ശബരിമലയിലെ വാവരു പള്ളിക്കെതിരെ വർഗ്ഗീയ വിഷം ചീറ്റി ഹിന്ദു ഹെൽപ്പ് ലൈൻ

#

പത്തനംതിട്ട (17-11-17) :  മതസൗഹാർദ്ദത്തിന്റെ കേന്ദ്രമായി കരുതപ്പെടുന്ന ശബരിമല ക്ഷേത്രത്തെയും വർഗീയതയുടെ ചട്ടക്കൂടിലൊതുക്കാനൊരുങ്ങി സംഘപരിവാർ സംഘടനകൾ. ശബരിമലയിലെ വാവരു പള്ളിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വർഗീയ വിഷം വമിപ്പിക്കുന്ന പരാമർശങ്ങളാണ് സംഘപരിവാർ നടത്തുന്നത്.  ശബരിമലയില്‍ പോകുന്നവര്‍ എരുമേലി വാവര്‍ പള്ളിയിലും ശബരിമലയിലെ വാവര്‍ നടയിലും കാണിക്ക ഇടരുതെന്നാണ് പുതിയ ആഹ്വാനം.

ഹിന്ദുക്കളുടെ പൈസ കൊണ്ട് ജിഹാദികള്‍ വളരുന്നതിന് അയ്യപ്പ ഭക്തര്‍ കൂട്ട് നില്‍ക്കരുതെന്നും അവിടെ കാണിക്കയിടുന്ന പണം ഏതെങ്കിലും ഹിന്ദുവിന്റെ ചികിത്സയ്‌ക്കോ അന്നദാനത്തിനോ മാറ്റിവയ്ക്കണമെന്നും ഹിന്ദു ഹെല്‍പ് ലൈന്‍ ആവശ്യപ്പെടുന്നു.  സംഘപരിവാര്‍ സംഘടകളുടെ ആശയ പ്രചരണം നടത്തുന്ന   ഫേസ്ബുക്ക് പേജാണ്  ഹിന്ദുഹെല്‍പ്പ് ലൈന്‍.

മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ശബരിമലയിലെ വാവര്‍ നടയും എരുമേലിയിലെ വാവര്‍ പള്ളിയും ശബരിമലയില്‍ പോകുന്ന അയ്യപ്പ ഭക്തര്‍ പള്ളിയില്‍ കയറി ഇമാമിനെ കണ്ട് വണങ്ങുകയും നേർച്ചകൾ നടത്തുകയും ചെയ്യുന്ന പതിവുണ്ട്. കാലങ്ങളായി തുടർന്നുവന്നിരുന്ന ആചാരത്തിനാണ് വർഗീയതയുടെ നിറം നൽകാൻ സംഘപരിവാർ ശ്രമിക്കുന്നത്.  മുമ്പ് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന് സംഘപരിവാര്‍ സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു. ദേവസ്വം ബോർഡിന് ലഭിക്കുന്ന പണം സംസ്ഥാന ഖജനാവിലേക്കാണ് പോകുന്നത്. ഇത്തരത്തിൽ ഹിന്ദുക്കൾ കാണിക്ക ഇടുന്ന പണം  മറ്റു മത വിഭാഗങ്ങൾക്കാണ്  പ്രയോജനപ്പെടുക എന്നായിരുന്നു സംഘപരിവാർ സംഘടനകൾ പ്രചരിപ്പിച്ചിരുന്നത്. സമാനമായ രീതിയിലാണിപ്പോൾ ശബരിമലയിലെ വാവരു നടക്കെതിരെ നടത്തുന്ന പ്രചാരണം.