ഓരോ ജാതിയും ഓരോ മതമാകട്ടെ !

#

(21-11-17) : ഹൈന്ദവ സവര്‍ണ്ണാധിപത്യത്തിനും ജാതീയമായ തിന്മകള്‍ക്കുമെതിരേ കര്‍ണ്ണാടകയിലെ ഒരു വിഭാഗം ശൂദ്രര്‍ ബസവണ്ണയുടെ നേതൃത്വത്തില്‍ 12-ാം നൂറ്റാണ്ടിലാരംഭിച്ച പ്രക്ഷോഭങ്ങളുടെ സൃഷ്ടിയാണ് "ലിംഗായത്" എന്ന സമൂഹം. ബസവണ്ണ ആരംഭിച്ച ഹൈന്ദവ വിരുദ്ധമുന്നേറ്റത്തിനു മുമ്പ്, ലിംഗായത് എന്ന സമൂഹം നില നിന്നിരുന്നില്ല എന്നതാണ് വാസ്തവം. ഇന്ത്യയില്‍ വിവിധ ചരിത്രഘട്ടങ്ങളില്‍, വിവിധ സ്ഥലങ്ങളില്‍, ഹിന്ദു വംശീയതയുടെ ഇരകള്‍ നടത്തിയിട്ടുളള കലാപങ്ങളുടെ ഒരു മൂര്‍ത്ത സാക്ഷാത്കാരമാണ് ലിംഗായത് സമൂഹം. എന്നാല്‍, എല്ലാ വൈരുധ്യങ്ങളെയും എതിര്‍പ്പുകളെയും നിഷ്‌ക്രിയമാക്കുകയും ക്രമേണ സ്വാംശീകരണത്തിലൂടെ ബഹിഷ്‌കരിക്കുകയും (Exclusive inclusion) ചെയ്യുന്ന ഹൈന്ദവ വംശീയതന്ത്രത്തിന്റെ ഭാഗമായി ലിംഗായത്തുകളും ഹിന്ദുയിസത്തിന്റെ ഭാഗമാവുകയാണുണ്ടായത്. ഹിന്ദുയിസം എന്ന വംശീയതയുടെ ഭാഗമായതോടെ, ലിംഗായത്തുകള്‍ക്ക് അവരുടെ വ്യതിരിക്തമായ സാമൂഹ്യസ്വത്വം നഷ്ടപ്പെടുകയും ഹൈന്ദവ വംശീയതയുടെ വാഹകരായി മാറുകയും ചെയ്തു. ഇന്ന് ഹിന്ദുയിസത്തിന്റെ "അവിഭാജ്യഘടക"ങ്ങളായി കണക്കാക്കപ്പെടുന്ന "ജാതി"കളുടെയെല്ലാം ചരിത്രം ഇതു തന്നെയാണ്. "സ്വതന്ത്ര സാമൂഹ്യവിഭാഗ"ങ്ങളെ ഹിന്ദുയിസത്തിന്റെ ഉച്ച-നീച ശ്രേണിയിലേക്ക് സ്വാംശീകരിച്ചുകൊണ്ടാണ്, ഹിന്ദുയിസം അതിന്റെ ജാതി വംശീയത നിലനിര്‍ത്തുന്നത്.

വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യം "സ്വാംശീകരണത്തിലൂടെ ബഹിഷ്‌കരിക്കുക"യെന്ന പരമ്പരാഗത ഹൈന്ദവതന്ത്രത്തെ തുറന്നു കാട്ടിക്കൊണ്ടിരിക്കുകയാണ്. കര്‍ണ്ണാടക ജനസംഖ്യയില്‍ 17 ശതമാനം വരുന്ന ലിംഗായത്തുകളില്‍ പ്രബലവിഭാഗം തങ്ങള്‍ ഹിന്ദുക്കളല്ലെന്നും സ്വതന്ത്രവിഭാഗമാണന്നും പരസ്യമായി പ്രഖ്യാപിക്കുകയും "സ്വതന്ത്രമതപദവി"യുടെ രാഷ്ട്രീയാംഗീകാരത്തിനായി പ്രക്ഷോഭത്തിന്റെ വിക്ഷുബ്ധപാതയിലേക്ക് നീങ്ങുകയും ചെയ്തിരിക്കുന്നു. "ഏകഹിന്ദുയിസം" എന്ന വ്യാജ നിര്‍മിതിയുടെ സംഘടനാ രൂപമായ ആര്‍.എസ്.എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരമാണിത്. ഹിന്ദുയിസത്തിന്റെ "ഏകത്വ പ്രതിച്ഛായ" തകര്‍ക്കുന്നതിനാല്‍ ലിംഗായത്തുകളുടെ സ്വതന്ത്രമതപദവിക്കെതിരെ ആര്‍.എസ്.എസ് രംഗത്തുവന്നിരിക്കുകയാണ്. ലിംഗായത്തുകളുടെ സ്വതന്ത്രമതപദവി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടാല്‍, ഇന്ത്യയിലെ ഓരോ അധസ്ഥിതജാതിയും ഈ മുദ്രവാക്യം ഏറ്റെടുക്കുമെന്നതില്‍ സംശയമില്ല. അത്, ഭൂരിപക്ഷമതം എന്ന നിലയ്ക്കുളള ഹിന്ദുയിസത്തിന്റെ പദവി നഷ്ടപ്പെടുത്തുകയും സവര്‍ണവംശീയവാദികളുടെ ഒരു ന്യൂനപക്ഷമതമായി ഹിന്ദുയിസത്തെ മാറ്റുകയും ചെയ്യും. ന്യൂനപക്ഷ മതമായി ചുരുങ്ങിയാലും, അതിന്റെ സഹജമായ വംശിയതയാല്‍ അതിനെ പ്രബുദ്ധലോകം നിര്‍ദ്ദയം വേട്ടയാടുകതന്നെ ചെയ്യും. ആഫ്രിക്കയിലെ അപ്പാര്‍ത്തീഡിനെപ്പോലെ, ജര്‍മനിയിലെ നാസിസത്തെപ്പോലെ, "സവര്‍ണ ഹിന്ദുയിസ"ത്തെ മാനവരാശി അപമാനമായി കാണുക തന്നെ ചെയ്യും. ഹിന്ദുയിസം മാനവരാശിക്ക്  അപമാനമായാല്‍, നാസിസത്തെപ്പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ട ഒരു വംശീയ-ഭീകര പ്രസ്ഥാനമായി ആര്‍.എസ്.എസ്സിനെ ലോകമനസ്സാക്ഷി വിലയിരുത്തും. നാസിസത്തെ  ഉന്മൂലനം ചെയ്യുന്നതിന് ഉപയോഗിക്കേണ്ടി വന്ന ഹിംസ മാനവരാശിയുടെ പേരില്‍ ന്യായീകരിക്കപ്പെട്ടതു പോലെ, ആര്‍.എസ്.എസ്സിനെതിരായ ഏതുതരം ബലപ്രയോഗവും സാധൂകരിക്കപ്പെടും.

ലിംഗായത്തുകളുടെ സ്വതന്ത്രമതവാദത്തില്‍ നിന്ന് ഏറ്റവും വലിയപാഠം പഠിക്കേണ്ടത് കേരളത്തിലെ "ഈഴവ സമൂഹ"മാണ്. അനവധി ജാതി-ഉപജാതി വിഭാഗങ്ങളായി വിഘടിതമായിരുന്ന ഒരു ജനവിഭാഗം, "ഈഴവ സമൂഹ"മായി മാറിയത്, നാരായണ ഗുരുവിന്റെയും എസ്.എന്‍.ഡി.പിയുടെയും നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളിലൂടെയാണ്. സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ രംഗങ്ങളില്‍ അടിമകളെപ്പോലെ അകറ്റി നിര്‍ത്തിയിരുന്ന ഈഴവര്‍, തങ്ങള്‍ ഒരു സ്വതന്ത്ര ജനതയാണെന്ന് ചിന്തിക്കാതിരുന്നതിന് കാരണം, വിശ്വാസാചാര രംഗങ്ങളില്‍ അവര്‍ക്കു ലഭ്യമായിരുന്ന നിയന്ത്രിതപങ്കാളിത്തമായിരുന്നു. സവര്‍ണക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ അനുവാദമില്ലായിരുന്നുവെങ്കിലും, ഉത്സവങ്ങളുടെ ഭാഗമായി നേര്‍ച്ച നടത്താനും ദക്ഷിണ നല്‍കാനും ഈഴവരെ സവര്‍ണര്‍ അനുവദിച്ചിരുന്നു. വിശ്വാസപരമായ ഈ "ഐക്യദാര്‍ഢ്യം" യഥാര്‍ത്ഥത്തില്‍ ഈഴവരുടെ യഥാര്‍ത്ഥ സാമൂഹ്യജീവിതത്തിലെ അടിമത്തത്തെ മറച്ചുവെച്ച സവര്‍ണതന്ത്രമായിരുന്നു. വിശ്വാസപരമായ ഈ "ഐക്യദാര്‍ഢ്യ"ത്തിന്റെ പിന്നിലെ കാപട്യവും  വഞ്ചനയും തിരിച്ചറിഞ്ഞതുകൊണ്ടാണ്, ഈഴവര്‍ സവര്‍ണക്ഷേത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും സ്വന്തം ക്ഷേത്രങ്ങള്‍ നിര്‍മിക്കണമെന്നും നാരായണഗുരു ആഹ്വാനം ചെയ്തത്. സാമൂഹ്യ ജീവിതത്തിന്റെ കാര്യത്തില്‍ പരമ്പരാഗതമായി തന്നെ, ഹിന്ദുയിസത്തിനു പുറത്തായിരുന്ന ഈഴവരെ, വിശ്വാസത്തിന്റെ മണ്ഡലത്തില്‍ നിന്നുകൂടി അടര്‍ത്തിമാറ്റുകയെന്നതായിരുന്നു സമാന്തര ക്ഷേത്ര നിര്‍മ്മാണത്തിലൂടെ നാരായണ ഗുരു ലക്ഷ്യമാക്കിയത്. ഒരര്‍ത്ഥത്തില്‍, വംശീയതയുടെയും തൊട്ടുകൂടായ്മയുടെയും കേന്ദ്രങ്ങളായിരുന്ന സവര്‍ണ ക്ഷേത്രങ്ങളുടെ "പ്രതീകാത്മക ഇടിച്ചു നിരത്തലാ"യിരുന്നു, നാരായണഗുരുവിന്റെ സമാന്തര ക്ഷേത്ര നിര്‍മ്മാണ പദ്ധതി.

എസ്.എന്‍.ഡി.പിയുടെ രൂപീകരണത്തിനുമുമ്പ് അഖില കേരളാടിസ്ഥാനത്തിലുള്ള ഒരു ഈഴവ സമൂഹം കേരളത്തില്‍ നില നിന്നിട്ടേയില്ല. ഓരോ പ്രദേശത്തയും ഉപജാതികള്‍ ഭിന്നജാതികളെപ്പോലെയായിരുന്നു ജീവിച്ചത്. ഇവര്‍ പരസ്പരം അയിത്തവും തൊട്ടുകൂടായ്മയും ആചരിച്ചിരുന്നു. ഇങ്ങനെയുള്ള അനവധി ജനവിഭാഗങ്ങള്‍, തങ്ങള്‍ക്കിടയിലെ ഉച്ച-നീച ബന്ധങ്ങള്‍ ഉപേക്ഷിക്കുകയും ഒന്നിച്ചു ചേരുകയും ചെയ്തതിന്റെ ഫലമാണ് "ഈഴവ സമൂഹം". ഒരു ജനവിഭാഗം അവര്‍ക്കിടയിലെ മേല്‍-കീഴ് അയിത്ത ബന്ധങ്ങള്‍-ഹിന്ദു സാമൂഹ്യബന്ധങ്ങള്‍-ഉപേക്ഷിച്ച് ഒരു ഏകീകൃത ജനസമൂഹമായി മാറുകയെന്നതിനര്‍ത്ഥം, അവര്‍ ഹിന്ദുയിസത്തിനു പുറത്താകുന്നു എന്നാണ്. എസ്.എസ്.എന്‍.പി നേതൃത്വത്തിലുണ്ടായിരുന്ന പലര്‍ക്കും ഇതു മനസ്സിലായില്ലെങ്കിലും, സഹോദരന്‍ അയ്യപ്പന്‍ ഉള്‍പ്പെടെയുള്ള ഈഴവയുവത്വം ഈ വിധ്വംസക യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞിരുന്നു. 1930 കളുടെ ആരംഭത്തില്‍, ചേര്‍ത്തലയില്‍ ഈഴവ യുവാക്കള്‍ സമ്മേളിക്കുകയും, "ഈഴവര്‍ ഹിന്ദുയിസത്തിന്റെ ഭാഗമല്ലെന്ന് എസ്.എന്‍.ഡി.പി ഔദ്യോഗികമായി പ്രഖ്യാപിക്കണ"മെന്ന് പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു.

നാരായണ ഗുരു പരോക്ഷമായി സൂചിപ്പിക്കുകയും ഈഴവയുവത്വം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത, ഈഴവരുടെ സ്വതന്ത്രമതവാദത്തിന്റെ പ്രകാശനമായിരുന്നു, ഇ.മാധവന്‍ രചിച്ച "സ്വതന്ത്ര സമുദായം" എന്ന കൃതി. കേരളത്തിലെ, പ്രത്യേകിച്ചും തിരുവിതാംകൂറിലെ സവര്‍ണ ഹിന്ദുക്കള്‍ വലിയ ഭീഷണിയായിട്ടാണ് ഈ കൃതിയെ കണ്ടത്. "സ്വതന്ത്ര സമുദായ"ത്തിലെ ആശയങ്ങള്‍ ഈഴവര്‍ക്കിടയില്‍ പ്രചരിച്ചാലുണ്ടാകാവുന്ന വിപത്ത് മനസ്സിലാക്കിയ സവര്‍ണ ഭരണാധികാരികള്‍, ഈ കൃതി നിരോധിക്കുകയാണുണ്ടായത്. ഈഴവര്‍ക്കിടയില്‍ സാവധാനം പ്രചരിച്ചുകൊണ്ടിരുന്ന "സ്വതന്ത്രമതവാദ"ത്തെ നിര്‍വീര്യമാക്കുന്നതിനു വേണ്ടിയാണ്, ക്ഷേത്ര പ്രവേശന വിളംബരം നടത്തിയത്. "പ്രതീകാത്മകമായി ഇടിച്ചു നിരത്തണ"മെന്ന് നാരായണ ഗുരു ആഹ്വാനം ചെയ്ത അതേ ക്ഷേത്രങ്ങളിലേക്കു തന്നെ, ഈഴവരെ പ്രവേശിപ്പിക്കുന്നതിലൂടെ അവരുടെ "സ്വതന്ത്രമതവാദ"ത്തെ നിര്‍വീര്യമാക്കുകയായിരുന്നു, ക്ഷേത്ര പ്രവേശനത്തിന്റെ ഗൂഢലക്ഷ്യം. ഒരു പരിധിവരെ സവര്‍ണ ഹിന്ദുയിസം ഇക്കാര്യത്തില്‍ വിജയിക്കുകയും ചെയ്തു.

നൂറ്റാണ്ടുകളിലൂടെ തുടര്‍ന്നുകൊണ്ടിരുന്ന, ബഹിഷ്‌കരിച്ചുകൊണ്ട് സ്വാംശീകരിക്കുകയെന്ന ഹിന്ദു ഗൂഢാലോചന ലിംഗായത്തുകള്‍ തിരിച്ചറിഞ്ഞറിഞ്ഞതുപോലെ, കേരളത്തിലെ ഈഴവര്‍ സ്വന്തം ചരിത്രത്തെയും ശ്രീനാരായണ പൈതൃകത്തെയും അഭിമാനപൂര്‍വ്വം വീണ്ടെടുക്കേണ്ട സമയമാണിത്. പ്രത്യക്ഷത്തില്‍, അദ്വൈതിയും സന്യാസിയുമെന്ന പ്രതിച്ഛായ സൃഷ്ടിക്കുന്ന പല ആലഭാരങ്ങളും നാരായണ ഗുരു സ്വീകരിച്ചിരുന്നുവെങ്കിലും, അവയെല്ലാം പ്രയോഗിച്ചത്, ഹിന്ദുയിസത്തിന് എതിരായിട്ടായിരുന്നു. ഇത് പലര്‍ക്കും മനസ്സിലാകാതിരുന്നതിന് കാരണം നാരായണഗുരു സ്വന്തം രാഷ്ട്രീയങ്ങള്‍ ആവിഷ്‌കരിക്കുന്നതിനു വേണ്ടി വിന്യസിച്ച "ശൈലി"(idiom)യുടെ രൂപകാത്മക സ്വഭാവമായിരുന്നു. ആധുനികതയുടെ  ഭാഗമായ തുറന്ന ശൈലിയുടെ സ്ഥാനത്ത്, നാരായണ ഗുരു ഉപയോഗിച്ച "രൂപകാത്മക ശൈലി"( metaphoric idiom) യഥാര്‍ത്ഥത്തില്‍ ലക്ഷ്യമാക്കിയത്, ഹിന്ദുയിസത്തിന്റെ ഉന്മൂലനം തന്നെയായിരുന്നു.

മനുഷ്യജീവിതം കൂടുതല്‍ മതേതരവല്‍ക്കരിക്കപ്പെടുകയും മതങ്ങള്‍ അസ്തമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വര്‍ത്തമാന ലോക സാചര്യത്തില്‍, ഇത്തരം "സ്വതന്ത്ര മതവാദം" പിന്‍മടക്കമല്ലേയെന്ന സംശയം സ്വാഭാവികമാണ്. ലിംഗായത്തുകളുടെയും ഭാവിയില്‍ ഉണ്ടാകാനിടയുള്ള വിവിധ ജാതി സമൂഹങ്ങളുടെയും "സ്വതന്ത്രമതവാദം" ഒരു രാഷ്ട്രീയ മുദ്രാവാക്യമാണ്. പരമ്പരാഗതമായ അര്‍ത്ഥത്തിലുള്ള മതബോധമല്ല, മറിച്ച്, ഹിന്ദുയിസത്തിന്റെയും അതിന്റെ പ്രതിനിധാന കുത്തക ഏറ്റെടുത്തിരിക്കുന്ന ആര്‍.എസ്.എസ്സിന്റെയും ഫാസിസത്തിനെതിരായ പുതിയ തരം പ്രതിരോധമായിട്ടാണ്, ഈ സ്വതന്ത്രമതവാദത്തെ വിലയിരുത്തേണ്ടത്. ഇന്ത്യയിലെ നൂറുകണക്കിന് ജാതികൾ, നൂറുകണക്കിന് മതങ്ങളായി മാറുകയെന്നതിനര്‍ത്ഥം, ഹിന്ദുയിസം എന്ന വംശീയ തിന്മ ഭൂമുഖത്തു നിന്ന് എന്നന്നേക്കുമായി തുടച്ചു നീക്കപ്പെടുകയെന്നതാണ്. ഹിന്ദുയിസമില്ലാത്ത ഇന്ത്യയില്‍, ആര്‍.എസ്.എസ്സിന് "ഒരു ഓര്‍മ"യായി പോലും നിലനില്‍ക്കാനാവില്ല.