കോൺഗ്രസ്- പാസ് സഖ്യം സംഘർഷത്തിൽ

#

അഹമ്മദാബാദ് (20.11.2017) : കോൺഗ്രസും ഹാർദിക് പട്ടേലിന്റെ പട്ടീദാർ അനാമത്‌ ആന്ദോളൻ സമിതിയും (പാസ്) തമ്മിലുള്ള സീറ്റു വിഭജനത്തിന്റെ വിശദാംശങ്ങൾ ഹാർദിക് പട്ടേൽ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ, ഇന്നലെ അർദ്ധരാത്രി പാസ് പ്രവർത്തകർ കോൺഗ്രസിനെതിരെ അക്രമം അഴിച്ചുവിട്ടു. സൂറത്തിലും ഭവ്നഗറിലും കോൺഗ്രസ് ഓഫീസുകൾ പാസ് പ്രവർത്തകർ ആക്രമിച്ചു. ഇന്നലെ കോൺഗ്രസ് പ്രഖ്യാപിച്ച 77 പേരുള്ള സ്ഥാനാർത്ഥിപ്പട്ടികയിൽ പട്ടീദാർ അനാമത്‌ ആന്ദോളൻ സമിതിയുടെ രണ്ടു നേതാക്കൾ ഉൾപ്പെട്ടതാണ് സംഘടനയുടെ പ്രവർത്തകരെ പ്രകോപിപ്പിച്ചത്. തങ്ങളുടെ അനുമതി കൂടാതെയാണ് കോൺഗ്രസ് തങ്ങളുടെ നേതാക്കളുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതെന്ന് പാസ് നേതാവ് ദിനേശ് പട്ടേൽ പറഞ്ഞു. നാമനിർദ്ദേശപത്രിക സമർപ്പിക്കരുതെന്ന് തങ്ങളുടെ നേതാക്കളോട് ആവശ്യപ്പെടുമെന്ന് ദിനേശ് പട്ടേൽ അറിയിച്ചു.

കോൺഗ്രസ് ഓഫീസുകൾ ആക്രമിച്ചതിന് പുറമേ അഹമ്മദാബാദിൽ ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഭാരത് സിംഗ് സോളങ്കിയുടെ വീടിനുമുന്നിലും പാസ് പ്രവർത്തകർ സംഘർഷം സൃഷ്ടിക്കുകയുണ്ടായി. പാസ് അംഗങ്ങളെ ലിസ്റ്റിൽ ഉൾപ്പെടുത്തിയത് തങ്ങളോട് ആലോചിക്കാതെയാണ് എന്ന ആരോപണത്തോടൊപ്പം കോൺഗ്രസ് ലിസ്റ്റിൽ ഇടം നേടിയ പട്ടേൽ സമുദായാംഗങ്ങൾ സമുദായ താല്പര്യത്തെ പ്രതിനിധീകരിക്കുന്നവരല്ല എന്ന ആക്ഷേപവും പാസ് നേതാക്കൾക്കുണ്ട്.