ആരാണ് മുന്നണി മര്യാദ ലംഘിക്കുന്നത് ?

#

(18-11-17) : ഏതു മുന്നണിയാണെങ്കിലും പരസ്പര വിശ്വാസത്തോടെയും പരസ്പര ബഹുമാനത്തോടെയും പെരുമാറേണ്ടത് ഘടക കക്ഷികളുടെയെല്ലാം ചുമതലയാണ്. അതിൽ വലിപ്പച്ചെറുപ്പത്തിന് സ്ഥാനമില്ല. കായൽ കയ്യേറ്റക്കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ സി.പി ഐ,  മുന്നണി മര്യാദ കാണിച്ചില്ല എന്ന ആരോപണവുമായി രംഗത്ത് വന്നത് സി.പി.എം. ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് .ഭരണഘടനാ വിരുദ്ധ പ്രവൃത്തി നടത്തിയ ഒരു മന്ത്രി പങ്കെടുക്കുന്ന യോഗത്തിൽ തങ്ങൾ സംബന്ധിക്കുന്നില്ല എന്ന് മുഖ്യമന്ത്രിക്ക് എഴുതിക്കൊടു ത്തിട്ട് മാറി നിന്നതിനെയും എൽ ഡി എഫ് യോഗത്തിൽ തോമസ് ചാണ്ടിക്കെതിരെ നിലപാട് എടുത്തതിനെയുമാണ് മുന്നണിമര്യാദയുടെ ലംഘനമായി കോടിയേരി വ്യാഖ്യാനിക്കുന്നത്. ഒരു മന്ത്രി സ്വന്തം സർക്കാരിനെതിരെ കേസ് കൊടുത്തതു ഭരണഘടനാ വിരുദ്ധമാണെന്നു ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടും അയാളെ പങ്കെടുപ്പിച്ചുകൊണ്ട് മന്ത്രിസഭാ യോഗം കൂടിയപ്പോൾ യോഗത്തിൽ നിന്നും മാറിനിന്നതു മുന്നണിമര്യാദയുടെ ലംഘനമാകുന്നതെങ്ങനെ എന്ന് മനസ്സിലാകുന്നില്ല. സിപിഐക്കാരനായ റവന്യൂ മന്ത്രി യുടെ അഭിപ്രായം ആരായാതെ അദ്ദേഹത്തിന്റെ വകുപ്പിൽ പെട്ട കേസിൽ അഡ്വക്കേറ്റ് ജനറലിനോട് സ്റ്റേറ്റ് അറ്റോർണിയെ നിയോഗിക്കാൻ നിർദ്ദേശം കൊടുത്ത  മുഖ്യമന്ത്രിയല്ലേ മുന്നണിമര്യാദ ലംഘിച്ചത്? റവന്യു വകുപ്പ്, മന്ത്രിയുടെ തറവാട്ടു സ്വത്തല്ല എന്ന് എജിയെ കൊണ്ട് പറയിപ്പിച്ചത് വല്ലാത്ത മര്യാദയാണല്ലോ. ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച് കളക്റ്റർ നൽകിയ റിപ്പോർട്ട് ,യാതൊരു പ്രസക്തിയുമില്ലാതെ എ .ജിയുടെ  ഉപദേശത്തിന് വിട്ട മുഖ്യമന്ത്രി, ഉപദേശം കിട്ടിയിട്ട്  അതേക്കുറിച്ച് റവന്യൂ മന്ത്രിയോട് പറയാതിരുന്നത് എന്ത് മുന്നണി മര്യാദയാണ്?

മൂന്നാറിൽ ചിലർ ഏക്കർ കണക്കിന് സ്ഥലം കയ്യേറി കുരിശു സ്ഥാപിച്ചപ്പോൾ റവന്യു ഉദ്യോഗസ്ഥർ അത് നീക്കം ചെയ്ത നടപടിയെ കോട്ടയത്ത് ഒരു പൊതുവേദിയിൽ വച്ച് മുഖ്യമന്ത്രി വിമർശിക്കുക വഴി മുന്നണിയുടെ മര്യാദ മാത്രമല്ല മന്ത്രിസഭയുടെ മര്യാദയുമാണ് തകർത്തത്. സത്യപ്രതിജ്ഞാ ലംഘനമാണ് മുഖ്യമന്ത്രി നടത്തിയത്. മൂന്നാറിൽ  അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ മുൻകൈ എടുത്ത സബ് കളക്റ്ററെ മുഖ്യമന്ത്രി ഇടപെട്ട് സ്ഥലം മാറ്റുകയായിരുന്നു. റവന്യു വകുപ്പ് മന്ത്രി അറിയാതെ അവിടുത്തെ കയ്യേറ്റക്കാരുടെ യോഗം വിളിച്ച് കൂട്ടിയതും മുഖ്യമന്ത്രി ആയിരുന്നു.  അന്നൊന്നും സി.പി.എം.പാർട്ടി സെക്രട്ടറി എന്തുകൊണ്ട് മുന്നണിമര്യാദയെ കുറിച്ച് പറഞ്ഞില്ല?

എൽ.ഡി.എഫ് സംഘടിപ്പിച്ച ജനജാഗ്രതാ യാത്രയിൽ വച്ച് കളക്റ്ററേയും റവന്യു വകുപ്പിനെയും സർക്കാരിന്റെ അന്വേഷണത്തെ യും തോമസ് ചാണ്ടി അപഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്തത് എന്ത് മുന്നണി മര്യാദയുടെ പേരിലായിരുന്നു? കളക്റ്ററുടെ റിപ്പോർട്ടിന്മേൽ എ.ജി നൽകിയ നിയമോപദേശം വകുപ്പ് മന്ത്രിയെ അറിയിക്കാതെ മുഖ്യമന്ത്രി സ്വന്തം പാർട്ടി സെക്രട്ടറിയെ മാത്രമാണ് കാണിച്ചതെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ്.ഇതൊക്കെയാണ് സത്യപ്രതിജ്ഞാ ലംഘനം. തോമസ് ചാണ്ടി രാജി വച്ചതിന്റെ ഖ്യാതി അടിച്ചെടുക്കാൻ സി.പി. ഐ കാട്ടിയ നാടകമാണ് മന്ത്രിസഭായോഗ ബഹിഷ്കരണമെന്നു കോടിയേരിയും യോഗത്തിൽ മന്ത്രിമാർ പങ്കെടുക്കാതിരുന്നത് അസാധാരണ സംഭവമെന്നു മുഖ്യമന്ത്രിയും പറയുന്നു.

വാസ്തവത്തിൽ മുഖ്യമന്ത്രിയെയും സർക്കാരിനെ തന്നെയും രക്ഷിക്കുകയാണ് സി.പി ഐ. ചെയ്തത്. ഭരണഘടനാ ലംഘകനായ ഒരു മന്ത്രി യെ ഉൾപ്പെടുത്തി ക്യാബിനറ്റ് യോഗം ചേർന്നത് നിയമ വിരുദ്ധ മാണ്. അങ്ങനെ കൂടിയ യോഗത്തിന്റെ തീരുമാനങ്ങൾ നിയമദൃഷ്ട്യാ നിലനിൽക്കുകയുമില്ല. തൻ്റെ സർക്കാരിനെതിരെ ഒരു മന്ത്രിസഭാംഗം തന്നെ കോടതിയിൽ കേസ് ഫയൽ ചെയ്തെന്നറിഞ്ഞ നിമിഷം ആ മന്ത്രിയിൽ നിന്നും രാജി വാങ്ങിക്കുകയോ അയാളെ പുറത്താക്കുകയോ ചെയ്യേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്.ആ ഉത്തരവാദിത്തം നിറവേറ്റാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഗുരുതരമായ കൃത്യവിലോപമാണ് കാട്ടിയിരിക്കുന്നത്. ഇവിടെ അയാളെ പുറത്താക്കിയില്ലെന്നു മാത്രമല്ല മന്ത്രി സഭാ യോഗത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. കൃത്യവിലോപത്തിനു പുറമെ നിയമ നിഷേധവും  ചെയ്തിരിക്കുകയാണ് മുഖ്യമന്ത്രി.

ഒരു കൂട്ടുകക്ഷി ഭരണമാകുമ്പോൾ കക്ഷികൾ തമ്മിൽ സ്പർദ്ധയും അകൽച്ചയും ഉണ്ടാകാതെ നോക്കേണ്ടത് കക്ഷി നേതാക്കളെക്കാൾ മുഖ്യമന്ത്രിയാണ്. തൻപ്രമാണിത്തവും ധിക്കാരവും അല്ല സമചിത്ത തയും നയജ്ഞതയുമാണ് അതിനു വേണ്ടത്. തന്റെ പാര്‍ട്ടിക്കാരും തന്നെ അനുസരിക്കുന്നവരും മാത്രം മതി എന്ന വിചാരം ഒരു മുന്ന ണി ഭരണത്തില്‍ ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല. മര്യാദയും മര്യാദകേടും തിരിച്ചറിയാന്‍ കഴിവുള്ളവരാണ് കേരളീയര്‍. അത് മനസ്സിലാക്കിയാല്‍ ഇത്തരം സംഭവ വികാസങ്ങള്‍ ഒന്നും ഉണ്ടാകില്ല.