17 കാരനെ ബലാത്സംഗം ചെയ്തതിന് യുവതി അറസ്റ്റില്‍

#

ബംഗളുരൂ (18-11-17) : 17 കാരനായ ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു എന്ന പേരില്‍ 24 കാരിയായ വീട്ടമ്മ അറസ്റ്റില്‍. കോളാറില്‍ നിന്ന് ഒക്‌ടോബര്‍ 24 നാണ് സ്ത്രീയെയും ആണ്‍കുട്ടിയെയും കാണാതായത്. ഒക്‌ടോബര്‍ 24 രാത്രി സ്ത്രീയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. പിറ്റേദിവസം രാവിലെ ആണ്‍കുട്ടിയുടെ അച്ഛനും പോലീസില്‍ പരാതി നല്‍കി. മകനെ കാണാനില്ലെന്ന് പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനിലെത്തുമ്പോഴാണ് സ്ത്രീയെ കാണാനില്ലെന്ന വിവരം 17 കാരന്റെ അച്ഛന്‍ അറിയുന്നത്. അയാളുടെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ നവംബര്‍ 13 ന് തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയില്‍ ഒരു ഹോട്ടലില്‍ നിന്ന് രണ്ടുപേരെയും പോലീസ് പിടികൂടുകയായിരുന്നു. പോലീസ് എത്തുന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം അതിസമര്‍ത്ഥമായി രക്ഷപ്പെടാന്‍ മൂന്നാഴ്ചക്കാലത്തോളം അവര്‍ക്ക് കഴിഞ്ഞു.

2 വര്‍ഷത്തിനു മുമ്പ് വിവാഹതിയായ യുവതിക്ക് കുട്ടികളുണ്ടായിരുന്നില്ല. ബിസിനസ്സുകാരനായ ഭര്‍ത്താവിന്റെ കൈവശമുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയുമായിട്ടായിരുന്നു യുവതി 17 കാരനുമായി ഒളിച്ചോടിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും ബലാത്സംഗം ചെയ്തതിനും യുവതിയുടെ പേരില്‍ പോക്സോ അനുസരിച്ച് കേസെടുത്തു. 17 കാരനുമായി പ്രണയത്തിലാണെന്നും തങ്ങള്‍ താമസിയാതെ വിവാഹിതരാകുമെന്നും പറയുന്ന യുവതിയ്ക്ക് തനിക്കെതിരേ കേസെടുത്തതിന്റെ കാരണം ഇനിയും മനസ്സിലായിട്ടില്ല.