ഹാര്‍ദ്ദിക് പട്ടേലിനെതിരേ സെക്‌സ് വീഡിയോ ക്ലിപ്പുകളുടെ പ്രളയം

#

അഹമ്മദാബാദ് (15-11-17) : പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് ഹാര്‍ദ്ദിക് പട്ടേലിന്റെ അശ്ലീല വീഡിയോ ക്ലിപ്പുകള്‍ തുടര്‍ച്ചയായി ബി.ജെ.പി പുറത്തു വിട്ടു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ, ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ നിലവാരം എല്ലാ പരിധികളും തകര്‍ക്കുന്ന നിലയിലായി. ബി.ജെ.പിയുടെ വോട്ടുബാങ്കായിരുന്ന പട്ടേല്‍ സമുദായം തങ്ങളില്‍ നിന്ന് വിട്ടു പോകുകയാണ് എന്ന ധാരണയിലാണ് ഹാര്‍ദ്ദിക് പട്ടേലിനെ ഉന്നം വെച്ച് ബി.ജെ.പി ആക്രമണം ശക്തമാക്കിയത്. ഇന്ന് 4 വീഡിയോ ക്ലിപ്പുകള്‍ കൂടി ബി.ജെ.പി പുറത്തു വിട്ടു. ഒരു യുവതിയോടൊപ്പം ഹാര്‍ദ്ദിക് പട്ടേലും സുഹൃത്തുക്കളും മദ്യപിക്കുന്നതിന്റെയും ശാരീരിക ബന്ധം പുലര്‍ത്തുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോ ക്ലിപ്പിലുള്ളത്. വ്യാജ വീഡിയോകളാണ് പ്രചരിക്കുന്നതെന്ന് ഹാർദിക് പട്ടേൽ പറഞ്ഞു. ലൈംഗിക ബന്ധത്തിനുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കുമുള്ളതാണെന്നും അതിന്റെ പേരില്‍ ഹാര്‍ദ്ദിക് പട്ടേലിന് എതിരേയുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്നും ജിഗ്നേഷ് മേവാനി പരസ്യമായി പ്രതികരിച്ചിരുന്നു.

ഹാര്‍ദ്ദിക് പട്ടേല്‍, പട്ടേല്‍ സമുദായത്തില്‍ ചെലുത്തുന്ന സ്വാധീനം മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പട്ടേല്‍ പ്രക്ഷോഭത്തില്‍ ഹാര്‍ദ്ദിക്കിന്റെ സഹപ്രവര്‍ത്തകയായിരുന്ന രേഷ്മാ പട്ടേലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചിക്കുകയാണ് ബി.ജെ.പി. കോണ്‍ഗ്രസില്‍ ചേരാന്‍ ശ്രമം നടത്തിയിരുന്ന തന്നെ കാണാന്‍ ഗുജറാത്ത് സന്ദര്‍ശന വേളയില്‍ രാഹുല്‍ഗാന്ധി കൂട്ടാക്കാതിരുന്നു എന്ന കാരണത്താല്‍ ബി.ജെ.പിയില്‍ ചേര്‍ന്നയാളാണ് രേഷ്മാ പട്ടേല്‍. ഹാര്‍ദ്ദിക് പട്ടേലിനെതിരേ ബി.ജെ.പി നടത്തുന്ന വ്യക്തിപരമായ ആക്ഷേപങ്ങള്‍ പട്ടേല്‍ സമുദായാംഗങ്ങളില്‍ ബി.ജെ.പിക്കെതിരായ വികാരം വളര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.