ലാവ്‌ലിൻ കേസിൽ മലക്കം മറിഞ്ഞ് സി.ബി.ഐ

#

ന്യൂഡൽഹി (18-11-17) : ലാവ്‌ലിൻ കേസിൽ പിണറായി ഉൾപ്പെടെയുള്ളവരെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ ഉടൻ അപ്പീൽ നൽകില്ല. അപ്പീൽ നൽകുന്നതിനുള്ള രേഖകൾ ഇതുവരെ തയ്യാറായില്ലെന്നാണ് ഇതിനു സി.ബി.ഐ നൽകുന്ന വിശദീകരണം. മാപ്പപേക്ഷയോടൊപ്പം അപ്പീൽ പിന്നീട് നൽകുമെന്നും സി.ബി.ഐ വെളിപ്പെടുത്തുന്നു.

ചട്ടം അനുസരിച്ച് 90 ദിവസത്തിനകമാണ് അപ്പീൽ നൽകേണ്ടത്. ഈ കാലാവധി ഈ മാസം 21 നു അവസാനിക്കാനിരിക്കെയാണ് അപ്പീൽ നൽകാനാവില്ലെന്ന് സി.ബി.ഐ പറയുന്നത്. ലാവ്‌ലിൻ കേസിൽ സി.ബി.ഐ നടത്തുന്ന മെല്ലെപ്പോക്ക് ഒന്നുകൂടി വ്യക്തമാക്കുന്നതാണ് പുതിയ നീക്കം.കഴിഞ്ഞ ഓഗസ്റ്റ് 23 നാണ് പിണറായി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ഹൈക്കോടതി 
ഉത്തരവ് വരുന്നത്. ഇതിനെതിരെ സി.ബി.ഐ അപ്പീൽ നൽകണമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ സി.ബി.യ്ക്ക് നിയമോപദേശവുംനൽകിയിരുന്നു. എന്നാൽ നിയമോപദേശം ലഭിച്ച ശേഷവും അപ്പീൽ നൽകുന്നത് ഉൾപ്പെടെയുള്ള നടപടികളിൽ സി.ബി.ഐ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. പിണറായി ഉൾപ്പെടെയുള്ളവരെ വെറുതെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയുടെ പകർപ്പ് പോലും സി.ബി.ഐ യഥാ സമയം കൈപ്പറ്റിയിട്ടില്ല. സിബിഐ അഭിഭാഷകന് ലഭിച്ച പകർപ്പിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ നിയമോപദേശം തേടിയതുപോലും.