പിണറായിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ഹൈക്കോടതിയിൽ ഹർജി

#

കൊച്ചി (20-11-17) : മുഖ്യമന്ത്രി പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.  മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന കോടതി പരാമർശം ചൂണ്ടിക്കാട്ടിയാണ് ഹർജി. കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം ആർ.എസ്.ശശികുമാറാണ് ക്വോ വാറണ്ടോ ഹർജി നൽകിയത്.

കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയായിരുന്ന തോമസ് ചാണ്ടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് കോടതിയിൽ നിന്ന് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉണ്ടാകുന്നത്. സർക്കാരിനെതിരെ അതെ മന്ത്രിസഭയിലെ ഒരു അംഗം കോടതിയെ സമീപിക്കുന്നത് കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനം ആണെന്നും ഭരണഘടനാ വിരുദ്ധം ആണെന്നും കോടതി പറഞ്ഞിരുന്നു.

കോടതി നടത്തിയ ഈ പരാമർശമാണ് ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. കൂടാതെ തോമസ് ചാണ്ടിയുടെ രാജിക്കുമുൻപായി ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് സി.പി.ഐ മന്ത്രിമാർ വിട്ടു നിന്നിരുന്നു. ഈ രണ്ടു സംഭവങ്ങളും മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്നതിന്റെ തെളിവ് ആണെന്നും അതിനാൽ സർക്കാരിന് തുടരാൻ അവകാശം ഇല്ലെന്നും മുഖ്യമന്ത്രിയെ തൽസ്ഥാനത്ത് നീക്കണമെന്നുമാണ് ആവശ്യം.