന്തപുരം ജില്ലയിൽ അറബിക്കടലിന്റെ തീരം കവരുന്ന വിഴിഞ്ഞം ചപ്പാത്തിൽ യാത്ര ഔപചാരികമായി സമാപിച്ചു.

ഒട്ടേറെ  അനുഭവങ്ങളാണ് യാത്രക്ക് പങ്കുവക്കാനുള്ളത്. കാസർകോട് ജില്ലയിലെ പെരിയ, മുള്ളരി, കാലാടിപ്പാറ, കണ്ണൂർ ജില്ലയിൽ മാടായി പ്പാറ, അയ്യൻകുന്ന്, കരയേറ്റം ചാൽ, ചെമ്പേരി, വയനാടിലെ തലപ്പുഴ, പടിഞ്ഞാറേത്തറ, കോഴിക്കോട് ജില്ലയിൽ തൊട്ടിൽപ്പലം, മുക്കം, ചക്കിട്ടപ്പാറ, കൂടരഞ്ഞി ,കക്കടാമ്പൊയ്കയിലെ വാട്ടർ തീം പാർക്ക്, മലപ്പുറം ജില്ലയിലെ പുളിക്കൽ, കരൂർ, കരുവാരക്കുണ്ട് ,കൽക്കുണ്ട്, എടവണ്ണ - പ ടിഞ്ഞാറ്റ ചെത്തല്ലൂർ, തെക്കേമല, പാലക്കാട് ജില്ലയിൽ അട്ടപ്പാടി, പ്ലാച്ചിമട ,മുതലമട, തൃശുർ - ദേശമംഗലം, വലക്കാവു്, വടക്കഞ്ചേരി ,കാതികൂടം അങ്ങനെ നൂറുകണക്കിന് വ്യത്യസ്ത സമരകേന്ദ്രങ്ങൾ - ക്വാറികളും ക്രഷറുകളൂം വെളുപ്പിച്ച മല നിരകളിലെയും വയൽ നികത്തിയും കുന്നുകൾ ഇടിച്ചു നികർത്തിയും വികസനം വരുത്തുന്ന ഗ്രാമങ്ങളിലെയും കുടിവെള്ളം ഇല്ലാതായ, കൃഷിയിടങ്ങൾ തകർന്ന, ക്യാൻസർ അടക്കം വിവിധ രോഗങ്ങളാൽ ജീവിതം വഴിമുട്ടിയ സാധാരണ ജനങ്ങൾ, സ്ത്രീകൾ, പിന്നോക്ക വിഭാഗക്കാരായ ദളിത് ,ആദിവാസികൾ ഒക്കെ നയിക്കുന്ന സമരങ്ങൾ - ഇവിടെയെല്ലാമെത്തി അവരുടെ സമരങ്ങളിൽ പങ്കുചേർന്നും അവരോട് ഐക്യപ്പെട്ടുമാണു് യാത്ര മുന്നോട്ടു പോയത്.

യാത്ര തെക്കൻ ജില്ലകളിലേക്ക് കടന്നതോടെ സമരങ്ങളുടെ തീവ്രതയ്ക്കും സ്വീകരണങ്ങൾക്കും ചെറിയ മാറ്റം വന്നു. കാലം തെറ്റി വന്ന ശക്തമായ മഴ യാത്രയെ പലയിടങ്ങളിലും നനച്ചു കുതിർത്തു. അതേസമയം തന്നെ മഴയില്ലാത്തപ്പോൾ അത്യുഷ്ണവും നേരിട്ട് അനുഭവിച്ചറിയാനും യാത്ര സഹായകമായി. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രത്യേകിച്ചും യാത്രയുടെ നിശ്ചിത വഴിമാറി സമര പ്രവർത്തകർ നേരിൽ വന്ന് അറിയിക്കുന്നതനുസരിച്ചു് പുതിയ സമര  കേന്ദ്രങ്ങളിൽ യാത്ര എത്തി അവർക്ക്  കഴിയുന്ന സഹായങ്ങൾ ഉറപ്പു നൽകുവാനും കഴിഞ്ഞു.

കണ്ണൂർ മാടായിപ്പാറ 650 എക്കർ വരുന്ന വിശാലമായ ഭൂപ്രദേശം. ഏഴിമലയിൽ നിന്ന് മീറ്ററുകൾ മാത്രം ദൂരം. തണ്ണീർതടങ്ങളുടെ വറ്റാത്ത ഉറവിടം. ഒരു കാലത്തും വറ്റാത്ത 7 കുളങ്ങൾ. പൂക്കളും പറവകളും ചിത്രശലഭങ്ങളുമായി ജൈവ വൈവിധ്യത്തിന്റെ അപൂർവ്വ കലവറ. മണ്ണിട്ടുനികത്തി ടൂറിസ്റ്റ് റിസോർട്ടുകൾ വരുന്നതിനെതിരെ 15 വർഷമായി നിയമ പോരാട്ടം അടക്കം നിരന്തരസമരങ്ങൾ. തൽഫലമായി നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുന്നു. വന്ദ്യവയോധികനായ ചന്ദ്രാംഗദനെന്ന ചന്ദ്രേട്ടനും നൂറു കണക്കിന് മാടായി കോളേജിലെ കുട്ടികളും യാത്രയെ സ്വീകരിക്കാനെത്തി.മാടായിപ്പാറ സംരക്ഷിക്കുമെന്ന പ്രതിജ്ഞ പുതുക്കി. കണ്ണൂരിൽ പാറയും  കുന്നും മലയും സംരക്ഷിക്കാൻ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന ഭാസ്കരൻ വെള്ളൂർ, ഏകോപന സമിതിയുടെ ശക്തനായ പോരാളി, അപൂർവമായ ജെനുസ്സിൽപെട്ടതാണ്. ഒറ്റക്ക് ഏത്  ഭീഷണിയെയും നേരിട്ട് ഭാസ്കരൻ അവിടെ മലയുടെ കാവൽക്കാരനാകുന്നു. അവിടെ ഞങ്ങൾക്കു് ഭക്ഷണം തന്ന പ്രേം കുമാർ പറഞ്ഞതിങ്ങനെ, "ഭാസ്കരേട്ടന് രണ്ടടി കിട്ടിയാൽ പിന്നെ ആ മല അവിടെ ഉണ്ടാവുമെന്ന് ഉറപ്പാണ്."എത്ര കേസുകൾ ! പട്ടാളക്കാരനായിരുന്ന ഭാസ്കരന്  അതൊന്നും പ്രശ്നമല്ല. കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ പോലും ഭാസ്കരനെ ഇത് വരെ തളർത്തിയിട്ടില്ല. കരയെത്തുംചാൽ - 200- 300 അടി പൊക്കത്തിൽ നിന്ന് പാറ പൊട്ടിച്ചെടുത്ത, ഇപ്പോഴും സുന്ദരമായ മല കാണാൻ ഞങ്ങൾ പോയി. കാവൽക്കാരൻ ആക്രോശിച്ചു, " ആരു പറഞ്ഞു നിങ്ങളോട്  ഇവിടെ  പ്രവേശിക്കാൻ? ഭാസ്കരൻ ഉടൻ പ്രതികരിച്ചു, " ആര് പറഞ്ഞിട്ടാ നിങ്ങൾ ഈ മല പൊട്ടിച്ചെടുത്തത്?" അതാണ് ഭാസ്കരൻ വെള്ളൂർ. പ്രകൃതിയെയും മണ്ണിനെയും അതിസൂക്ഷ്മമായി പഠിക്കുകയും അങ്ങിനെ ലഭിക്കുന്ന അക്കാദമിക വൈദഗ്ധ്യം മനസ്സിൽ ചേർത്ത് വച്ച് അത് കുട്ടികൾക്ക് പകർന്നു നൽകുകയും അതിലേറെ തന്റെ പോരാട്ടത്തിന്റെ മൂർച്ച കൂട്ടാൻ അത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ഭാസ്കരൻ വെളളൂർ ഞാൻ അടുത്തറിഞ്ഞ മാതൃകാ പ്രവർത്തകരിൽ ഒരാളാണ്. വ്യക്തിപരമായ പരാമർശം ഇവിടെ അനിവാര്യമാകുന്നു എന്നതിനാൽ മാത്രം ഇപ്രകാരം കുറിക്കുകയാണ്."

മലപ്പുറത്ത് പുളിക്കൽ - അരൂർ ക്വാറി ക്രഷർ സമരം ശക്തമാണ്. വീട്ടമ്മമാരും പിഞ്ചുകുട്ടികൾ പോലും  പോലീസ് മർദ്ദനത്തിരയായി. അവർക്കെതിരെ കേസുകളും. ഞങ്ങളുടെ മുമ്പിൽ പ്രായമായ ഉമ്മമാർ പോലും വിതുമ്പി. ആശ്വസിപ്പിക്കാൻ വാക്കുകൾ ഉണ്ടായില്ല. ജീവിക്കാൻ ഏതറ്റം വരെയും പോകാൻ തീരുമാനിച്ചുറച്ചവരാണ് അവർ. യാത്ര അവരോട് ചേർന്നു നിന്നു. കാക്കഞ്ചേരിയിൽ മലബാർ ഗോൾഡിന്റെ നിർമ്മാണ ഫാക്ടറിക്കെതിരെയുള്ള സമരം 1000 ദിവസം പിന്നിട്ടു. മാലിന്യത്തിന്റെ എല്ലാ ശാസ്ത്രീയ വശങ്ങളും കുട്ടികൾക്ക് പോലും കാണാപ്പാഠമാണ്. ഡോ. ഷാഫി മാഷ് അടക്കം നല്ല ഒരു നേതൃനിര അവിടെ വന്മതിൽ തീർത്തിരിക്കയാണ്.

കരുവരക്കുണ്ടിൽ അവശേഷിക്കുന്ന പുഴയുടെ നീരൊഴുക്ക് നിലനിർത്താനും കിണറുകൾ ജലസമൃദ്ധമാക്കാനും  നൂറു കണക്കിന് യുവാക്കൾ  നിരന്തര സമരത്തിലാണ്. പുഴയിൽ കെട്ടി നിർത്തിയ തടയണയിൽ കൂട്ടുത്തോടെ അവർ കയറി നിന്ന് ആ പുഴ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു. പാലക്കാട് -വടക്കാഞ്ചേരിയിൽ രാത്രി 8 മണിക്ക് ശേഷവും ക്രഷർ യൂണിറ്റിനെതിരെ സമരം ചെയ്യുന്ന നുറുകണക്കിന് വനിതകൾ അടക്കം വലിയ ജനക്കൂട്ടമാണ് കാത്തുനിന്നത്.10 മണിക്കാണ് യാത്രയിലെ നാടകവും കണ്ട് ,സമരഗാനങ്ങൾ കേട്ടു് അവർ  പിരിഞ്ഞത്.അങ്ങിനെ എത്ര അനുഭവങ്ങൾ!

പശ്ചിമഘട്ട രക്ഷായാത്ര അങ്ങിനെ വളരെ ചെറുതിൽ നിന്ന് വളരുകയാണ്. വടക്കുനിന്ന് തെക്കോട്ടും കിഴക്കുനിന്നു് പടിഞ്ഞാറേക്കും യാത്ര വളരുകയാണ്. എറണാകുളത്ത് വൈപ്പിൻ ഐ ഓ സി വിരുദ്ധ ജനകീയ സമരത്തിനൊപ്പം നിന്ന് അവിടത്തെ കുട്ടികളോടും അമ്മമാരോടും ഒപ്പം ഐക്യഗാഥ പാടിയതും ഏലൂർ വ്യാവസായിക മാലിന്യം പെരിയാറിനെ അകാല മരണത്തിന് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് നടന്ന ഐക്യ റാലിയും റെയിൽവേയ്ക്ക് വേണ്ടി തകർക്കപ്പെടുന്ന മംഗളവനത്തിനായി പ്രൊഫ.എം കെ പ്രസാദ് നേതൃത്വം നൽകി ഐക്യദാർഢ്യ പ്രതിജ്ഞയും യാത്രയുടെ സ്വീകരണത്തോടൊപ്പം പ്രധാനപ്പെട്ടതായി .കോട്ടയം ജില്ലയിൽ എരുമേലി വിമാനത്താവളത്തിന്റെ പേരിൽ അനധികൃതമായി ബിലീവേഴ്സു ചർച്ച് കൈവശപ്പെടുത്തിയ ഭൂമി മറിച്ച് സർക്കാരിനു തന്നെ വിൽക്കുന്ന ഭൂമി കൊള്ളക്ക് എതിരെ സമരം നടക്കുന്ന പന്തലിൽ യാത്ര എത്തി സ്വീകരണം ഏറ്റുവാങ്ങി. രാമപുരം - കുറിഞ്ഞി മലയും സന്ദർശിച്ച് യാത്ര അടുത്ത ദിവസം കുമരകത്തെത്തിയപ്പോൾ സ്വീകരണം ഉദ്ഘാടനം ചെയ്യാനെത്തിയത് ജില്ലാ പഞ്ചായത്ത് അംഗമാണ്.

തുടർന്നു് 3 ദിവസം ആലപ്പുഴ ജില്ലയിലെ തീരദേശം വഴിയായിരുന്നു പ്രധാന സഞ്ചാരം. പശ്ചിമഘട്ടത്തിന്റെ തകർച്ച തീരദേശത്തെ ഇല്ലാതാക്കുമെന്ന തിരിച്ചറിവിന്റെ സാക്ഷ്യമായി ചേർത്തലയിലും അന്ധകാരനഴിയിലും ലഭിച്ച സ്വീകരണങ്ങൾ .ഉച്ച സമയം പളളി വികാരിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് കുട്ടികൾ യാത്രയെ സ്വീകരിക്കാനും നാടകം കാണാനും കാത്തു നിന്നു .എടത്വയിൽ യാത്ര എത്തി പരിസ്ഥിതി പ്രവർത്തനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച, മൂന്നു വർഷം മുമ്പു് അപകട മരണം കവർന്നെടുത്ത ആന്റപ്പൻ അമ്പിയായത്തിന്റെ ജനങ്ങൾ നിർമിച്ചു നൽകിയ വീടും സ്മാരകവും സന്ദർശിച്ച് ഓർമ്മൾക്ക് മുമ്പിൽ മൗനം കൊണ്ടു .

വീണ്ടും ക്വാറികൾ കവർന്നെടുക്കുന്ന പത്തനംതിട്ടയിലെ മലനിരകളിലേക്ക് യാത്ര എത്തി. മല്ലപ്പള്ളി നൂറോമമാവു് ഏക്കറുകൾ പൊട്ടിച്ചു ഉണ്ടായ കുളവും നിലക്കാതെ ശബ്ദിക്കൂന്ന പൊടിക്കൽ യന്ത്രങ്ങളും യാത്രയെ അത്ഭുതപ്പെടുത്തി.

പിറ്റേന്ന് മല്ലപ്പളളിയിൽ യാത്രയെ അനുഗ്രഹിക്കാൻ ഗീവർഗീസ് കൂറിലോസു തിരുമേനി എത്തിയത് ആവേശം പകർന്നു. ഇല്ലാതാകുന്ന വെള്ളവും വായുവും അവശേഷിക്കുന്നതെങ്കിലും നാളേക്ക് കരുതാതെ അദാനിമാർക്ക് വേണ്ടി എല്ലാം അടിയറ വയ്ക്കുന്ന ഭരണം അവസാനിപ്പിക്കാൻ ജനങ്ങൾ ഒന്നിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. കൊല്ലം ജില്ലയിലെത്തിയ യാത്ര അരിപ്പ ഭൂസമര കേന്ദ്രത്തിലെത്തി അവരുമായി ഐക്യപ്പെട്ടു.രണ്ടു സമാപന കേന്ദ്രങ്ങളിൽ നെടുമൺകാവിലും ശാസ്താംകോട്ടയിലും വിപുലമായ ഒരുക്കങ്ങളോടെ പൊതുയോഗങ്ങൾ സംഘടിപ്പിച്ചാണ് യാത്രയെ വരവേറ്റത്. കൂടംകുളം സമരനേതാവ് എസ്.പി.ഉദയകുമാറും കവി ഇഞ്ചക്കാട് ബാലചന്ദ്രനും മുഖ്യ അതിഥികളായെത്തി.

വിഴിഞ്ഞം പദ്ധതിയുടെ കാണാപ്പുറങ്ങൾ വിഷയത്തിൽ സെമിനാറോടെയാണ് കൊല്ലം സമാപന കേന്ദ്രം യാത്രയ്ക്കു സീകരണം നൽകിയത്.എ.ജീസു് ഓഫീസു സൂപ്രണ്ടായിരൂന്ന വിഴിഞ്ഞം പദ്ധതി ആഡിറ്റ് ചെയ്ത തുളസീധരൻ പിള്ള, പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി,കോടതി സർക്കാരിനെ ശക്തമായി വിമർശിക്കുന്നതിന് വഴിയൊരുക്കിയ കൊല്ലം കാരനായ എം ടി സലീം എന്നിവർ ആണ് സെമിനാറിൽ സംസാരിച്ച് സ്വീകരണം ശ്രദ്ധേയമാക്കിയത് .തിരുവനന്തജില്ലയിൽ യാത്ര എത്തിയപ്പോഴേക്കും രണ്ടു മാസത്തെ സമാനതകളില്ലാത്ത യജ്ഞത്തിന്റെ സമാപനത്തിന്റെ ആവേശത്തിലും അത്ര തന്നെ ഉദ്വേഗത്തിലുമായിരുന്നു യാത്രാംഗങ്ങൾ .

കിളിമാനൂർ തോപ്പിൽ തുടങ്ങി, നെല്ലിക്കുന്ന്, വെള്ളനാട് ,വെള്ളറട ,പെരുങ്കടവിള ,മുക്കുന്നിമല അങ്ങിനെ മൂന്നു ദിവസം മലകൾ കയറി ഇറങ്ങി അവസാനദിവസം തീരത്തുകൂടെ ചരിത്രം തീർത്ത യാത്ര! അതിന്റെ ഊർജം ത്രസിപ്പിക്കുന്നതായി.രണ്ടു വർഷത്തിലേറെയായി ,തീരത്തെ ജനങ്ങളുമായി വിഴിഞ്ഞം പദ്ധതിയുടെ ആഘാതങ്ങൾ പങ്കുവക്കാനും ,പദ്ധതി ഉപേക്ഷിക്കാനായി സമരത്തിന്ന് ഒരു മിക്കാനും നടത്തിയ ശ്രമങ്ങൾ ദുർബലപ്പെടുത്താനും തടയാനും കൂടെയുണ്ടെന്നു കരുതിയവർ പോലും തയ്യാറായതിനുള്ള ചുട്ട മറുപടിയായി ഈ യാത്ര.പദ്ധതിക്കെതിരെ ശക്തമായ ചലനമാണ് അവിടെ രൂപം കൊള്ളുന്നത്. അവർക്ക് പറയാനുള്ളത് നേതാക്കളും സമുദായവും അവരെ വഞ്ചിച്ചതിന്റ കഥയാണ്.

യാത്ര സമാപനം ഗാന്ധി പാർക്കിൽ വി.എം.സുധീരനാണ് ഉദ്ഘാടനം ചെയ്തത്. വെള്ളരിക്കുണ്ടിൽ നിന്ന് യാത്രക്ക് തുടക്കമിട്ട പ്രഫുല്ല സാമന്തറ സ്വയം സമാപന യോഗത്തിനെത്തി യാത്രയെ സ്വീകരിച്ചത് ,യാത്രയുടെ ലക്ഷ്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ടാണ്. ഇത് കുറച്ചൊന്നുമല്ല ,യാത്രക്ക് ഊർജം പകർന്നത്.

16ന് ഹർത്താൽ ആയതിനാൽ സമാപന സമ്മേളനത്തിന് 17 ന് വിഴിഞ്ഞം ചപ്പാത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നത്. രാവിലെ തുറമുഖ പദ്ധതി പ്രദേശം സന്ദർശിച്ച് പദയാത്രയായി ചപ്പാത്തിലെത്തിയാണ് സമ്മേളനം. ബി ഷപ്പ് ഗീവർഗീസ് കുറിലോസ്  തിരുമേനി ഉദ്ഘാടനം ചെയ്ത സമേമളനത്തിൽ കൂടംകുളം സമര പോരാളി എസ്.പി.ഉദയകുമാർ മുഖ്യ പ്രഭാഷണം നടത്തി. വെളളരിക്കുണ്ടിൽ നിന്ന് തെളിച്ച സമരജ്വാല വൈസ് ക്യാപ്റ്റനിൽ നിന്ന് സ്വീകരിച്ച് യുവ പോരാളിയായ സിന്ധു നെപ്പോളിയന് കൈമാറി. അങ്ങനെ പശ്ചിമഘട്ട രക്ഷായാത്ര ചരിത്രത്തിൽ അടയാളപ്പെടുകയാണ്.

യാത്രക്ക്‌ തുടക്കത്തിൽ  രണ്ടു ലക്ഷ്യമാണ് മുന്നിലുണ്ടായിരുന്നത്. ഒന്ന് - എഴുപതുകൾ മുതൽ കേരളത്തിൽ രൂപം കൊണ്ട ഒട്ടേറെ പരി സ്ഥിതി സംഘടനകൾ ഉണ്ട്. സൈലന്റ് വാലി സമരത്തോടെ ലോകമറിയുന്ന പ്രമുഖരായ പരിസ്ഥിതി പ്രവർത്തകരും നമുക്കു് നേട്ടമായി ലഭിച്ചു. പുരോഗമന ചിന്തകളിലെന്നപോലെ പരിസ്ഥിതി രംഗത്തും നല്ല ഒരു ബോധ്യപ്പെടലും മലയാളിക്കുണ്ടായി.എന്നാൽ ഇവരെല്ലാം വ്യത്യസ്ത കാരണങ്ങളാൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നു. ഇത് പരിസ്ഥിതിയുടെ സംരക്ഷണ ഉത്തരവാദിത്വത്തിൽ നിന്ന് വഴി മാറി നടക്കാൻ കാരണമായി. കൂ ടാതെ ആയിരക്കണക്കിന് ചെറുതും വലുതുമായ സമരങ്ങൾ ,കുടിവെള്ളത്തിനു വേണ്ടിയും  നല്ല ഭക്ഷണത്തിന് വേണ്ടിയും ക്വാറികൾക്കും വയൽ നികത്തലിനും കുന്നിടിക്കലിനും ഒക്കെ എതിരെ നടക്കുന്നു. ഇവ പലതും വിജയിക്കുന്നു. ചിലതെങ്കിലും ദീർഘനാളത്തെ സമരം മൂലം ക്ഷീണിച്ചു നിന്നു പോകുന്നു. ചില സമരങ്ങളെ മാഫിയകൾ ഭീതിയിൽ തളച്ചിടുന്നു, ഉള്ള സ്ഥലം വിറ്റു പോകാൻ നിർബന്ധിതമാക്കുകയും അവയെ വിലക്കെടുക്കുകയും ചെയ്യുന്നു. മാത്രമല്ല, മുഖ്യധാരാ രാഷട്രീയ പ്രസ്ഥാനങ്ങൾ ഒഴികെ ഒട്ടേറെ ചെറു സംഘങ്ങൾ പരിസ്ഥിതിക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നുണ്ടു്. മാത്രമല്ല, കേരളത്തിൽ ഇന്ന് ഏറ്റവും വലിയ സംഘടിത ശക്തി പാറ മണ്ണ്, മണൽ ഭൂമാഫിയയാണ്. അവർ കോടതിയെയും സർക്കാരിനെയും സമ്മർദ്ദത്തിലാക്കുന്നു. നിർമ്മാണമേഖല സ്തംഭിപ്പിക്കുന്നു .സർക്കാർ അവർക്കു വേണ്ടി സുപ്രീം കോടതി വരെ കേസ് വാദിക്കുന്നു .

ഇതിനെതിരെ ബദൽ ശക്തി സംഘടിപ്പിച്ചേ പറ്റു. ഇതിന് പരമാവധി സമരശക്തിയെ ഏകോപിപ്പിക്കേണ്ടത് ഇന്നത്തെ അനിവാര്യതയാകുന്നു. അതിനായി പരമാവധി പരിശ്രമിക്കുക.

രണ്ട്. ഇങ്ങിനെ യോജിപ്പിലൂടെ ഉണ്ടാകുന്ന സമര ധാരയെ പരിസ്ഥിതി രംഗത്തെ കൃത്യമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി ശക്തമായ സമരത്തിനു് സജ്ജമാക്കുക. ഈ യാത്രയിലൂടെ നടന്ന ചർച്ചകളിലും സംവാദങ്ങളിലുമായി  ഒട്ടേറെ നിർദ്ദേശങ്ങൾ ഉയർന്നു വരുകയുണ്ടായി. ഇവയെല്ലാം ഉൾചേർത്ത് തയ്യാറാക്കിയ അവകാശപത്രികയുടെ കരട് സമാപന സമ്മേളനത്തിൽ അവതരിപ്പിക്കയുണ്ടായി.

1. സർക്കാരിന്റെ വികസന നയത്തിൽ  അടി മുടി  മാറ്റമുണ്ടാവണം. സാമ്പത്തിക പ്രധാനമായ വികസന നയം  മാറണം. പകരം പരിസ്ഥിതി പ്രധാനമായ വികസന നയം പടിപടിയായി നടപ്പിലാക്കണം. എല്ലാ ജില്ലകളിലും വിമാനത്താവളങ്ങളും മെട്രോ റെയിലും  ആറുവരിപാതയും വാണിജ്യ തുറമുഖങ്ങളും എന്ന  കോർപ്പറേറ്റ് താത്പര്യ സാമ്പത്തിക വികസനം കേരളത്തിന്റെ അവശേഷിക്കുന്ന മലകളും നെൽപ്പാടങ്ങളും കര ഭൂമിയും തകർത്തില്ലാതാക്കും. ഇപ്പോൾ തന്നെ  കുടി വെള്ളമില്ലാതെ, പ്രാണവായു മലിനപ്പെട്ട്, നല്ല  ആഹാരം ലഭിക്കാതെ അനുദിനം രോഗാതുരമാകുന്ന, മാരക രോഗങ്ങൾക്ക് അടിപ്പെടുന്ന ജനങ്ങൾക്കു് ഇത് താങ്ങാവുന്നതിൽ അധികമാണ്. മരു ഭൂമിയായി  മാറുന്ന കേരളം നാളത്തെ തലമുറക്ക് വേണ്ടി അവശേഷിക്കുകയില്ല.

2. നിലവിലെ ക്വാറികൾ അടക്കം എല്ലാ ഖനനങ്ങളും നിർത്തിവക്കണം.. അവശ്യം വേണ്ട നിർമാണ പ്രവർത്തനങ്ങൾക്ക് വാർഷിക മാസ്റ്റർപ്ലാൻ തയ്യാറാക്കി ആവശ്യമായ പാറയും മെറ്റലും മണലും നിർണയിക്കണം. അതിനുള്ള ഖനനങ്ങൾ ഗ്രാമസഭയുടേയും  ഗ്രാമ പഞ്ചായത്തിന്റയും അനുമതിയോടെ സർക്കാർ  നിയന്ത്രണത്തിൽ നടക്കണം.

3. കെട്ടിട നിർമ്മാണച്ചട്ടത്തിൽ സമ ഗ്രമായ മാറ്റം വേണം. നിർമ്മാണം നടത്തി  ആൾ പാർപ്പില്ലാതെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ സർക്കാർ ഏറ്റെടുത്ത് പ്രയോജനപ്പെടുത്തണം.

4. കടൽകയറുന്നതിനും പുലിമുട്ടിനും കടലിൽ കല്ലിടുന്നത് അവസാനിപ്പിക്കണം. പകരം തീരദേശത്തെ മണൽ ശേഖരം കവരുന്നത് അവസാനിപ്പിച്ചു, ജൈവവേലി പ്രയോജനപ്പെടുത്തണം .

5. 44 നദികളുടേയും സംരക്ഷണത്തിന് റിവർ ബേസിൻ അതോറിറ്റി രൂപീകരിക്കണം.ഓരോ നദിക്കും അവയുമായി ചേർന്നു കിടക്കുന്ന പ്രാദേശിക സർക്കാരുകളെ ചേർത്ത് പ്രത്യേക സമിതിയും അവക്ക് മാസ്റ്റർ പ്ലാനും അംഗീകരിക്കണം. നദികളുടെ ഉത്ഭവ കേന്ദ്രങ്ങളിൽ സ്വാഭാവിക കാടുകൾ സംരക്ഷിക്കപ്പെടണം. നദീതീരങ്ങൾ പാറകെട്ടി തിരിക്കുന്നത് അവസാനിപ്പിക്കണം.

6.പരിസ്ഥിതിയെ തകർക്കുന്നത് അതിരുകവിഞ്ഞ വികസന ഭ്രാന്താണു്. ഇത് അഴിമതിയുടെ ഉപ ഉൽപന്നം കൂടിയാണ്. വളരെ സ്വപ്നം നെയ്ത് ലഭിച്ച പഞ്ചായത്ത് രാജ് സംവിധാനം ഇന്ന് അഴിമതിയുടെ ചെളിക്കുണ്ടിലാണ്.ഇത് മറി കടക്കാൻ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ഗ്രാമസഭകൾക്ക്  അധികാരം നൽകി പഞ്ചായത്ത് രാജ് ചട്ടം പരിഷ്കരിക്കണം.

7.വിഴിഞ്ഞം തുറമുഖ പദ്ധതിയും ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിയും വിനാശകരമായ വികസനമാണു് നൽകുന്നത്. അവ ഉപേക്ഷിക്കണം.

8. ഏകവിള തോട്ടങ്ങൾക്കായി വൻകിട കുത്തകകൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന അഞ്ചര ലക്ഷം ഏക്കർ ഭൂമി തിരിച്ച് പിടിച്ചു അവ സ്വാഭാവിക വനവൽക്കരണത്തിനു് വിട്ടുകൊടുക്കണം.

9. 77 വരെയുള്ള മുഴുവൻ ചെറുകുടിയേറ്റ കർഷകർക്കും പട്ടയം നൽകുക.

10.  ഭൂമിയുടെ തുണ്ടു വൽക്കരണവും റിയൽ എസ്റ്റേറ്റ് കച്ചവടവും സർക്കാർ നിയന്ത്രിക്കുക.

11. മാധവ ഗാഡ്ഗിൽ റിപ്പോർട്ട് ഗ്രാമപഞ്ചായത്ത് തലം വരെ ചർച്ച ചെയ്ത് കേരളത്തിന്റെ പ്രകൃതിക്ക് അനുയോജ്യമായ വിധം നടപ്പിലാക്കുക .

ഈ കരട് നിർദേശങ്ങൾ ജില്ലാതല കൺവൻഷനുകളിൽ ചർച്ച ചെയ്യും. തുടർന്ന് ഡിസംബർ 16 നു സംസ്ഥാന കൺവൻഷൻ എറണാകുളത്ത്  ചേർന്ന് അവകാശ പത്രികക്ക് അന്തിമരൂപം നൽകും. അവ നേടിയെടുക്കുവാൻ വിപുലമായ സമരങ്ങൾക്ക് രൂപം നൽകുമെന്നും പ്രഖ്യാപിച്ചാണ് 17 നു സമ്മേളനം പിരിഞ്ഞത്.

പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ചരിത്രദൗത്യം ഏറ്റെടുത്ത് ഇനിയും മുന്നോട്ട് തന്നെ.