ചാണ്ടിക്കെതിരായ നിലപാട് ; സി.പി.ഐയില്‍ അഭിപ്രായവ്യത്യാസമില്ല : പ്രകാശ് ബാബു

#

തിരുവനന്തപുരം (18-11-17) : തോമസ് ചാണ്ടി രാജി വെയ്ക്കണം എന്ന നിലപാട് സ്വീകരിച്ചത് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവാണെന്ന് പാര്‍ട്ടി സംസ്ഥാന അസി.സെക്രട്ടറി കെ.പ്രകാശ് ബാബു. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് എടുത്ത തീരുമാനം ഇടതുമുന്നണിയില്‍ അവതരിപ്പിക്കാനും മുഖ്യമന്ത്രിയെ അറിയിക്കാനും സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. അതനുസരിച്ചാണ് പാര്‍ട്ടി നടപടികള്‍ സ്വീകരിച്ചതെന്ന് പ്രകാശ് ബാബു തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്ന് കെ.ഇ.ഇസ്മായീല്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നാക്ക് പിഴ മാത്രമാണെന്ന് പറഞ്ഞ പ്രകാശ് ബാബു തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ച സംഭവവികാസങ്ങളില്‍ സി.പി.ഐയില്‍ അഭിപ്രായഭിന്നതയുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ചു. പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് അംഗം എന്തെങ്കിലും അഭിപ്രായം പറയുന്നതുകൊണ്ട് കെടുന്നതല്ല സി.പി.ഐയുടെ ശോഭയെന്നും നിലപാടുകളിലെ ശരിയും സംഘടനാപരവുമായ കെട്ടുറപ്പുമാണ് സി.പി.ഐയുടെ ശോഭ തെളിയിക്കുന്നതെന്നും ഒരു ചോദ്യത്തിനുത്തരമായി സി.പി.ഐ അസി.സെക്രട്ടറി പറഞ്ഞു. 22 ന് കൂടുന്ന സംസ്ഥാന നിർവ്വാഹക സമിതി ഇത് സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.