രാഹുലിന്റെ റാലികളിൽ വൻ ജനക്കൂട്ടം : നാലാംഘട്ട പര്യടനത്തിന് ഇന്ന് തുടക്കം

#

ന്യൂഡൽഹി (11-11-17) : കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് പര്യടനമായ നവസർജൻ യാത്രയുടെ നാലാം ഘട്ടത്തിന് ഇന്ന് തുടക്കം. മൂന്നു ദിവസത്തെ പര്യടനത്തിൽ പട്ടേൽ സമുദായത്തിന് മുൻതൂക്കമുള്ള വടക്കൻ ഗുജറാത്തിലാണ് രാഹുലിന്റെ പര്യടനം. തെരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് പട്ടീദാർ സമുദായവും കോൺഗ്രസുമായുള്ള ചർച്ചയും മൂന്നു ദിവസത്തെ പര്യടനത്തിനുള്ളിൽ പൂർത്തിയാകും.

ഗാന്ധിനഗർ, സാബർകാന്ത, ബാനസ്കന്ത എന്നീ ജില്ലകളിലൂടെയാണ് ആദ്യദിനത്തിലെ പര്യടനം. ഗാന്ധി നഗറിലെ ചിലോഡയിലാണ് റാലിക്ക് തുടക്കം. പിന്നീട് സാബർകാന്ത, ബാനസ്കന്തഎന്നിവിടങ്ങളിലെ റാലികളിൽ ജനങ്ങളെ അഭിസംബോധന ചെയ്യും. ബാനസ്കന്തയിൽ മത്സരിക്കാൻ തയ്യാറെടുക്കുന്ന ഒബിസി നേതാവ് അൽപേഷ് ഠാക്കൂർ റാലികളിൽ അണികൾക്കൊപ്പം പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് ഘട്ടങ്ങളിലായി ഡിസംബർ 9,14 തീയതികളിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലും രാഹുൽ ഗാന്ധിയുടെ റാലികളിൽ വൻ ജന പങ്കാളിത്തമുണ്ടായിരുന്നു. ഓരോ റാലി കഴിയുമ്പോഴും രാഹുലിന്റെ റാലികളിൽ ജനപങ്കാളിത്തം വർദ്ധിക്കുന്നത് ഗുജറാത്തിലെ കോൺഗ്രസിന് പുത്തൻ ഉണർവ്വാണ് സമ്മാനിച്ചത്. തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ചർച്ചകളും സംസ്ഥാന നേതൃത്വം തുടങ്ങിക്കഴിഞ്ഞു.