സി.പി.ഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്നു ഹൈക്കോടതിയിൽ ഹർജി

#

കൊച്ചി (20-11-17) : മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിന്ന സി.പി.ഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്ന്  ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സംവിധായകൻ ആലപ്പി അഷ്റഫാണ് ഹർജി നൽകിയത്. മന്തിമാരുടെ നടപടി സത്യപ്രതിജ്ഞയുടെ ലംഘനമാണെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.

നേരത്തെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന ഹൈക്കോടതിയുടെ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്ക് തുടരാൻ അർഹതയില്ലെന്ന് കാണിച്ച്  കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം ആർ.എസ്.ശശികുമാറാണ് ക്വോ വാറണ്ടോ ഹർജി നൽകിയിരുന്നു.

കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയായിരുന്ന തോമസ് ചാണ്ടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഹൈക്കോടതി തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. സർക്കാരിനെതിരെ ഹർജി നൽകിയത്തിലൂടെ തോമസ് ചാണ്ടി നടത്തിയത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമാണെന്നും  മന്ത്രി രാജിവക്കുന്നതാണ് ഉചിതമെന്നും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭായോഗത്തിൽ പങ്കെടുക്കുന്നില്ലെന്നു കാണിച്ച് സി.പി.ഐ മന്ത്രിമാർ മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും യോഗത്തിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തിരുന്നു.