മോദിക്ക് പാർലമെന്റിനെ അഭിമുഖീകരിക്കാൻ ധൈര്യമില്ല : സോണിയ ഗാന്ധി

#

ന്യൂഡൽഹി (20-11-17) : പാർലമെന്റിന്റെ ശീതകാല സമ്മേളനം വിളിക്കാൻ വൈകുന്നതിന് പ്രധാനമന്ത്രിയെ വിമർശിച്ച്കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മോദിക്ക് പാർലമെന്റിനെ നേരിടാൻ ഭയമായതിനാലാണ് സമ്മേളനം വിളിക്കാത്തതെന്ന് സോണിയ ആരോപിച്ചു. ശീതകാല സമ്മേളനം മോഡി സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സോണിയ.

മോദി സർക്കാർ ഇന്ത്യൻ ജനാധിപത്യത്തിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. ആധുനിക ഇന്ത്യയുടെ ചരിത്രം മാറ്റുന്നതിന് ബോധപൂർവ്വമായ ശ്രമമാണ് സർക്കാരിൽ നിന്ന് ഉണ്ടാകുന്നത്. മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവരുടെ സംഭാവനകൾ മായ്ചുകളയാൻ ശ്രമിക്കുന്നു. ഇത് എന്ത് വിലകൊടുത്തും തടയും. നോട്ടു നിരോധനത്തെയും ജി.എസ്.ടി യെയും നിശിതമായി വിമർശിച്ച സോണിയ വീണ്ടുവിചാരമില്ലാത്ത നടപ്പാക്കിയ തീരുമാനങ്ങൾ മൂലം രാജ്യത്തെ ജനങ്ങൾ നിത്യ ദുരിതത്തിലായെന്നും ആരോപിച്ചു.