മധ്യപ്രദേശിലെ തോല്‍വി : ബി.ജെ.പി നേതൃത്വം ഞെട്ടലില്‍

#

ഭോപ്പാല്‍ (13-11-17) : മധ്യപ്രദേശിലെ ചിത്രകൂട് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയം ബി.ജെ.പി നേതൃത്വത്തിന് കനത്ത ആഘാതമായി. കോണ്‍ഗ്രസ് എം.എല്‍.എയുടെ മരണം മൂലം ഒഴിവു വന്ന സീറ്റ് പാർട്ടി നിലനിറുത്തുകയായിരുന്നുവെങ്കിലും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു എന്നതു മാത്രമല്ല, ബി.ജെ.പി കേന്ദ്രങ്ങളില്‍ അമ്പരപ്പ് സൃഷ്ടിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഡ്രസ്‌റിഹേഴ്‌സല്‍ എന്ന നിലയില്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത പ്രചണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അതിന്റെ മുഴുവന്‍ ശേഷിയും സംഭരിച്ചാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ മെഷീനറി പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി മണ്ഡലം പിടിച്ചെടുക്കും എന്ന് തന്നെ ബി.ജെ.പി സംസ്ഥാന നേതൃത്വം വിശ്വസിച്ചിരുന്നു. ദേശീയ നേതൃത്വത്തെയും അവര്‍ അങ്ങനെ തന്നെ ധരിപ്പിച്ചിരുന്നു.

ചിത്രകൂട് മണ്ഡലത്തില്‍ ഇതുവരെ നേടിയിട്ടുള്ളതില്‍ വച്ചേറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയെന്നതുമാത്രമല്ല 52% വോട്ടുകള്‍ എന്ന റെക്കോഡും നേടി എന്നത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തിയിട്ടുണ്ട്. അടുത്തമാസം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രചരണം വലിയ ജനപിന്തുണ നേടുന്ന ഘട്ടത്തിലുണ്ടായ ഈ വിജയം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും വലിയ ഉണര്‍വ് സൃഷ്ടിച്ചിട്ടുണ്ട്.

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞവര്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ചയാണ് എവിടെയും കാണുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രചരിപ്പിക്കുന്നത്. വിജയത്തിന്റെ പാതയിലാണ് കോണ്‍ഗ്രസ് എന്നു കാണുമ്പോള്‍ കോണ്‍ഗ്രസിലേക്ക് ജനങ്ങളുടെയും കോണ്‍ഗ്രസ് കൂടാരത്തിലേക്ക് മറ്റു പാര്‍ട്ടികളുടെയും ഒഴുക്കുണ്ടാക്കുമെന്ന് പാര്‍ട്ടി നേതൃത്വം പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ് എന്ന് സ്വന്തം അണികളെ വിശ്വസിപ്പിക്കാന്‍ കൂടി പാര്‍ട്ടിനേതൃത്വം ചിത്രകൂടിലെ വിജയം ഉപയോഗപ്പെടുത്തും. നോട്ടുപിന്‍വലിക്കലും ജി.എസ്.ടി നടപ്പാക്കലും ജനങ്ങളെ ബി.ജെ.പിക്ക് എതിരാക്കിയിരിക്കുന്നുവെന്നതിന്റെ സൂചന കൂടിയായാണ് കോണ്‍ഗ്രസ് ചിത്രകൂടിലെ വിജയത്തെ കാണുന്നത്. നോട്ടു പിന്‍വലിക്കലും ജി.എസ്.ടിയും സൃഷ്ടിച്ച തിരിച്ചടിയെ ഹിന്ദുത്വരാഷ്ട്രീയം കൊണ്ട് ചെറുത്തുനില്‍ക്കാന്‍ കഴിയില്ല എന്ന് ബി.ജെ.പി നേതൃത്വത്തിലെ ഒരു വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ട്. കാര്യങ്ങള്‍ പൂര്‍ണ്ണമായും കൈവിട്ടു പോകാതിരിക്കാന്‍ ബി.ജെ.പി എന്തു മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്ന് വരും ദിവസങ്ങളില്‍ അറിയാം.