പുതിയ ഇടതു മന്ത്രി : കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ കളരിയിൽ കച്ച കെട്ടിയ അതിസമ്പന്നൻ

#

15-11-17 : [തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത ഏപ്രില്‍ 1 ന് ലെഫ്റ്റ് ക്ലിക് ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനം]

തിരുവനന്തപുരം (01.04.2017) : പണം ഉണ്ടാക്കാൻ അത്യുത്സാഹം കാണിക്കുന്ന ചെറുപ്പക്കാരെ വഴിവിട്ടു സഹായിക്കുന്നതിൽ ആനന്ദം അനുഭവിച്ച രാഷ്ട്രീയ നേതാവാണ് കെ.കരുണാകരൻ. പണം ഉണ്ടാക്കാനുള്ള വഴി കാട്ടിക്കൊടുക്കുകയും അവരെ വിശ്വസ്തരായ ആശ്രിതരായി കൂടെക്കൊണ്ടു നടക്കുകയും ചെയ്യുക അദ്ദേഹത്തിൻറെ ഇഷ്ടവിനോദമായിരുന്നു. പല കാലങ്ങളിലും ഇങ്ങനെ കരുണാകരന്റെ ആശ്രിതരായി കൂടിയവർ കരുണാകരൻ ഭരിക്കുമ്പോൾ ഭരണത്തിന്റെ ആനുകൂല്യങ്ങൾ ആവോളം അനുഭവിക്കുകയും അതിസമ്പന്നരായി മാറുകയും ചെയ്തിട്ടുണ്ട്. ഇക്കൂട്ടരുടെ സാമ്പത്തിക പിൻബലം കരുണാകരന്റെ രാഷ്ട്രീയത്തിന് എന്നും ശക്തി പകർന്നിരുന്നു. സഹായിക്കുന്നവരെ വിശ്വസ്ത സേവകരായി കൊണ്ടുനടക്കാനുള്ള കരുണാകരന്റെ വിദ്യ മറ്റു കോൺഗ്രസ് നേതാക്കൾ പലരും അനുകരിച്ചുനോക്കിയെങ്കിലും അക്കാര്യത്തിൽ കരുണാകരന്റെ അടുത്തെത്താൻ പോലും ഒരാൾക്കും കഴിഞ്ഞില്ല.

കരുണാകരന്റെ ഭരണകാലങ്ങളിൽ ഭരണത്തിന്റെ ഇടനാഴികളിൽ ശക്തരായിരുന്ന ഈ സമ്പന്നർ തീർത്തും അരാഷ്ട്രീയ സ്വഭാവമുള്ള ബിസിനസ്സുകാരല്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയം രക്തത്തിൽ അലിഞ്ഞുചേർന്ന ഇവർ മുതലാളിത്തത്തിൽ സ്വർഗ്ഗം കാണുന്നവരാണ്. ആദർശത്തിന്റെ അസുഖമില്ലാത്തതുകൊണ്ട് എങ്ങനെയും വളയാനും തിരിയാനും അവർക്ക് പ്രയാസമില്ല. ഇങ്ങനെ കരുണാകരന്റെ ഭരണകാലങ്ങളിൽ ഭരണഘടനാതീത അധികാരകേന്ദ്രങ്ങളായി വിലസിയവരിൽ പ്രധാനികളായ പിച്ച ബഷീർ, പാവം പയ്യൻ ആന്റോ, കുവൈറ്റ് ചാണ്ടി തുടങ്ങിയ പേരുകൾ അതിപരിചിതങ്ങളായിരുന്നെങ്കിലും അവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊതുജനങ്ങൾക്ക് കാര്യമായി ലഭ്യമായിരുന്നില്ല. അക്കൂട്ടത്തിലെ കുവൈറ്റ് ചാണ്ടിയാണ് പിൽക്കാലത്ത് കരുണാകരൻ രൂപീകരിച്ച ഡി.ഐ.സിയുടെ പ്രതിനിധിയെന്ന നിലയിൽ കുട്ടനാട്ട് നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയും ഡി.ഐ.സിയുടെ ഏക എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെടുകയും രാഷ്ട്രീയത്തിലെ പല രൂപ പരിവർത്തനങ്ങൾക്ക് ശേഷം ഇന്ന് പിണറായി മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്ത തോമസ് ചാണ്ടി.

തോമസ് ചാണ്ടിയുടെയും അടുത്ത ബന്ധുക്കളുടെയും പേരിൽ നൂറു കണക്കിന് കോടി രൂപയുടെ സ്വത്തുണ്ട്. വിദ്യാഭ്യാസമാണ് വിദേശത്ത് ഇദ്ദേഹത്തിന്റെ മുഖ്യവ്യവസായങ്ങളിലൊന്ന്. നാട്ടിൽ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലാണ് താല്പര്യം. കായലോര റിസോർട്ട് അടക്കം പുന്നമടക്കായലിൽ സുഖവാസത്തിന്റെ ഒരു തുരുത്ത് സൃഷ്ടിച്ച് നാട്ടിൽ ഒരു ആധുനികകാല കായൽരാജാവാകാനാണ് ചാണ്ടിയുടെ മോഹം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നയുടൻ, താൻ മന്ത്രിയാകുമെന്നും ജലവിഭവ വകുപ്പ് തന്നെ ചോദിച്ചു വാങ്ങുമെന്നും തോമസ് ചാണ്ടി പ്രഖ്യാപിക്കുകയുണ്ടായി. തന്റെ വ്യവസായ താല്പര്യങ്ങളുമായി ബന്ധപ്പെട്ട വകുപ്പ് തന്നെ തനിക്കു വേണമെന്നും താൻ അത് പിടിച്ചുവാങ്ങുമെന്നുമുള്ള പരസ്യ പ്രഖ്യാപനത്തിൽ പണം കൊണ്ട് എന്തും നേടാമെന്ന നിലവാരമില്ലാത്ത ഒരു മുതലാളിയുടെ വിശ്വാസവും ഹുങ്കും പ്രകടമായിരുന്നു. ഇപ്പോൾ മന്ത്രിയാകുമ്പോൾ, വകുപ്പ് ഏതാണെങ്കിലും താൻ അതങ്ങ് ശരിയാക്കിക്കളയുമെന്നാണ് ചാണ്ടിയുടെ വീമ്പ്. എൻ.സി.പിയുടെ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ സ്വതഃസിദ്ധമായ ഹാസ്യകലാപ്രകടന ശൈലിയിൽ പറഞ്ഞത്, തോമസ് ചാണ്ടി സ്വന്തം കയ്യിലെ പണം കൊണ്ട് കെ.എസ്.ആർ.ടി.സിയെ നേരെയാക്കുമെന്നാണ്. സ്വന്തം പോക്കറ്റിലെ പണമെടുത്ത് കെ.എസ്.ആർ.ടി.സിയെ നന്നാക്കുമെന്ന് പറയുന്ന ഇദ്ദേഹം എം.എൽ.എ യായിരിക്കെ ചികിത്സയ്ക്ക് വേണ്ടി സർക്കാർ ഖജനാവിൽനിന്ന് കൈപ്പറ്റിയത് 2 കോടി രൂപ.

കുട്ടനാട്ടിൽ കെ.എസ്.യു, യൂത്ത്കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ചില്ലറ പശ്ചാത്തലമുണ്ട് തോമസ് ചാണ്ടിക്ക്. കറതീർന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ് അക്കാലത്തെ കുട്ടനാട്ടിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മുഖമുദ്ര. പിന്നീട് വ്യവസായിയായി മാറിയതിനുശേഷം കരുണാകരന്റെ ശിൽബന്തിയായി മാറിയെങ്കിലും രാഷ്ട്രീയത്തിൽ സജീവമാകുന്നത് കരുണാകരൻ കോൺഗ്രസ് വിട്ട് ഡി.ഐ.സി (കെ) രൂപീകരിച്ചപ്പോഴാണ്. ഇടതുമുന്നണിയിൽ കയറിപ്പറ്റാനുള്ള വളഞ്ഞ വഴിയെന്ന നിലയിൽ കരുണാകരൻ അനുയായികളെയും കൂട്ടി എൻ.സി.പിയിൽ ചേർന്നപ്പോൾ ചാണ്ടിയും കൂടെപ്പോയി. കരുണാകരൻ എൻ.സി.പിയെ ഉപേക്ഷിച്ച് കോൺഗ്രസിലേക്ക് തിരിച്ചുപോയപ്പോൾ ചാണ്ടി ഒപ്പമുണ്ടായില്ല. കരുണാകരനെക്കാൾ ശക്തിമാനായ ശരദ്പവാറിന്റെ തണലാണ് തനിക്കിനി കൂടുതൽ നല്ലതെന്ന് തോമസ് ചാണ്ടി മനസ്സിലാക്കിയിരുന്നു. കരുണാകരനെപ്പോലെ , അസ്തമനത്തിലേക്ക് നീങ്ങുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കൂടെ നിൽക്കുന്നതിനെക്കാൾ ബോംബെ കേന്ദ്രമാക്കിയുള്ള വലിയ രാഷ്ട്രീയ സാമ്പത്തിക ശക്തിയെ നിയന്ത്രിക്കാൻ ശേഷിയുള്ള ശരദ്പവാറാണ് തനിക്ക് കൂടുതൽ ഗുണകരമെന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയ സമ്പദ്‌ശാസ്ത്രം പഠിക്കാൻ ചാണ്ടിക്ക് ഒരു സർവ്വകലാശാലയുടെയും സഹായം ആവശ്യമില്ല.

ഇന്നത്തെ കേരള നിയമസഭയിലെ ഏറ്റവും സമ്പന്നനായ അംഗമാണ് തോമസ്ചാണ്ടി. ചാണ്ടിയെ മന്ത്രിസഭയിലെടുക്കുക വഴി പുതിയ ഒരു കീഴ്വഴക്കം സൃഷ്ടിക്കുകയാണ് ഇടതുമുന്നണി. ഒരു വൻകിട മുതലാളി നേരിട്ട് മന്ത്രിസഭയിൽ അംഗമാകുന്നതോടെ ഇടതുമുന്നണിയുടെ പ്രഖ്യാപിത തൊഴിലാളി വർഗ്ഗ നിലപാടുകളിൽ വെള്ളം ചേർക്കപ്പെടുമോ എന്ന ആശങ്ക മുന്നണിയുടെ സാധാരണ പ്രവർത്തകരിലുണ്ട്. തൊഴിലാളികൾക്കും സാമാന്യജനങ്ങൾക്കും മുൻ‌തൂക്കം കൊടുക്കുന്ന ഒരു മന്ത്രിസഭയുടെ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ ഒരു മുതലാളി നേരിട്ട് പങ്കാളിയാകുകയാണ് ഇവിടെ. മുമ്പ് വ്യവസായി കൂടിയായ ബേബീജോൺ മന്ത്രിയായിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് സ്വാതന്ത്ര്യ സമരത്തിന്റെയും ദീർഘമായ തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തിന്റെയും പാരമ്പര്യം അവകാശപ്പെടാനുണ്ടായിരുന്നു. തോമസ് ചാണ്ടിയുടെ മന്ത്രിസഭാ പ്രവേശം കേരളത്തിലെ ഇടതുമുന്നണി രാഷ്ട്രീയത്തിൽ എന്തൊക്കെ മാറ്റങ്ങൾ സൃഷ്ടിക്കും എന്ന് കാത്തിരുന്ന് കാണാം.