വിദേശത്തുപോകാൻ പാസ്സ്‌പോർട്ട് തിരികെ വേണം : ദിലീപ് ഹൈക്കോടതിയിൽ

#

കൊച്ചി (17-11-17) : നടിയെ ആക്രമിച്ച കേസിൽ കോടതി നിർദ്ദേശിച്ച കർശന ജാമ്യവ്യവസ്ഥകളിൽ ഇളവ് തേടി ദിലീപ് ഹൈക്കോടതിയിൽ. വിദേശത്തു പോകുന്നതിന് പാസ്സ്‌പോർട്ട് ആവശ്യമാണെന്നും അത് തിരികെ നൽകണമെന്നുമാണ് പ്രധാന ആവശ്യം. വിദേശത്ത് ആരംഭിക്കുന്ന വ്യാപാര സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിനു പോകുന്നതിനാണ് പാസ്സ്‌പോർട്ട് എന്നും ഹർജിയിൽ പറയുന്നു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിക്കുമ്പോൾ കർശന ജാമ്യവ്യവസ്ഥകളാണ് ഏർപ്പെടുത്തിയിരുന്നത്. അതിലൊന്ന് പാസ്സ്‌പോർട്ട് വിചാരണകോടതിയിൽ ഏൽപ്പിക്കണമെന്നായിരുന്നു. ഇതനുസരിച്ച്‌ ജാമ്യം ലഭിച്ചതിന്റെ അടുത്ത ദിവസം ദിലീപ് പാസ്സ്‌പോർട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു.

ദിലീപിനെതിരായ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള അന്വേഷണ സംഘത്തിന്റെ നടപടികൾ അന്തിമ ഘട്ടത്തിലാണ് . ഇതിന്റെ ഭാഗമായി മുൻപ് നൽകിയിട്ടുള്ള മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി  ദിലീപിനെ ആലുവ പോലീസ് ക്ലബിൽ വച്ച് കഴിഞ്ഞ ദിവസം വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.  22 നു മുൻപായി കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.