നിയന്ത്രണം വിട്ട് എം.എം. മണി വീണ്ടും

#

ഇടുക്കി (20-11-17) : മിമിക്രിയും മോണോ ആക്ടും ചാക്യാര്‍ കൂത്തും എല്ലാം ചേര്‍ന്ന വിചിത്ര ദൃശ്യശ്രാവ്യകലയായ എം.എം.മണിയുടെ പ്രസംഗം സി.പി.എമ്മിന് വീണ്ടും തലവേദനയാകുന്നു. വണ്‍, ടു, ത്രീ പ്രസംഗത്തിന്റെ പേരിലുള്ള പാര്‍ട്ടി നടപടിയും കേസും പിന്നീട് സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുള്ള സ്ഥാനക്കയറ്റവും മന്ത്രിസ്ഥാനവും എല്ലാം ഒത്തുചേര്‍ന്ന് സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തിൽ കുറച്ചു കാലമായി പുറമേയെങ്കിലും ശാന്തനായി കാണപ്പെട്ട എം.എം.മണിക്ക് വീണ്ടും നിയന്ത്രണം കൈവിട്ടു പോയിരിക്കുന്നു. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ ഒരു സമ്മേളന വേദിയില്‍ ഇടക്കാലത്തെ നിയന്ത്രണത്തിന് മുതലും പലിശയും ചേര്‍ത്ത് തിരിച്ചടയ്ക്കുന്ന രീതിയിലായിരുന്നു മണിയുടെ പ്രസംഗം. തോമസ് ചാണ്ടി, പി.വി.അന്‍വര്‍, ജോയ്‌സ് ജോര്‍ജ്ജ് വിവാദങ്ങളില്‍ പെട്ട് നട്ടം തിരിയുന്ന സി.പി.എമ്മിന് പുതിയ തലവേദന സൃഷ്ടിക്കുകയാണ് മണി.

ജോയ്‌സ് ജോര്‍ജ്ജ് എം.പി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാന്‍ നടപടി സ്വീകരിച്ച ദേവികുളം സബ്കളക്ടര്‍ക്കും സി.പി.ഐയ്ക്കുമെതിരേയാണ് മണി ഇത്തവണ കടന്നാക്രമണം നടത്തിയിരിക്കുന്നത്. ദേവികുളം സബ് കളക്ടര്‍ വി.ആര്‍.പ്രേംകുമാറിനെതിരേ തീര്‍ത്തും അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ മണി നടത്തി. പ്രേംകുമാറിനെ വട്ടന്‍ എന്നു വിളിച്ച മണി, ജോയ്‌സ് ജോര്‍ജ്ജിന്റെ കൈവശമുള്ള ഭൂമി തിരിച്ചു പിടിക്കാന്‍ സബ്കളക്ടര്‍ നടത്തുന്ന ശ്രമങ്ങളെ അപഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.

തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭയില്‍ നിന്ന് സി.പി.ഐ മന്ത്രിമാര്‍ വിട്ടു നിന്നതിനെ കടുത്ത ഭാഷയില്‍ മണി വിമര്‍ശിച്ചു. സി.പി.ഐ എന്ന വിഴുപ്പു ഭാണ്ഡത്തെ ചുമക്കുകയാണ് സി.പി.എം എന്ന് പറഞ്ഞ മണി, സ്വതേയുള്ള ആംഗ്യ വിക്ഷേപങ്ങളോടെയും ശരീര ചലനങ്ങളോടെയുമാണ് ആക്ഷേപങ്ങള്‍ ചൊരിഞ്ഞത്. സദസ്സില്‍ നിന്നുയരുന്ന പൊട്ടിച്ചിരിക്കും കരഘോഷത്തിനുമനുസരിച്ച് കത്തിക്കയറുകയായിരുന്നു മണി.

സ്വന്തം ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിലേര്‍പ്പെട്ട ഒരു ഉദ്യോഗസ്ഥനെ ഒരു മന്ത്രി മോശപ്പെട്ട ഭാഷയില്‍ പരസ്യമായി ആക്ഷേപിച്ചത് വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഭയവും വിദ്വേഷവും കൂടാതെ പ്രവര്‍ത്തിക്കുമെന്ന് ഭരണഘടനയെ സാക്ഷി നിറുത്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത മന്ത്രി, ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി എന്നത് ഗുരുതരമായ നിയമലംഘനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ പ്രശ്‌നത്തില്‍ മണിക്കെതിരേ കോടതിയെ സമീപിക്കാനുള്ള നീക്കങ്ങൾ നടക്കുന്നു. കയ്യേറ്റക്കാരുടെ വക്താവായാണ് മണി രംഗത്തു വന്നിരിക്കുന്നതെന്നും ശക്തമായ ഭാഷയില്‍ മണിക്ക് മറുപടി നല്‍കുമെന്നും ഇടുക്കിയിലെ സി.പി.ഐ നേതാക്കള്‍ അറിയിച്ചു.