മാധ്യമങ്ങൾക്കെതിരെ എം.വി.ജയരാജൻ

#

(16-11-17) : സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ കണ്ണൂർ ജില്ലാ സെക്രട്ടറിക്കെതിരെ നടപടിയെന്ന വാർത്ത നല്കയതിന് മാധ്യമങ്ങൾക്കെതിരെ എം.വി.ജയരാജൻ. കമ്മിറ്റി ചേരുന്നത് കുഴിമന്തി ബിരിയാണി കഴിക്കാനല്ല. അങ്ങനെ ചെയ്യുന്ന പാർട്ടികൾ ഉണ്ടാകും. എന്നാൽ കൃത്യമായി കമ്മിറ്റികൾ ചേരുകയും അതുവരെയുള്ള ദൈനംദിന പ്രവർത്തനങ്ങളും പൊതുവിഷയങ്ങളും വിലയിരുത്തുകയും ചെയ്യുന്നതാണ് സി.പി.ഐ.എം രീതി. സി.പി.ഐ.എം എന്താണെന്നറിയാത്തവരും പാർടിയെക്കുറിച്ച് അല്പധാരണയുള്ളവരുമായ ചില മാധ്യമങ്ങൾ പലതും പടച്ചുവിടുന്നുണ്ട് എന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പ്രമുഖ സി.പി.എം നേതാവുമായ ജയരാജൻ ആരോപിച്ചു. ഫെയ്‌സ് ബുക്കിലൂടെയാണ് ജയരാജൻ മാധ്യമങ്ങൾക്കെതിരെ വിമർശനം ഉന്നയിക്കുന്നത്.

വസ്തുതയാണ് വാർത്തയാക്കേണ്ടത്. കള്ളം പ്രചരിപ്പിക്കുകയും അത് സത്യമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കൂടുതൽ കള്ളങ്ങൾ ഫോളോഅപ്പ് സ്റ്റോറി കളാക്കുകയും ചെയ്യുന്നവർ ഗീബൽസിയൻ തന്ത്രക്കാർ തന്നെയെന്ന് തീർച്ചയായും പറയേണ്ടിവരും. അത്തരത്തിലൊന്നാണ് സ. പി ജയരാജനെതിരെ നൽകിയ വാർത്ത എന്ന് എം.വി.ജയരാജൻ ആരോപിക്കുന്നു.

സി.പി.ഐ.എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഇതാദ്യമായല്ല ഒരോ വ്യക്തിയുടേയും പ്രവർത്തനത്തെ കുറിച്ച് വിലയിരുത്തുന്നത്. അത് പാർട്ടി രൂപീകരിച്ചതുമുതൽ തുടർന്നുപോരുന്ന സംഘടനാരീതിയാണ്. മാർക്‌സിസ്റ്റ് വിരോധം തലയ്ക്ക് പിടിച്ചവർക്കും മാധ്യമപ്രവർത്തനത്തിൽ വസ്തുതയ്ക്ക് പകരം വിവാദത്തെ തിരുകിക്കയറ്റുന്നവർക്കും സി.പി.ഐ.എം സംഘടനാ രീതിയോട് വിയോജിപ്പുണ്ടാകാം. ഇത്തരക്കാരാണ് പി.ജയരാജനെതിരെ നടപടിയെടുത്തുവെന്ന വാർത്തകൾ പടച്ചുവിടുന്നതെന്നും എം.വി.ജയരാജൻ കുറ്റപ്പെടുത്തി.