ദീപിക, ബൻസാലി എന്നിവരുടെ തല കൊയ്യുന്നവർക്ക് 5 കോടി ; അതിരുകടന്ന് ക്ഷത്രിയ യുവ സഭ

#

ജയ്പ്പൂർ (17-11-17) : സഞ്ജയ് ലീല ബൻസാലി ഒരുക്കിയ പദ്മാവതിക്കെതിരെ ക്ഷത്രിയ സംഘടനകൾ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങൾ ഒരു പടികൂടി കടന്ന് ചിത്രത്തിൽ അഭിനയിച്ച താരത്തിന്റെ തല കൊയ്യുന്നവർക്ക് ഇനാം പ്രഖ്യാപിക്കുന്ന നിലയിലെത്തി. സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെയും പദ്മാവതിയായി അഭിനയിച്ച ദീപിക പദുക്കോണിന്റെയും തല കൊയ്യുന്നവർക്ക് 5 കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അഖില ഭാരതീയ ക്ഷത്രിയ യുവ മഹാസഭ ദേശീയ അധ്യക്ഷൻ താക്കൂർ അഭിഷേക് സോം.

സഞ്ജയ് ലീല ബൻസാലി ചരിത്രത്തെ വളച്ചൊടിച്ച് റാണി പദ്മാവതിയുടെ പേര് മോശമാക്കുകയാണ് ചെയ്തത്. രാജ്യത്തിന് വേണ്ടി 12000 ത്തോളം വരുന്ന സ്ത്രീകൾക്കൊപ്പം ജീവ ത്യാഗം ചെയ്തയാളാണ് റാണി. ഒന്നുകിൽ ബന്സാലിയും ദീപികയും രാജ്യം വിടണം അല്ലെങ്കിൽ അവരുടെ തല വെട്ടണം. ഇരുവരുടെയും തലയെടുത്ത് ആരാണോ കൊണ്ടുവരുന്നത് അവർക്ക് 5 കോടി രൂപ നൽകും എന്ന് അഭിഷേക് സോം പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്.

ചിത്രം തിയ്യറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയ്യറ്റര്‍ കത്തിക്കുമെന്നും ചരിത്രത്തെ വികലമായി അവതരിപ്പിക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നും സേന ആരോപിക്കുന്നു.കഴിഞ്ഞ ദിവസം ചിത്രത്തി അഭിനയിച്ചതിന് ദീപികയുടെ മൂക്ക് ചെത്തുമെന്ന് കര്‍ണി സേന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ചിത്രത്തിന്റെ പോസ്റ്ററുകൾ കത്തിക്കുകയും ട്രെയ്‌ലർ പ്രദർശിപ്പിച്ച തീയേറ്ററുകൾക്കു നേരെ ആക്രമണം നടത്തുകയും ചെയ്തിരുന്നു. തുടക്കത്തിൽ ക്ഷത്രിയ സംഘടനകളാണ് പദ്മാവതിക്കെതിരെ തിരിഞ്ഞതെങ്കിലും ഇപ്പോൾ ബിജെപിയും ചിത്രത്തിന്റെ ഉള്ളടക്കം ചരിത്രത്തെയും സംസ്കാരത്തെയും വളച്ചൊടിക്കുന്നതാണെന്നും ആരോപിച്ച് രംഗത്തുവന്നു.

പദ്മാവതിക്കെതിരെ ജനങ്ങൾക്ക് വലിയ പ്രതിഷേധം ഉണ്ടെന്നും രാജ്യത്ത് ഉയരുന്ന പ്രതിഷേധങ്ങൾ കേന്ദ്രസർക്കാർ കണക്കിലെടുക്കണമെന്നും കാണിച്ച് യു.പി മുഖ്യമന്ത്രി കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. ചിത്രം റിലീസ് ചെയ്യുന്നത് തടയുന്നതിന് നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ചിത്രത്തിനെതിരെ സംഘപരിവാര്‍ പോര്‍വിളികള്‍ക്കെതിരെ നടന്‍ പ്രകാശ് രാജ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. നേരത്തേയും അസഹിഷ്ണുതയ്ക്കെതിരെ ഉപയോഗിച്ച ജസ്റ്റ് ആസ്‌കിംഗ് ഹാഷ് ടാഗുമായാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. ഒരാള്‍ക്ക് മൂക്ക് ചെത്തണം, മറ്റൊരാള്‍ കാലാകാരന്റെ തലയറുക്കണമെന്ന് പറയുന്നു. വേറൊരാള്‍ക്ക് നടനെ വെടി വെക്കണം, സംവിധാനങ്ങള്‍ക്ക് ചില സിനിമകളെ ഫിലിം ഫെസ്റ്റിവലുകളില്‍ നിന്ന് പിന്‍വലിക്കണം. ഇനിയും ഇവിടെ അസഹിഷ്ണുതയില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്?’. എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.