രാഹുലിന് പുറകേ ഗുജറാത്തിനെ ഇളക്കി മറിച്ച് ജ്യോതിരാദിത്യ സിന്ധ്യ

#

അഹമ്മദാബാദ് (17-11-17) : ഗുജറാത്തിലെ വോട്ടര്‍മാരില്‍ 50 ശതമാനത്തിലേറെ 35 വയസ്സില്‍ താഴെയുള്ളവരാണെന്നതിനാല്‍ യുവാക്കളെ പ്രത്യേകം ഉന്നംവെച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പ്രചരണം സംഘടിപ്പിക്കുന്നത്. രാഹുല്‍ഗാന്ധിയുടെ പ്രചരണത്തിന് യുവാക്കളില്‍ നിന്ന് ലഭിച്ച വലിയ പ്രതികരണം കോണ്‍ഗ്രസിന് നല്ല ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ജിഗ്നേഷ് മെവാനി, ഹാര്‍ദിക് പട്ടേല്‍, അല്‌പേഷ് താക്കൂര്‍ എന്നീ യുവാക്കളെ മുന്നില്‍ നിര്‍ത്തിക്കൊണ്ടുള്ള പ്രചരണം യുവാക്കളില്‍ വലിയ ചലനമുണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഗുജറാത്ത് വികസന മാതൃകയെ പൊളിച്ചടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അഭ്യസ്തവിദ്യരായ യുവാക്കളെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടിയുള്ള തന്ത്രങ്ങളുടെ ഭാഗമായി സാംപിട്രോഡയെ ഗുജറാത്ത് പ്രചരണത്തില്‍ ഉപയോഗപ്പെടുത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. പുതിയ ആകര്‍ഷകമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രായോഗികമായ പദ്ധതികള്‍ തയ്യാറാക്കുന്നതു സംബന്ധിച്ച് യുവാക്കളുമായി ആശയവിനിമയം നടത്തുന്നതും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമാണ്.

മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ നടത്തിയ പ്രചരണ പര്യടനം യുവാക്കളെ വലിയ രീതിയില്‍ ആകര്‍ഷിച്ചു. വദോദ്രയില്‍ നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിഗണിക്കാന്‍ ഫാസ്റ്റ്ട്രാക്ക് കോടതികള്‍ തുടങ്ങുമെന്ന് സിന്ധ്യ പ്രഖ്യാപിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് അല്പംപോലും സുരക്ഷിതത്വമില്ലെന്ന് സിന്ധ്യ പറഞ്ഞു. രാഹുലിന് പിറകേ ജനക്കൂട്ടത്തെ ഇളക്കി മറിച്ചുകൊണ്ടുള്ള സിന്ധ്യയുടെ പര്യടനം കൂടിയായപ്പോള്‍ കോണ്‍ഗ്രസ് അണികളുടെ ആത്മവിശ്വാസം കുതിച്ചുയര്‍ന്നിട്ടുണ്ട്.