ഗുജറാത്തിൽ മുസ്‌ലിം ഭീതി പരത്തി വോട്ടു നേടാൻ ബി.ജെ.പി ശ്രമം

#

അഹമ്മദാബാദ് (18-11-17) : ബാങ്ക് വിളി കേൾക്കുമ്പോൾ ഭീതിയോടെ നടന്നുപോകുന്ന പെൺകുട്ടിയുടെ വീഡിയോ ഗുജറാത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഹൈന്ദവ ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ടുള്ള വിഡിയോ പ്രചരിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

"വൈകുന്നേരം ഏഴുമണിക്ക് ശേഷം ഇത് സംഭവിക്കാം"എന്ന് തുടങ്ങുന്ന ഗുജറാത്തി ഭാഷയിലുള്ള വീഡിയോ ആണ് പരാതിക്കിടയാക്കുന്നത്. ബാങ്ക് വിളിയുടെ പശ്ചാത്തലത്തിൽ ഭീതിയോടെ നടക്കുന്ന പെൺകുട്ടിയുടെ ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. വീട്ടിൽ രക്ഷിതാക്കൾ ആശങ്കയോടെ മകളെ കാത്തിരിക്കുകയാണ്. പെണ്‍കുട്ടി വീട്ടിലെത്തി ഭീതിയോടെ വാതിലില്‍ മുട്ടുന്നു. അമ്മ വാതില്‍ തുറന്ന് മകളെ കെട്ടിപ്പിടിക്കുന്നു. അച്ഛൻ തലയില്‍ തലോടുന്നു. പിന്നീട് പെൺകുട്ടിയുടെ അമ്മ ക്യാമറക്കുനേരെ തിരിഞ്ഞ് "ഒരു നിമിഷം ഗുജറാത്തിൽ ഇങ്ങനെ സംഭവിക്കുമെന്ന് നിങ്ങൾ ഭയക്കുന്നുണ്ടോ?" എന്ന് ചോദിക്കുന്നു. ഇതിനു മറുപടിയെന്നോണം അച്ഛൻ പറയുന്നു "22 വർഷം മുൻപ് ഇങ്ങനെ സംഭവിച്ചിരുന്നു. അവർ വന്നാൽ ഇനിയും അത് തന്നെ സംഭവിക്കും". എന്നാൽ ഇരുവരെയും ആശ്വസിപ്പിച്ചുകൊണ്ട് പെൺകുട്ടി പറയുന്നു "പേടിക്കണ്ട ആരും വരാൻ പോകുന്നില്ല മോദി ഇവിടെയുണ്ട്" നമ്മുടെ വോട്ട് നമ്മുടെ സുരക്ഷ എന്ന് കാവി നിറത്തിലുള്ള കുറിപ്പോടെയാണ് വീഡിയോ അവസാനിക്കുന്നത്.

ഗുജറാത്തിലെ വോട്ടുകള്‍ ധ്രുവീകരിക്കാനും മുസ്‌ലിം വിദ്വേഷം പരത്താനും ലക്ഷ്യമിട്ടുളളതാണ് വീഡിയോയെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകനായ ഗോവിന്ദ് പാര്‍മര്‍ ആണ് വീഡിയോയ്‌ക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷനെയും ഗുജറാത്ത് പൊലീസിനെയും സമീപിച്ചത്. വീഡിയോ പ്രചരിക്കുന്നത് തടയാനും വീഡിയോയില്‍ കാണുന്നവര്‍ക്കും അതിന്റെ നിര്‍മ്മാതാക്കള്‍ക്കും എതിരെ നിയമനടപടിയെടുക്കാനുമാണ് പാര്‍മര്‍ പരാതിയില്‍ ആവശ്യപ്പെടുന്നത്. ഭൂരിപക്ഷമായ ഹിന്ദുക്കൾക്കിടയിൽ മുസ്ലിം ഭീതി പരത്തുകയും വോട്ടിനുവേണ്ടി വർഗീയ ധ്രുവീകരണം നടത്തുകയും ചെയ്യുന്നത് ഗുജറാത്തിനെ മറ്റൊരു കലാപത്തിലേക്ക് കൊണ്ടെത്തിക്കുമെന്നും പാർമർ ആരോപിച്ചു.