ഈഴവ മാട്രിമോണിയും നായർ മാട്രിമോണിയും പുരോഗമന കേരളവും

#

(14-11-17) : സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും നവോത്ഥാന പ്രസ്ഥാനങ്ങളും പാശ്ചാത്യ വിദ്യാഭ്യാസവും ഇടതുപക്ഷ പ്രസ്‌ഥാനങ്ങളും ഒക്കെ ചേര്‍ന്ന് സൃഷ്ടിച്ച ആധുനിക കേരളീയ സമൂഹം പരസ്യമായ ജാതി വിവേചനവും  ജാതീയമായ വേര്‍തിരിവുകളും സാധ്യമാകാത്ത അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കുറച്ചുനാള്‍ മുമ്പു വരെ ജാതി വ്യവസ്ഥയുടെ സുഖ സൗകര്യങ്ങള്‍ അനുഭവിച്ചിരുന്നവര്‍ പോലും ജാതിചിന്തകളെ പരസ്യമായി പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാൽ കുടഞ്ഞു കളയാൻ ശ്രമിച്ച തിന്മകളെ കേരളത്തിലേക്ക് തിരികെയെത്തിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം ശക്തിപ്പെടുകയാണ് ഇന്ന്.

മതേതരത്വം എന്ന മൂല്യത്തെ ശക്തിപ്പെടുത്താന്‍, മിശ്ര വിവാഹം പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന ഹൈക്കോടതി പരാമര്‍ശം പുറത്ത് വന്നതിന് പിന്നാലെ കേരളത്തിലെ പ്രമുഖ ടെലിവിഷന്‍ ചാനലുകളില്‍ വരുന്ന മാട്രിമോണിയല്‍ പരസ്യങ്ങള്‍ ശ്രദ്ധിച്ചാൽ തൊലിപ്പുറത്തു മാത്രമാണ് നമ്മുടെ പുരോഗമനമെന്ന് മനസിലാകും. ഭരണഘടനയെയും കോടതി വിധികളെയും പുരോഗമന ചിന്തയെയും പരസ്യമായി വെല്ലുവിളിക്കുകയാണ് അവ. ജാതി തിരിച്ചുള്ള മാട്രിമോണിയല്‍ പരസ്യങ്ങള്‍, സ്വജാതിയില്‍ നിന്നുമാത്രം ജീവിതപങ്കാളികളെ കണ്ടെത്തുന്ന പരമ്പരാഗത കച്ചവട വിവാഹങ്ങളെ മഹത്വവത്ക്കരിക്കുകയും ഇതര വിവാഹങ്ങളെ നിരാകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

വിവാഹം, കുടുംബജീവിതം, പൊതുജീവിതം എന്നിവയില്‍ പുരോഗമന സമൂഹം പുലര്‍ത്തുന്ന മാതൃകകളെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തവരോ അതിനെക്കുറിച്ച് തികഞ്ഞ അവജ്ഞ വെച്ച് പുലര്‍ത്തുന്നവരോ ആയ മതമേലദ്ധ്യക്ഷന്മാരുടെ പിടിയിലാണ് കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും. വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെക്കുന്നവരെപ്പോലും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാക്കി പിന്മാറ്റുവാനുളള ശ്രമങ്ങള്‍ മതമേലദ്ധ്യക്ഷന്‍മാരും ജാതിസംഘടനകളും ജാതിയെമാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയസംഘടനകളും നടത്തുന്നത് കേരളത്തില്‍ സാധാരണമായിരിക്കുന്നു. വരുമാനം മാത്രം ലക്ഷ്യമാക്കി ഏതുതരം പരസ്യങ്ങളും സ്വീകരിക്കുന്ന മുഖ്യധാരാമാധ്യമങ്ങൾ ജാതിയെയും മറ്റു വൃത്തികേടുകളെയും പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണത്താൽ ഒരു പരസ്യമെങ്കിലും നിരാകരിക്കുമെന്ന് ആരും  പ്രതീക്ഷിക്കുന്നില്ല. പക്ഷേ, മതനിരപേക്ഷ ചിന്താഗതി പുലര്‍ത്തുന്നവരോടൊപ്പം നില്‍ക്കാനും സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും ഉത്തരവാദിത്വമുള്ള  ഭരണകൂടം എന്തു ചെയ്യുകയാണ് എന്ന് അറിയാനുള്ള അവകാശം നമുക്കുണ്ട്.