ചാണ്ടിക്ക് പാലക്കാട്ടെ കൊച്ചന്റെ ആശംസ : വൈറലായി വി.ടി.ബൽറാമിന്റെ പോസ്റ്റ്

#

(15-11-17) : കായൽ കയ്യേറ്റവുമായിബന്ധപ്പെട്ട് കോടതിയിൽനിന്നും കനത്ത പ്രഹരം ഏറ്റുവാങ്ങി മന്ത്രിസ്ഥാനത്തുനിന്ന് പടിയിറങ്ങിയ തോമസ്ചാണ്ടിയെ പരിഹസിച്ച് തൃത്താല എം.എൽ.എ വി.ടി.ബൽറാം. കേരള രാഷ്ട്രീയത്തിലെ ദുർമേദസിന്‌ വിശ്രമ ജീവിതം ആശംസിച്ചുകൊണ്ട് സ്നേഹപൂർവ്വം പാലക്കാട്ടെ കൊച്ചൻ എന്ന ബൽറാമിന്റെ പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

പോസ്റ്റിൽ തോമസ്ചാണ്ടിയുടെ മുഖത്തോട് സാമ്യം തോന്നുന്ന ചിരട്ടയിൽ വരച്ച ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനകം പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവെചു കഴിഞ്ഞു. പോസ്റ്റിലെ പരിഹാസത്തിനപ്പുറം ചിത്രമാണ് പുതിയ ചർച്ചകൾക്ക് തുടക്കമിടുന്നത്. തോമസ് ചാണ്ടിയുടെ ആകാരത്തെ പരിഹസിക്കും വിധമാണ് ചിത്രമെന്ന് എതിർക്കുന്നവർ ആരോപിക്കുന്നു.

തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റം സംബന്ധിച്ച് ആരോപണം ഉയർന്നപ്പോൾ വിഷയം വി.ടി.ബൽറാം നിയമസഭയിൽ ഉന്നയിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച തോമസ് ചാണ്ടി മാർത്താണ്ഡം കായൽ എന്നുപറഞ്ഞാൽ വേമ്പനാട്ടു കായൽ പോലെയാണെന്ന് വിചാരിച്ചിരിക്കുകയാണ് പാലക്കാട്ടുകാരൻ കൊച്ചൻ. കാര്യങ്ങൾ അറിയാതെ കയ്യേറിയെന്ന് പറയുകയാണ് എന്നും പ്രതികരിച്ചിരുന്നു. തോമസ് ചാണ്ടി അന്ന് നടത്തിയ പരിഹാസത്തിന് മറുപടികൂടിയാണ് ബൽറാമിന്റെ പോസ്റ്റ്.