എം.എം.മണിയുടെ മുന്നണി മര്യാദ

#

(22-11-17) : മുഖ്യമന്ത്രിയുടെയും സി.പി.എം പാർട്ടി സെക്രട്ടറിയുടെയും മുന്നണിമര്യാദയെ പറ്റിയുള്ള പ്രസംഗത്തിന്റെ ചൂടാറും മുമ്പാണ് അവരുടെ പാർട്ടിയിലെ ഒരു മന്ത്രിയായ എം.എം. മണി ഇടുക്കിയിലും മൂന്നാറിലും കറങ്ങി നടന്ന് സി.പി.ഐയെയും റവന്യൂ മന്ത്രിയെയും പരസ്യമായി തെറി വിളിക്കാൻ തുടങ്ങിയത്. അശ്ലീലകരമായ അംഗവിക്ഷേപത്തോടെ അദ്ദേഹം ചെയ്ത പ്രസംഗങ്ങൾ മുന്നണി മര്യാദ മാത്രമല്ല രാഷ്ട്രീയ മര്യാദ, സാമാന്യമര്യാദ തുടങ്ങി സർവ്വവിധ മര്യാദകളും ലംഘിക്കുന്നതാണു്‌. തന്നെയുമല്ല, ദേവികുളം സബ് കളക്റ്ററെ "വട്ടൻ "എന്ന് വിളിച്ച് ആക്ഷേപിക്കുകയും അദ്ദേഹത്തെ പരസ്യമായി തെറിവിളിക്കുകയും ചെയ്തു.

മുന്നണിയിലെ ഒരു ഘടക കക്ഷിയെ സി.പി.എമ്മിന്റെ ഒരു മന്ത്രി പുലഭ്യം പറയുന്നതിലെ മര്യാദ, മുന്നണി മര്യാദ പഠിപ്പിക്കാൻ നടക്കുന്ന നേതാക്കൾ തീരുമാനിക്കട്ടെ. പക്ഷേ, സർക്കാരിന്റെ ഭാഗമായ സബ് കളക്റ്ററെ ആ സർക്കാരിനെ നയിക്കുന്ന ഒരു മന്ത്രി ചീത്തവിളിക്കുന്നതും അവഹേളിക്കുന്നതും അദ്ദേഹത്തിൻറെ ഔദ്യോഗിക കൃത്യനിർവ്വഹണത്തെ തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതും ഗുരുതരമായ ഭര ണഘടനാ ലംഘനമാണ്. “ഭീതിയോ പക്ഷഭേദമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാത്തരത്തിലുള്ള ജനങ്ങള്‍ക്കും നീതി ചെയ്യുമെന്നു” സത്യപ്രതിജ്ഞ ചെയ്ത മന്ത്രി പക്ഷഭേദവും വിദ്വേഷവും പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തതു നഗ്നമായ സത്യ പ്രതിജ്ഞാ ലംഘനമാണ്. സര്‍വ്വീസ് ചട്ടപ്രകാരം എതിര്‍ത്തു പറയാന്‍ വിലക്കുകളുള്ള ഒരുദ്യോഗസ്ഥനെ പരസ്യമായി ഇങ്ങനെ ആക്ഷേപിച്ചത് സംസ്കാരമില്ലായ്മയാണ്; മനുഷ്യാവകാശ ധ്വംസനമാണ്. ഇതിനു മുമ്പിരുന്ന ദേവികുളം സബ്കളക്റ്റര്‍ക്ക് നേരെയും ഈ മന്ത്രി ഭരണിപ്പാട്ട് നടത്തിയതാണ്. അതുകൊണ്ടും തൃപ്തനാകാതെ മുഖ്യമന്ത്രിയെ സ്വാധീനിച്ച് അദ്ദേഹത്തെ സ്ഥലം മാറ്റുകയും ചെയ്തു.

അന്ന് മണിയുടെ പൂരപ്പാട്ടിനെപ്പറ്റി നിയമസഭയില്‍ ആക്ഷേപമുയര്‍ന്നപ്പോള്‍ അത് അദ്ദേഹം ഗ്രാമീണ ശൈലിയില്‍ സംസാരിച്ചതാണ് എന്ന് ന്യായീകരിക്കുകയാണ് മുഖ്യമ ന്ത്രി പിണറായി വിജയന്‍ ചെയ്തത്. മാത്രമല്ല മണിയുടെയും ദേവികുളം എം.എല്‍.എയു ടെയും മറ്റു കയ്യേറ്റ മാഫിയയുടെയും സ്വാധീനത്തിന് വഴങ്ങി മുഖ്യമന്ത്രി, റവന്യൂമന്ത്രി അറിയാതെ യോഗം വിളിച്ചു ചേര്‍ത്ത് അവര്‍ക്കനുകൂലമായ തീരുമാനം കൈക്കൊള്ളുക യും ചെയ്തു. അങ്ങനെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം കാറ്റില്‍ പറത്തിയ മുഖ്യമന്ത്രി അറിയാതെ, വീണ്ടും തെരുവു തെമ്മാടിയെപ്പോലെ എം.എം.മണി ഇടുക്കിയിലെയും മൂന്നാറിലെയും സമ്മേളനവേദികളിലും സമരപ്പന്ത ലുകളിലും അഴിഞ്ഞാടുകയില്ല.

മന്ത്രിസഭയിലെ ഒരംഗം ഭരണഘടനയ്ക്കും നിലവിലുള്ള നിയമങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ അയാളെ നിയന്ത്രിക്കാനുള്ള ചുമതല മുഖ്യമന്ത്രിക്കുണ്ട്. മന്ത്രിയാകും മുമ്പ് കൊലവിളിപ്രസംഗം നടത്തിയതിന്റെ പേരില്‍ കുറെനാള്‍ അഴിയെണ്ണിയ ഇയാളെ മന്ത്രിയാക്കിയത് തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത വ്യക്തിയെ നിയന്ത്രിക്കുന്നതിനു പകരം, കുരങ്ങിന് ഏണി ചാരിക്കൊടുക്കുന്നത് പോലെ പ്രോത്സാഹിപ്പി ക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. എല്ലാ നിയമങ്ങളെയും ചട്ടങ്ങളെയും വെല്ലുവിളിച്ചു നടന്ന തോമസ്‌ ചാണ്ടിയെ രക്ഷപ്പെടുത്താന്‍ നോക്കി കൈ പൊള്ളിയിട്ടും പിണറായി ഒന്നും പഠിച്ചില്ല എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു സംസ്കാരശൂന്യനെ കയറൂരി വിട്ടുകൊണ്ട് ഘടക കക്ഷികളെ മര്യാദ പഠിപ്പിക്കാം എന്നാണു കോടിയേരിയും പിണറായിയും കരുതുന്നതെങ്കില്‍ ആരാണ് മര്യാദ പഠിക്കാന്‍ പോകുന്നതെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.