അവതാരകർ അലറി വിളിക്കുന്നതും അതിഥികളെ ഇറക്കിവിടുന്നതും എന്തിന് ?

#

(11-11-17) : മനോരമ ന്യൂസ് ചാനലിന്റെ ഒമ്പതുമണി ചര്‍ച്ച മലയാളം വാര്‍ത്താചാനലുകളിലെ തലങ്ങും വിലങ്ങുമുള്ള ചര്‍ച്ചാ ബാഹുല്യത്തിനിടയില്‍ ഏറ്റവും പുതുതായി അവതരിച്ച ചര്‍ച്ചാ പരിപാടിയാണ്. രാവിലെ മുതല്‍ തുടരുന്ന നാനാവിധ ചര്‍ച്ചകളുടെ കിതപ്പും ദാഹവും തീരും മുമ്പേ വന്നു കയറുന്ന ഈ ചര്‍ച്ചയുടെ പ്രചാരണത്തിനായി ചാനല്‍ അവരുടെ പരിണതപ്രജ്ഞനായ അവതാരകനെ വച്ചു നല്‍കുന്ന പ്രമോയിലെ മുഖ്യ റെയിറ്റിംഗ് ഘടകം ഏതോ ചര്‍ച്ചയില്‍ നിന്ന് ഒരാളെ ഇറക്കി വിടുന്ന ദൃശ്യമാണ്. ചര്‍ച്ചയ്ക്കായി ക്ഷണിച്ചു വരുത്തിയ അതിഥിക്ക് വിളിച്ചുവരുത്തിയവര്‍ തന്നെ അപമാനകരമായ വിധത്തില്‍ പുറത്തേക്കു വഴി കാട്ടുന്നതിന്റെ ദൃശ്യം പരസ്യമാക്കി ആഘോഷിക്കുന്നത് എന്തുകൊണ്ടായിരിക്കും?

ടെലവിഷന്‍ ന്യൂസ് എന്ന ഉത്പന്നം വാര്‍ത്ത  സംഭവിക്കുന്ന ഇടങ്ങളില്‍ നിന്ന് പിന്മാറി സ്റ്റുഡിയോ മുറിക്കകത്ത് ചുവടുറപ്പിക്കുന്നതോടെ വാര്‍ത്തയുടെ ഉള്ളടക്കത്തിലും ആഖ്യാനത്തിലും വലിയ പരിണാമങ്ങള്‍ വരികയാണ്. വാര്‍ത്താശേഖരണം എന്ന ചെലവും അധ്വാനവും ഏറിയ പ്രക്രിയക്ക് പകരം വാര്‍ത്തയുടെ ബ്രെയ്ക്കിംഗ് പോലും സ്റ്റുഡിയോവില്‍ നിന്ന് വിരിയുകയാണ്. ഇവിടെ ഏറ്റവും അനിവാര്യമായ ഘടകം വാക് ചാതുരിയും മുഖ സൗന്ദര്യവും (കറുപ്പ് വേണ്ട) തികഞ്ഞ അവതാരകനോ അവതാരകയോ മാത്രമാണ്. ചര്‍ച്ചയ്ക്കു വിളിച്ച് വരുത്തിയവരെക്കാള്‍ ഉച്ചത്തില്‍ അലറിവിളിക്കാന്‍ അയാളുടെ / അവളുടെ ശബ്ദത്തിനു പ്രാപ്തി വേണം. അവിടെ അവതാരകര്‍ തന്നെ വാര്‍ത്തയും താരവും വിധികര്‍ത്താവും ആവുന്നു.

ഒരു പത്തു വര്‍ഷം മുമ്പുവരെ ഇതുപോലെ അതിഥികളെ സംവാദങ്ങളില്‍ നിന്നും ഇറക്കിവിടുന്ന മാധ്യമ സംസ്‌കാരം പരുവപ്പെട്ടു വന്നിരുന്നില്ല. പ്രഗല്ഭരായ അവതാരകരുടെ ചോദ്യങ്ങളുടെ മൂര്‍ച്ചയറിഞ്ഞു ഉത്തരമില്ലാതായി സ്വയം പിന്‍വാങ്ങി ഇരിപ്പിടം ഒഴിഞ്ഞു പോവുകയായിരുന്നു അതിഥി താരങ്ങള്‍. കരന്‍ ഥാപ്പറിന്റെ മുന്നില്‍ നിന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും കോപാകുലരായി ഇറങ്ങിപ്പോയത് അന്നത്തെ കൗതുകമുള്ള, അമ്പരപ്പിച്ച ടെലിവിഷന്‍ സംഭവങ്ങള്‍ ആയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ ചോദ്യങ്ങളില്‍ അസഹിഷ്ണുക്കള്‍ ആയി പുറപ്പെട്ടു പോയ ദൃശ്യങ്ങള്‍ മലയാളം ടെലിവിഷനിലും ഏറെയുണ്ട്. പക്ഷെ നിശിതമായ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോഴും അന്നത്തെ അവതാരകര്‍ അതിഥികളോട് ജനാധിപത്യപരമായ ബഹുമാന്യത കാട്ടിയിരുന്നു.Be sharp but polite എന്നതായിരുന്നു തത്വം.

വാര്‍ത്താ  ടെലവിഷനില്‍ ചര്‍ച്ചകള്‍ക്ക് കൈവന്ന അമിതമായ പ്രാതിനിധ്യം വാര്‍ത്താ  അവതാരകരെ വാര്‍ത്താ പ്രക്രിയയുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചു. സംവാദത്തിനു കച്ച മുറുക്കി എത്തുന്ന രാഷ്ട്രീയക്കാര്‍ മതിയായ ചര്‍ച്ചാസമയത്തിന് വേണ്ടി കെഞ്ചുന്നതും അവരുടെ വിധേയത്വവും ചേര്‍ന്നപ്പോള്‍ അവതാരകന്‍ / അവതാരക സ്വയം ഒരധികാരകേന്ദ്രമായി. മറുവശത്ത് ഈ ടിവി ചര്‍ച്ചകളാണല്ലോ രാഷ്ട്രീയക്കാര്‍ക്ക് അസ്തിത്വവും പ്രശസ്തിയും നല്‍കുന്നതും അവരുടെ രാഷ്ട്രീയ തൊഴിലുറപ്പ് ഭദ്രമാക്കുന്നതും എന്ന വസ്തുത അവതാരകര്‍ക്കും അറിയാം. ചര്‍ച്ചാ വിദഗ്ദ്ധരായ അഭിഭാഷകര്‍ക്കാവട്ടെ, പ്രശസ്തിയും  അതിലൂടെ തൊഴില്‍ വരുമാനവും ഉറപ്പാവുന്നു, കോടതികളില്‍ മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍, സംഘടിത ശക്തിയെന്ന ഗുണ്ടായിസത്തിലൂടെ വിലക്കി നിര്‍ത്തുന്ന വക്കീലന്മാര്‍ ഒരിടവേളയ്ക്ക് ശേഷം ചാനല്‍ സ്റ്റുഡിയോകളില്‍ അവതാരകര്‍ക്ക്  മുന്നില്‍ ഊഴം കാത്ത് ഇരിക്കുകയാണ് എല്ലാ ദിവസവും.

സംവാദങ്ങളില്‍ നിന്ന് അതിഥികളെ ഇറക്കി വിടുന്ന രംഗങ്ങള്‍ തങ്ങളുടെ നേട്ടമോ മേന്മയോ വിളംബരം ചെയ്യുന്ന തരത്തില്‍ സംപ്രേഷണം ചെയ്യുന്ന ചാനലുകള്‍ അവതാരകരുടെ, അവര്‍ക്കുണ്ടെന്നു അവര്‍ കരുതുന്ന അപ്രമാദിത്വവും അധികാര ശക്തിയുമാണ് പ്രഖ്യാപിക്കുന്നത്. അതുകൊണ്ടാണ് ഇറക്കിവിടപ്പെട്ട വീര ശൂരപരാക്രമികളായ നേതാക്കളും യുവ സിംഹങ്ങള്‍  പോലും തങ്ങള്‍ അപമാനിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചു കണ്ടിട്ടും മിണ്ടാതിരിക്കുന്നത്. I am the Hitler of my Cinema എന്ന് പറയുമായിരുന്നു ജോണ്‍ അബ്രഹാം. ചാനല്‍ ചര്‍ച്ചാ അവതാരകര്‍ക്കും പറയാം, "This is my Show, I am the Hitler of my Show". ആ അധികാരത്തിന്റെ അഹം ബോധത്തിന് നേരെ വെല്ലുവിളിയാവുന്ന അതിഥി ദേവന്‍ ആയാല്‍ പോലും പുറത്തേക്കുള്ള വഴി കണ്ടുവയ്‌ക്കേണ്ടി വരും. ചാനല്‍ ആ രംഗം ആഘോഷിക്കുന്നത് അയാള്‍ക്ക് നിശ്ശബദം സഹിയ്ക്കുകയെ നിര്‍വ്വാഹമുള്ളൂ.