ലാവ്‌ലിന്‍ : പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരേ സി.ബി.ഐ അപ്പീല്‍ നല്‍കും

#

(22-11-17) : എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടി ശരിവെച്ച കേരള ഹൈക്കോടതി വിധിക്കെതിരേ സി.ബി.ഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ വേണ്ടി തയ്യാറാക്കിയ അപ്പീൽ അപേക്ഷയിൽ സി.ബി.ഐ പിണറായി വിജയനെതിരേ ശക്തമായ വാദമുഖങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എസ്.എന്‍.വി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ കോടതിയുടെ വിധി ശരിവെച്ച ഹൈക്കോടതി, കേസില്‍ കെ.എസ്.ഇ.ബി ചെയര്‍മാനും അംഗങ്ങളുമായിരുന്ന ആര്‍.ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍, കെ.ജി.രാജശേഖരന്‍ എന്നിവര്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടിരുന്നു. തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. സി.ബി.ഐ അപ്പീല്‍ നല്‍കുന്നുണ്ടെന്നും അതോടൊപ്പം പരിഗണിക്കാന്‍ വേണ്ടി ഹര്‍ജി മാറ്റി വെയ്ക്കണമെന്നും ആര്‍.ശിവദാസന്റെ അഭിഭാഷകന്‍ വാദിച്ചതനുസരിച്ച് കേസ് പിന്നീട് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിയിരിക്കുകയാണ്.

പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി വന്നത് ഓഗസ്റ്റ് 23 നാണ്. വിധി വന്ന് 90 ദിവസം തികയുന്ന ഇന്നലെയായിരുന്നു അപ്പീല്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം. കാലതാമസമുണ്ടായതിനുള്ള മാപ്പ് അപേക്ഷയോടൊപ്പമായിരിക്കും അപ്പീല്‍ സമര്‍പ്പിക്കുക. സി.ബി.ഐ അപ്പീല്‍ നല്‍കാതെ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നത് കേന്ദ്രസര്‍ക്കാറുമായി ഇടനിലക്കാര്‍ വഴി പിണറായി വിജയന്‍ നടത്തുന്ന ഒത്തുകളിയുടെ ഫലമായാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അപ്പീല്‍ സമര്‍പ്പിക്കുന്നതിന് നിയമമന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനുണ്ടായ കാലതാമസം മൂലമാണ് അപ്പീല്‍ വൈകിയതെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.