ചീഫ് ജസ്റ്റിസ്‌ സുപ്രീം കോടതിയുടെ മാനം കെടുത്തി : പ്രശാന്ത് ഭൂഷണ്‍

#

(11-11-17) :സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ നിശിതമായി വിമര്‍ശിച്ച് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ തുടര്‍ച്ചയായ ട്വീറ്റുകൾ. ഒറീസ്സയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഇന്നലെ തുറന്ന കോടതിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി രൂക്ഷമായ തര്‍ക്കത്തിലേര്‍പ്പെട്ട് കോടതിയില്‍ നിന്നിറങ്ങിപ്പോയ പ്രശാന്ത് ഭൂഷണ്‍ ദീപക് മിശ്രയുടെ നിലപാടുകളെ അതിരൂക്ഷമായ ഭാഷയിലാണ് ട്വിറ്ററില്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തത്. സ്വന്തം കേസില്‍ സ്വയം ന്യായാധിപനാകാന്‍ പാടില്ല എന്ന അടിസ്ഥാന ധാരണയാണ് ചീഫ് ജസ്റ്റിസ് ലംഘിച്ചതെന്ന് പ്രശാന്ത് ഭൂഷണ്‍ കുറ്റപ്പെടുത്തി. അതിനുള്ള ധാര്‍ഷ്ട്യം കാണിച്ച ചീഫ് ജസ്റ്റിസിന്റെ ഉളുപ്പില്ലായ്മ സുപ്രീംകോടതിയുടെ മാനം കെടുത്തിയെന്ന് പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിനെതിരെയാണ് കൈക്കൂലി വാങ്ങി എന്ന ആരോപണമുണ്ടായത്. ആരോപണത്തെക്കുറിച്ച് അന്വേഷിച്ച സി.ബി.ഐ ഫയല്‍ ചെയ്ത എഫ്.ഐ.ആര്‍ സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് 5 അംഗ ഭരണഘടനാബഞ്ചിനെ തടയാന്‍ അമിതവ്യഗ്രതയാണ് ചീഫ് ജസ്റ്റിസ് കാണിച്ചതെന്നും അത് ഗുരുതരമായ പെരുമാറ്റ ദൂഷ്യമാണെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. സ്വന്തം കേസില്‍ ന്യായാധിപനാകാന്‍ പാടില്ല എന്ന സ്വാഭാവിക നീതിയുടെ തത്വം അദ്ദേഹം ലംഘിക്കുക വഴി സുപ്രീം കോടതിക്ക് ചീഫ് ജസ്റ്റിസ് അപകീർത്തി വരുത്തിയെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.