ചാണ്ടി രാജിവെച്ചത് വിവാദങ്ങള്‍ ഒഴിവാക്കാന്‍ : ടി.പി.പീതാംബരന്‍

#

തിരുവനന്തപുരം (15-11-17) : തോമസ് ചാണ്ടിയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹം നിരപരാധിയാണെന്ന് മുഖ്യമന്ത്രിക്ക് ബോധ്യമായെന്നും എന്നാല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി ഉപദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നും എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി.പീതാംബരന്‍. മുഖ്യമന്ത്രിയുടെ ഉപദേശത്തെക്കുറിച്ച് എന്‍.സി.പി ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്താണ് അവസാന തീരുമാനമെടുത്തതെന്ന് തോമസ് ചാണ്ടിയുടെ രാജിക്കു ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ടി.പി.പീതാംബരന്‍ പറഞ്ഞു.

എന്‍.സി.പി മന്ത്രിമാരായിരുന്ന എ.കെ.ശശീന്ദ്രനും തോമസ് ചാണ്ടിയും അന്വേഷണം നേരിടുകയാണെന്നും അവരില്‍ ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ മന്ത്രിയാകുമെന്നും പീതാംബരന്‍ പറഞ്ഞു.തോമസ് ചാണ്ടി എന്തെങ്കിലും കുറ്റം ചെയ്തതായി തെളിഞ്ഞിട്ടില്ലെന്നും സര്‍ക്കാരിനും മുന്നണിക്കും എതിരായ അഭിപ്രായ രൂപീകരണം ഉണ്ടാകുന്ന സാഹചര്യത്തിലായിരുന്നു രാജി എന്നും എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷന്‍ വിശദീകരിച്ചു.

മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ മന്ത്രിമാര്‍ വിട്ടുനിന്നത് ശരിയായില്ലെന്ന് അതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. സി.പി.ഐയോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും സി.പി.ഐ നേതാക്കളുമായി സംസാരിക്കുമെന്നും ടി.പി.പീതാംബരന്‍ പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജി വൈകി എന്ന് അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു എന്‍.സി.പി അദ്ധ്യക്ഷന്റെ മറുപടി.