ശബരിമലയിൽ സ്ത്രീ ഉദ്യോഗസ്ഥയുടെ സന്ദർശനം ; പ്രചരണം വ്യാജം

#

(20-11-17) : മന്ത്രി കെ.കെ.ശൈലജയ്‌ ക്കൊപ്പമെത്തി ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയ വനിത ഉദ്യോഗസ്ഥയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരണം. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ചീഫ് എന്‍ജിനീയറായ സി ജെ അനില ആചാര ലംഘനം നടത്തിയെന്നാണ് പ്രചാരണം. ഇതിനെ തുടര്‍ന്ന് സി ജെ അനില മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

ശബരിമല സന്നിധാനത്ത് പുതിയ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ കെ ശൈലജ സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ചീഫ് എന്‍ജിനീയറായ സി ജെ അനില അടക്കമുള്ള ഉദ്യോഗസ്ഥ സംഘം അനുഗമിക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്.

50 വയസ്സ് പിന്നിടാത്ത അനില ആചാര ലംഘനം നടത്തിയെന്നാണ് ആരോപണം. അനില സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തനിക്ക് 51 വയസ്സുണ്ട് , അതിന്റെ രേഖകളും കൈവശമുണ്ട്, ഗൂഢ ലക്ഷ്യങ്ങള്‍ വെച്ചുള്ള പ്രചാരണങ്ങള്‍ക്കെതിരെ ഏത് തരത്തിലുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അനില വ്യക്തമാക്കി.

നേരത്തെ മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിനും അനില സന്നിധാനത്ത് എത്തിയിരുന്നു. സന്നിധാനത്ത് പണിത ആശുപത്രിയുടെ ഉല്‍ഘടനത്തിനായിരുന്നു ഇവര്‍ സാന്നിധാനത്തെത്തിയത്. ആശുപത്രിയുടെ നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചതും അനില ആയിരുന്നു.