കനയ്യയ്‌ക്കെതിരേ അക്രമം ; ലക്‌നൗ സാഹിത്യോത്സവം നിറുത്തിവെച്ചു

#

ലക്‌നൗ (11-11-17) : ലക്‌നൗ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാറിന് നേരേ എ.ബി.വി.പി-ബി.ജെ.പി പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമം. "ഫ്രം ബീഹാര്‍ ടു തീഹാര്‍" എന്ന തന്റെ പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാനാണ്  കനയ്യ എത്തിയത്. ചടങ്ങ് നടക്കുന്ന ശീറോസ് കഫേയില്‍ പരിപാടി ആരംഭിക്കുന്നതിനു മുമ്പ് എ.ബി.വി.പി-ബി.ജെ.പി പ്രവര്‍ത്തകര്‍ കനയ്യ കുമാറിനെതിരേ മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്റ്റേജിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. സംഘാടകരും സദസ്സിലുണ്ടായിരുന്ന ഒരു കൂട്ടം ആളുകളും ചേര്‍ന്ന് അക്രമികളെ തടഞ്ഞു. കനയ്യകുമാര്‍ ദേശദ്രോഹിയാണെന്നും പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്നും എ.ബി.വി.പി-ബി.ജെ.പി പ്രവര്‍ത്തകര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് പ്രസംഗിച്ച കനയ്യ, സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അവകാശം അടിയറവയ്ക്കില്ലെന്ന് പറഞ്ഞു. "നിങ്ങള്‍ 18 സംസ്ഥാനങ്ങള്‍ ഭരിക്കുന്നുണ്ട്. പക്ഷേ, ഒരു സ്വതന്ത്ര അഭിപ്രായത്തെപോലും തടഞ്ഞു നിര്‍ത്താനാവില്ല" കനയ്യ പറഞ്ഞു. കേരളത്തില്‍ ബോംബുണ്ടാക്കുന്നതിനിടയില്‍ മരിച്ച ആര്‍.എസ്.എസ്സുകാരന് അനുശോചന രേഖപ്പെടുത്താനും കനയ്യ മറന്നില്ല. ആസിഡ് ആക്രമണത്തിന് വിധേയരായവര്‍ നടത്തുന്ന ശീറോസ് കഫേയിലായിരുന്നു പരിപാടി. കഫേ നടത്തിപ്പുകാരും ഫെസ്റ്റിവല്‍ സംഘാടകരും ചേര്‍ന്ന് വലയം തീര്‍ത്ത് അതിനുള്ളില്‍ നിന്നായിരുന്നു കനയ്യയുടെ പ്രസംഗം.

കനയ്യകുമാര്‍ പങ്കെടുത്ത യോഗത്തിനുശേഷം, ലക്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് ലക്‌നൗ സാഹിത്യോത്സവത്തിന്റെ അനുമതി റദ്ദാക്കിക്കൊണ്ട് ഉത്തരവ് ഇറക്കി. ലക്‌നൗ സാഹിത്യോത്സവം പോലെയുള്ള മതേതര പരിപാടികള്‍ നടക്കാന്‍ പാടില്ലെന്ന സംഘപരിവാര്‍ ശക്തികളുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി ജില്ലാ ഭരണകൂടത്തെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് ഫെസ്റ്റിവല്‍ സംഘാടകര്‍ ആരോപിച്ചു.