ലത : പറഞ്ഞതുപോലെ ജീവിച്ച ഒരാള്‍

#

(16-11-17) : (ഇന്ന് അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ.എ.ലതയെ സുഹൃത്തും കവിയുമായ വി.എം.ഗിരിജ അനുസ്മരിക്കുന്നു.)

ലത പരിസ്ഥിതി സ്‌നേഹം വെറുതേ പറയുക മാത്രം ചെയ്ത ഒരാളല്ല. പറഞ്ഞതു പോലെ ജീവിക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് ലതയ്ക്ക് കൃഷി വകുപ്പിലെ ജോലി ഉപേക്ഷിക്കേണ്ടി വന്നത്. അനാവശ്യമായ രാസവള പ്രയോഗവും കീടനാശിനി ഉപയോഗവും പാടില്ലെന്നു പറയുകയും അവ ഉപയോഗിക്കുന്ന ഒരു സര്‍ക്കാര്‍ വകുപ്പില്‍ പണിയെടുക്കുകയും ചെയ്യേണ്ടി വരുന്നതിലെ പൊരുത്തക്കേട് ഉള്‍ക്കൊള്ളാനാവാതെ വന്നപ്പോഴാണ് ലത ജോലി ഉപേക്ഷിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ചാലക്കുടിപ്പുഴ സംരക്ഷണത്തിനു വേണ്ടിയും അതിരപ്പള്ളിപ്പദ്ധതിക്കു എതിരേയുമുള്ള പ്രവര്‍ത്തനങ്ങളില്‍ ലത പൂര്‍ണ്ണമായും മുഴുകിയത് തികഞ്ഞ ആത്മാര്‍ത്ഥതയോടെയാണ്. ശാസ്ത്രീയമായി പഠിച്ച് പ്രശ്‌നങ്ങള്‍ കൃത്യമായി അവതരിപ്പിക്കാന്‍ എപ്പോഴും ലത ശ്രദ്ധിച്ചിരുന്നു. വെറുതേ ഒന്നും പറയുന്നയാളായിരുന്നില്ല. ചാലക്കുടിപ്പുഴ  ലതയുടെ വികാരമായിരുന്നു. പക്ഷേ, പുഴയുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ വികാരം ലതയെ കീഴ്‌പ്പെടുത്തിയിരുന്നില്ല.

ആകാശവാണിക്കു വേണ്ടി പുഴ മലയാളം എന്ന പരിപാടി ചെയ്യുമ്പോള്‍ കൂടുതല്‍ അടുത്തിടപഴകാന്‍ കഴിഞ്ഞു. നല്ല സുഹൃത്തുക്കളെ പലരെയും എപ്പോഴാണ് ആദ്യം കണ്ടതെന്നോ പരിചയപ്പെട്ടതെന്നോ പറയാന്‍ കഴിയില്ല. ലതയെയും എന്നാണ് പരിചയപ്പെട്ടതെന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. എപ്പോഴും കാണുകയും സംസാരിക്കുകയും ചെയ്തില്ലെങ്കിലും നമ്മുടെ തന്നെ ഭാഗമാണെന്ന് തോന്നുന്ന സൗഹൃദങ്ങളുണ്ടല്ലോ, അങ്ങനെ ഒരു സുഹൃത്തായിരുന്നു ലത.

ചാലക്കുടിപ്പുഴയുടെ സംരക്ഷണത്തിനു വേണ്ടിയും മറ്റുമുള്ള സമരങ്ങളില്‍ ലതയുടെ കൂടെ പങ്കെടുത്തിട്ടുണ്ട്. ഞാനൊക്കെ വെറും പങ്കാളികള്‍ മാത്രമായിരുന്നപ്പോള്‍ ലത പൂര്‍ണ്ണമായും ജീവിതം അതിനുവേണ്ടി നീക്കി വെയ്ക്കുകയായിരുന്നു. ഇനി ലത ഇല്ല. ലതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകണം. അതിരപ്പള്ളി പദ്ധതി വരാതെ നോക്കുക വഴി നമുക്ക് ലതയോട് നീതി പുലര്‍ത്താം.