ജി.എസ്.ടിയിലെ മാറ്റം രാഹുലിന്റെ സമ്മര്‍ദ്ദം മൂലം : കോണ്‍ഗ്രസ്

#

ന്യൂഡല്‍ഹി (11-11-17) : രാഹുല്‍ഗാന്ധിയുടെ പ്രചരണത്തിന്റെ പ്രത്യാഘാതമായാണ് 178 ഉല്പന്നങ്ങളുടെ ജി.എസ്.ടി നിരക്കുകളില്‍ കുറവ് വരുത്താന്‍ ജി.എസ്.ടി കൗണ്‍സില്‍ നിര്‍ബന്ധിതമായതെന്ന് കോണ്‍ഗ്രസ്. ജി.എസ്.ടിയിലെ ഏറ്റവും ഉയര്‍ന്ന സ്ലാബ് നിലവിലുള്ള 28 ല്‍ നിന്ന് 18 ആയി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രചരണമാണ് രാഹുല്‍ നടത്തിയത്. ബി.ജെ.പിക്ക് അതില്‍ കുറവ് വരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്ക് ആവശ്യം ലളിതമായ നികുതിഘടനയാണെന്നും ഭീമമായ ഗബ്ബാര്‍സിംഗ് നികുതി ഇന്ത്യയ്ക്ക് ചേര്‍ന്നതല്ലെന്നും രാഹുല്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.

അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ വോട്ടുകള്‍ പിടിച്ചു നിര്‍ത്താന്‍ വേണ്ടിയാണ് ജി.എസ്.ടി നിരക്കുകളില്‍ മാറ്റം വരുത്തിയതെന്നും രാഹുല്‍ഗാന്ധിക്ക് ഗുജറാത്തില്‍ ലഭിക്കുന്ന സ്വീകരണം ബി.ജെ.പി കേന്ദ്രങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയെന്നും ഗുജറാത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അശോക് ഗെഹേലോട്ട് പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ ശക്തമായ പ്രചരണത്തില്‍ പിടിച്ചു നില്‍ക്കാനാവാതെയാണ് ബി.ജെ.പി സര്‍ക്കാര്‍ ജി.എസ്.ടി നിരക്കുകള്‍ കുറച്ചതെന്ന വാദം രണ്‍ദീപ് സിംഗ് സുര്‍ജെവാലെ, പവന്‍ ഖേര തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും ആവര്‍ത്തിച്ചു.